Connect with us

Editorial

വധശ്രമം എന്ന തോല്‍വി

Published

|

Last Updated

വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മദുറോക്കെതിരായ വധശ്രമം സാമ്രാജ്യത്വവിരുദ്ധരായ മുഴുവന്‍ പേരിലും ഞെട്ടലുളവാക്കിയിരിക്കുന്നു. തലനാരിഴക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. തലസ്ഥാനമായ കാരക്കസില്‍ സൈന്യത്തെ അഭിസംബോധന ചെയ്യവേ, സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ വേദി ലക്ഷ്യമാക്കി തൊടുത്ത് വിടുകയായിരുന്നു. ഉഗ്രസ്‌ഫോടനമുണ്ടായെങ്കിലും പ്രസിഡന്റ് പരുക്കില്ലാതെ രക്ഷപ്പെട്ടു. രണ്ട് ഡ്രോണുകളില്‍ ഒന്ന് സൈന്യം വെടിവെച്ചിട്ടു. മറ്റൊന്ന് ലക്ഷ്യത്തില്‍ നിന്ന് അല്‍പ്പം മാറിയത് കൊണ്ട് മാത്രമാണ് മദുറോ രക്ഷപ്പെട്ടത്. തൊട്ടടുത്തുണ്ടായിരുന്ന സൈനികന്റെ തല തകര്‍ന്ന് ചോരയൊലിക്കുന്ന ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്ത് വിട്ടിട്ടുണ്ട്. ആക്രമണത്തിന്റെ ഭീകരതയാണ് ഇത് കാണിക്കുന്നത്. കഴിഞ്ഞ ദിവസം നാഷനല്‍ ഗാര്‍ഡിന്റെ 81ാമത് വാര്‍ഷിക പരിപാടിക്കിടെ ഉണ്ടായ മറ്റൊരു ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റിരുന്നു.

എല്ലാ അന്വേഷണങ്ങളുടെയും മുനയെത്തുന്നത് കൊളംബിയയിലെയും അമേരിക്കന്‍ സംസ്ഥാനമായ ഫ്‌ളോറിഡയിലെയും ചില സംഘങ്ങളിലേക്കാണെന്ന് മദുറോ പറയുന്നു. നാഷനല്‍ മൂവ്‌മെന്റ് ഓഫ് സോള്‍ജ്യേഴ്‌സ് ഇന്‍ ടീ ഷര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതിന് പിറകേ ഏതാനും പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രസിഡന്റിനെ മാത്രമല്ല, അദ്ദേഹത്തോടൊപ്പം സ്റ്റേജില്‍ ഉണ്ടായിരുന്ന മുഴുവന്‍ സൈനിക കമാന്‍ഡര്‍മാരെയും ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന് അറ്റോര്‍ണി ജനറല്‍ താരേക് വില്യം സാബ് പറഞ്ഞു. രാജ്യം ആഭ്യന്തര യുദ്ധത്തിന്റെ വക്കിലാണെന്നും അദ്ദേഹം പറയുന്നു. വെനിസ്വേലയുടെ സുരക്ഷാ നില എത്രമാത്രം പരിതാപകരമാണെന്ന് ഈ ആക്രമണം വ്യക്തമാക്കുന്നു. പ്രസിഡന്റിന് ഇതാണ് സ്ഥിതിയെങ്കില്‍ പൗരന്‍മാരുടെ ഗതിയെന്താകും. സര്‍വത്ര അരക്ഷിതാവസ്ഥയിലേക്ക് രാജ്യം കൂപ്പുകുത്തിയിരിക്കുന്നു.

ആക്രമണം നടത്തിയവര്‍ രാജ്യത്തിനകത്ത് ഉള്ളവരാണെന്ന് തെളിഞ്ഞാലും ഇല്ലെങ്കിലും പുറത്ത് നിന്നുള്ളവര്‍ക്ക് ഇതില്‍ കൈയുണ്ടെന്ന് വ്യക്തം. അമേരിക്ക ഈ ലാറ്റിനമേരിക്കന്‍ രാജ്യത്തിന് നേരെ നടത്തുന്ന പരോക്ഷ യുദ്ധത്തിന്റെ ഭാഗമായി മാത്രമേ ഇതിനെ കാണാനാകൂ. ക്യൂബക്കും വെനിസ്വേലക്കുമെതിരെ ഇത്തരം നീക്കങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇപ്പോള്‍ അയല്‍ രാജ്യമായ കൊളംബിയയെ ഉപയോഗിച്ച് കരുക്കള്‍ നീക്കുന്നുവേന്നേ വ്യത്യാസമുള്ളൂ. കൊളംബിയയും വെനിസ്വേലയും തമ്മിലുള്ള തര്‍ക്കത്തില്‍ വിദഗ്ധമായി ഇടപെടുകയാണ് യു എസ്.

2013ല്‍ ഹ്യൂഗോ ഷാവേസിന്റെ മരണ ശേഷമാണ് അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനായ നിക്കോളാസ് മദുറോ അധികാരത്തിലേറിയത്. ഷാവേസിന്റെ മരണം സൃഷ്ടിച്ച സഹതാപ തരംഗമുണ്ടായിട്ടും 1.5 ശതമാനം വോട്ടിന്റെ വ്യത്യാസത്തില്‍ മാത്രമാണ് മദുറോ ജയിച്ചത്. ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച തിരഞ്ഞെടുപ്പിലാണ് അദ്ദേഹം രണ്ടാമൂഴം വലിയ കുഴപ്പമില്ലാതെ ജയിച്ചുകയറിയത്. ഷാവേസിന്റെ പ്രതിച്ഛായയോ രാഷ്ട്രതന്ത്രജ്ഞതയോ മദുറോക്കില്ല. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഒരു കടിഞ്ഞാണുമില്ലാതെ പണപ്പെരുപ്പം കുതിക്കുകയാണ്. കറന്‍സിയായ ബൊളിവര്‍ വെറും കടലാസായി മാറി. എണ്ണ സമ്പന്നമായ രാഷ്ട്രമായിട്ടും ഈ രാജ്യം ഇന്ന് അനുഭവിക്കുന്ന പ്രതിസന്ധിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഭരിക്കുന്നവര്‍ക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നത് വസ്തുതയാണ്. എന്നാല്‍, പ്രതിപക്ഷ പ്രക്ഷോഭത്തില്‍ ബന്ദിയാക്കപ്പെട്ട നിലയിലാണ് മദുറോ സര്‍ക്കാര്‍. ഈ പ്രക്ഷോഭങ്ങളില്‍ അമേരിക്കന്‍ കരങ്ങളുണ്ട്. അവര്‍ അടിച്ചേല്‍പ്പിച്ച ഉപരോധമാണ് സാമ്പത്തികമായി വെനിസ്വേലയെ അരക്ഷിതമാക്കിയത്.

ആഗോള രാഷ്ട്രീയത്തില്‍ വെനിസ്വേലക്ക് നിര്‍ണായക സ്ഥാനമുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ലാറ്റിനമേരിക്കന്‍ ഇടതുചേരിക്ക് ക്യൂബക്കൊപ്പം നേതൃത്വം നല്‍കിയത് ഈ ഒപെക് രാജ്യമാണ്. അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം അറ്റിട്ട് നിരവധി വര്‍ഷങ്ങളായി. അട്ടിമറിക്ക്് ശ്രമിച്ചുവെന്നാരോപിച്ച് 2008ല്‍ അന്നത്തെ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് അമേരിക്കന്‍ സ്ഥാനപതിയെ പുറത്താക്കിയ ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ആടിയുലയുക തന്നെയായിരുന്നു. അമേരിക്കയുടെ കടുത്ത വിമര്‍ശകനായ ഹ്യൂഗോ ഷാവേസ് വെനിസ്വേലന്‍ രാഷ്ട്രീയത്തിന്റെ അന്തര്‍ധാരയായി അമേരിക്കന്‍ വിരുദ്ധതയെ പ്രതിഷ്ഠിച്ചു. ജോര്‍ജ് ഡബ്ല്യൂ ബുഷ് സംസാരിച്ച് കഴിഞ്ഞ ശേഷം യു എന്‍ പൊതുസഭയില്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റ ഷാവേസ് തുടങ്ങിയത് ഇങ്ങനെയായിരുന്നു: “ഇവിടെ വെടി മരുന്നിന്റെ മണം അവസാനിച്ചിട്ടില്ല. കൊലയാളി നിന്നിടത്ത് നിന്ന് മറ്റൊരു ഗന്ധം ഉണ്ടാകാനിടയില്ലല്ലോ”. ഇറാനുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദവും ക്യൂബയുമായുള്ള കൂട്ടുകെട്ടും ബൊളീവേറിയന്‍ സഖ്യത്തിനുള്ള നേതൃ സ്ഥാനവും എല്ലാം ഷാവേസിനെ സംബന്ധിച്ചിടത്തോളം സാമ്രാജ്യത്വ വിരുദ്ധതയുടെ പ്രഖ്യാപനങ്ങളായിരുന്നു. ഇസ്‌റാഈലിനോടും അദ്ദേഹം എക്കാലവും കലഹിച്ചു.

എണ്ണ സമ്പത്തിന്റെ ദേശസാത്കരണമടക്കമുള്ള പരിഷ്‌കാരങ്ങള്‍ ഷാവേസിനെ വന്‍കിട കുത്തക കമ്പനികളുടെയും അതുവഴി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും ഒന്നാം നമ്പര്‍ ശത്രുവാക്കി മാറ്റി.
ഷാവേസിന്റെ പിന്‍ഗാമിയായ നിക്കോളാസ് മദുറോയെ അവസാനിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ശക്തികള്‍ സത്യത്തില്‍ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിക്കുന്നത് ലോകത്തിനാകെ ബദല്‍ പ്രതീക്ഷ നല്‍കിയ രാഷ്ട്രീയ നിലപാടുകളെയാണ്. ക്യൂബയുടെ ഫിഡല്‍ കാസ്‌ട്രോക്കെതിരെ നടന്ന വധശ്രമങ്ങള്‍ അമേരിക്കക്ക് സര്‍വകാല നാണക്കേടായി ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ടല്ലോ.

Latest