Connect with us

Ongoing News

പാലിക്കാനായില്ല, അണ്ണാദുരൈയുടെ വാക്കുകള്‍

Published

|

Last Updated

ചെന്നൈ: കരുണാനിധിയുടെ രാഷ്ട്രീയ ജീവിതത്തില്‍ കറുത്ത പുള്ളികള്‍ വീണത് ഡി എം കെ സ്ഥാപക നേതാവ് അണ്ണാ ദുരൈയുടെ വാക്കുകള്‍ മറന്നപ്പോള്‍. പെരിയാറും ശിഷ്യന്‍ അണ്ണാദുരൈയും അധികാര രാഷ്ട്രീയത്തിലിറങ്ങുന്നതില്‍ അഭിപ്രായ ഭിന്നതയുണ്ടായ കാലത്ത് കരുണാനിധി അണ്ണാദുരൈക്കൊപ്പമായിരുന്നു. അധികാര രാഷ്ട്രീയത്തിലേക്ക് അണ്ണാദുരൈ ചുവട് വെച്ചപ്പോള്‍ സഹചാരിയായി കരുണാനിധിയുമുണ്ടായിരുന്നു. പക്ഷേ, അണ്ണാ ദുരൈയുടെ രാഷ്ട്രീയ മൂല്യങ്ങള്‍ പിന്തുടരാന്‍ കരുണാനിധിക്ക് സാധിച്ചില്ല.

അണ്ണാ ദുരൈക്ക് മക്കളുണ്ടായിരുന്നില്ല. താന്‍ ദത്തെടുത്ത മക്കളെ രാഷ്ട്രീയത്തില്‍ നിന്ന് പരമാവധി അകറ്റി നിര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചു. പാര്‍ട്ടി കുടുംബസ്വത്താകരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഡി എം കെ അധികാരം നേടി രണ്ട് വര്‍ഷത്തിന് ശേഷം അണ്ണാദുരൈ മരിക്കുകയും പാര്‍ട്ടിയും അധികാരവും കരുണാനിധിയുടെ വഴിയേ വരികയും ചെയ്തപ്പോള്‍ സ്ഥിതിയാകെ മാറി. പാര്‍ട്ടി കുടുംബ സ്വത്തായി.

സ്റ്റാലിനും അഴഗിരിയും കനിമൊഴിയും മാത്രമല്ല, അകന്ന ബന്ധുക്കള്‍ പോലും അധികാരത്തിന്റെ ഇടനാഴികളിലും ഇരിപ്പിടങ്ങളിലുമെത്തി. പാര്‍ട്ടി നേതാക്കള്‍ അഴിമതിയിലേക്ക് നീങ്ങുന്നുവെന്ന സംശയം തന്റെ അവസാനകാലത്ത് അണ്ണാ ദുരൈക്ക് ഉണ്ടായിരുന്നു. അന്ന് അദ്ദേഹം പറഞ്ഞു: പാര്‍ട്ടി ഇത്ര പെട്ടെന്ന് അധികാരത്തിലെത്തേണ്ടിയിരുന്നില്ല. ഒടുവില്‍ കരുണാനിധിയുടെ കീഴില്‍ പാര്‍ട്ടി അഴിമതിയുടെ കേന്ദ്രമാണെന്ന ദുഷ്‌പേര് നേടി. ആ പടുകുഴിയില്‍ നിന്ന് കരകയറും മുമ്പാണ് കരുണാനിധി വിടവാങ്ങുന്നത്.

Latest