ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം: നിലപാടില്‍ അയവ് വരുത്താതെ കര്‍ണാടക

Posted on: August 6, 2018 9:54 am | Last updated: August 6, 2018 at 10:29 am
SHARE

ബെംഗളൂരു: ബന്ദിപ്പൂര്‍ വന്യജീവിസങ്കേതം വഴിയുള്ള ദേശീയപാതയിലെ രാത്രിയാത്രാ നിരോധനത്തില്‍ കര്‍ക്കശ നിലപാടുമായി കര്‍ണാടക സര്‍ക്കാര്‍. രാത്രിയാത്രക്ക് സഹായകമാകുന്ന വിധത്തില്‍ വനമേഖലയില്‍ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാനുള്ള കേന്ദ്ര നിര്‍ദേശം അപ്രായോഗികമാണെന്നാണ് കര്‍ണാടക സര്‍ക്കാറിന്റെ നിലപാട്. രാത്രിയാത്രാ നിരോധനം നീക്കാനുള്ള നിര്‍ദേശത്തില്‍ ചര്‍ച്ചക്ക് തയ്യാറായ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പ് ശക്തമായതോടെയാണ് നിലപാട് കര്‍ക്കശമാക്കിയത്. സര്‍ക്കാര്‍ നിലപാട് കേന്ദ്രത്തെ അറിയിക്കുമെന്ന് കുമാരസ്വാമി പറഞ്ഞു.
രാത്രിയാത്രക്ക് സമാന്തര പാത ഉപയോഗിക്കണമെന്നുമുള്ള പഴയ നിലപാടിലാണ് സര്‍ക്കാര്‍. കുട്ട- ഗോണികുപ്പ- മാനന്തവാടി റോഡ് വഴിയാണ് ബദല്‍പാത നിശ്ചയിച്ചിട്ടുള്ളത്. കര്‍ണാടക മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രി എച്ച് ഡി രേവണ്ണയും പങ്കെടുത്ത യോഗത്തിലാണ് കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി എലവേറ്റഡ് ഹൈവേ ഉള്‍പ്പെടെയുള്ള വിശദമായ പദ്ധതി സംബന്ധിച്ച നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. പുതിയ നിര്‍ദേശത്തില്‍ നിലപാട് അറിയിക്കാന്‍ ഉപരിതല ഗതാഗത മന്ത്രാലയം കര്‍ണാടക ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. കന്നഡ സംഘടനകളും സംസ്ഥാനത്തെ പരിസ്ഥിതി പ്രവര്‍ത്തകരും മുഖ്യമന്ത്രിയെ കണ്ട് നിരോധനം പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

കൂടുതല്‍ വനമേഖലകള്‍ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാത്രി യാത്രക്ക് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് നേരത്തെ കര്‍ണാടക വനം വകുപ്പ് വ്യക്തമാക്കിയിരുന്നു. നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും തുടര്‍നടപടിയുണ്ടായില്ല. ഇതേ ആവശ്യമുന്നയിച്ച് 2010ലും 2015ലും കര്‍ണാടക സര്‍ക്കാറുമായി കേരളം ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും അനുകൂല നടപടിയുണ്ടായിരുന്നില്ല.
രാത്രിയാത്രാ നിരോധനം സംബന്ധിച്ച് മൂന്ന് നിര്‍ദേശങ്ങളാണ് അന്ന് കേരളം മുന്നോട്ടുവെച്ചിരുന്നത്. രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയുള്ള യാത്രാ നിരോധനം രാത്രി പത്ത് മുതല്‍ രാവിലെ അഞ്ച് വരെയാക്കി കുറക്കുക, കോണ്‍വോയ് അടിസ്ഥാനത്തില്‍ ആറ് ഗ്രൂപ്പുകളായി വാഹനങ്ങളെ കടത്തിവിടുക, രാത്രി സര്‍വീസ് നടത്തുന്ന ബസുകളുടെ എണ്ണം വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കേരളം മുന്നോട്ടുവെച്ചത്. നിലവില്‍ രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയാണ് ബന്ദിപ്പൂര്‍ വഴിയുള്ള യാത്രാ നിരോധനം. കോണ്‍വോയ് അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തിവിടുന്നതിന് ജീവനക്കാരില്ലെന്നാണ് വനം വകുപ്പ് അറിയിച്ചത്.

2015ല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ ബദല്‍പാതയെന്ന നിര്‍ദേശം അംഗീകരിച്ച സാഹചര്യത്തില്‍ നിരോധനം നീക്കണമെന്ന ആവശ്യത്തിന് പ്രസക്തിയില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രശ്‌നത്തില്‍ ഇരു സംസ്ഥാനങ്ങളും ചര്‍ച്ച നടത്തി പ്രായോഗിക പരിഹാരം കാണണമെന്നും ഇക്കാര്യം അറിയിക്കണമെന്നും സുപ്രീം കോടതി നേരത്തെ അറിയിച്ചിരുന്നു. ഇതിനായി വിദഗ്ധ സമിതി രൂപവത്കരിച്ചുവെന്നല്ലാതെ ചര്‍ച്ചകളൊന്നും നടന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here