ഫുട്‌ബോള്‍ ചരിത്രം പിറന്നു: അണ്ടര്‍ 20യിലും അണ്ടര്‍ 16നിലും ഇന്ത്യക്ക് മിന്നും ജയം

Posted on: August 6, 2018 12:00 pm | Last updated: August 6, 2018 at 6:25 pm
SHARE

മാഡ്രിഡ്: ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ പുതിയൊരു യുഗം തുറക്കുന്ന ചരിത്ര ദിനമാണിന്ന്. ലോക ഫുട്‌ബോളില്‍ സാന്നിധ്യമറിയിക്കാന്‍ തീവ്ര ശ്രമം തുടങ്ങിയ രാജ്യത്തെ ഫുട്‌ബോള്‍ മേഖലക്ക് ആത്മവിശ്വാസം പകര്‍ന്നുകൊണ്ട് ഇന്ത്യയുടെ അണ്ടര്‍ 20 ടീം അര്‍ജന്റീനയേയും അണ്ടര്‍ 16 ടീം ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഇറാഖിനേയും അട്ടിമറിച്ചു.

സ്‌പെയിനില്‍ നടക്കുന്ന അണ്ടര്‍ 20 കോട്ടിഫ് കപ്പില്‍ അര്‍ജന്റീനക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ വിജയം നേടിയത്. ആറ് തവണ ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയെയാണ് ഇന്ത്യ അട്ടിമറിച്ചതെന്നത് ഇന്ത്യയുടെ വിജയത്തിന് മാറ്റ് കൂട്ടുന്നു. ജോര്‍ദാനിലെ അമ്മാനില്‍ നടന്ന വാഫ് അണ്ടര്‍ 16 ടൂര്‍ണമെന്റില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ ഇറാഖിനെ പരാജയപ്പെടുത്തിയത്. അവസാന മിനുട്ടില്‍ ഭുവനേശ്വറാണ് ഇന്ത്യക്കായി വല ചലിപ്പിച്ചത്.