രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ ഗുരുതര സുരക്ഷാ വീഴ്ച; വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ന്നു

Posted on: August 6, 2018 6:04 pm | Last updated: August 6, 2018 at 6:04 pm
SHARE

തിരുവനന്തപുരം: തലസ്ഥാനത്ത് പോലീസിന്റെ വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളം സന്ദര്‍ശിക്കുന്ന ദിവസമാണ് പോലീസിന്റെ സന്ദേശങ്ങള്‍ ചോര്‍ന്നതായി അറിഞ്ഞത്. വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ന്നത്് സുരക്ഷാ വീഴ്ചയായാണ് കേന്ദ്ര ഏജന്‍സികള്‍ വിലയിരുത്തുന്നത്. കരമനയിലെ കൈമനത്തുളള ഓഫ്‌റോഡ് എന്ന സ്ഥാപനത്തില്‍ നിന്ന് വയര്‍ലസ് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. കേന്ദ്ര സര്‍ക്കാറിന്റെ മോണിറ്ററിംഗ് സെല്‍ വിഭാഗമാണ് സന്ദേശങ്ങള്‍ ചോര്‍ന്നെന്ന് കണ്ടെത്തിയത്.

കാര്‍ റേസുകളും ബൈക്ക് റേസുകളും സംഘടിപ്പിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് വയര്‍ലസ് ഉപകരണങ്ങള്‍ പിടിച്ചെടുത്തത്. തായ്‌ലാന്‍ഡില്‍ നിന്ന് കൊണ്ടു വന്ന ഉപകരണങ്ങള്‍ സ്ഥാപനം നടത്തുന്ന റേസുകള്‍ക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
ഇലക്ട്രോണിക് സാധനങ്ങളും ഈ കടയില്‍ വില്‍പ്പനക്കുണ്ട്. അതേസമയം, പോലീസ് വയര്‍ലസില്‍ കൈമാറുന്ന സന്ദേശങ്ങള്‍ എങ്ങനെ ഈ വയര്‍ലസ് പിടിച്ചെടുത്തുവെന്ന് വ്യക്തമല്ല. വയര്‍ലസ് സന്ദേശം പിടിച്ചെടുത്തുവെന്ന് ആരോപിക്കപ്പെടുന്ന സ്ഥാപനത്തിനെതിരെ കേസെടുത്തിട്ടുണ്ട്. രണ്ട്് വയര്‍ലസ് സെറ്റുകള്‍ കടയില്‍ നിന്ന് കണ്ടെടുത്തു.

അതേസമയം, സന്ദേശങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നു സ്ഥാപനത്തില്‍ പരിശോധന നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കടയുടമകള്‍ പോലീസ് വയര്‍ലസിന്റെ ഫ്രീക്വന്‍സിയിലല്ല വയര്‍ലസ് ഉപയോഗിച്ചതെന്ന് പോലീസ് സംഘം വിശദീകരിച്ചു. ഏഴ് മാസമായി ഇവര്‍ വയര്‍ലസ് ഉപയോഗിക്കുന്നുണ്ടെന്നും ഇത് സ്വകാര്യ ആവശ്യങ്ങള്‍ക്കാണെന്നും സംഘം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here