Connect with us

Idukki

കമ്പകക്കാനം കൂട്ടക്കൊല; രണ്ടു പേര്‍ കസ്റ്റഡിയില്‍

Published

|

Last Updated

തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയ കേസില്‍ രണ്ടുപേരെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. തൊടുപുഴ, അടിമാലി സ്വദേശികളാണ് പിടിയിലായവര്‍. ഒരാള്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഇവരില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് വിവരം. ഐജി വിജയ സാക്കറെ അന്വേഷണത്തിനായി എത്തിയിട്ടുണ്ട്. നേരത്തെ കസ്റ്റഡിയില്‍ എടുത്ത നാലുപേരെ ഇന്നലെ വിട്ടയച്ചു. ബാക്കിയുളള പ്രതികളെ കൂടി ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണ് അറിവ്. തമിഴ്‌നാട്ടിലെ ചിലരുമായി നടത്തിയ മന്ത്രവാദ ഇടപാടുകളാണ് കൊലയിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു.

അത്ഭുത സിദ്ധിയുണ്ടെന്ന് പ്രചരിപ്പിക്കപ്പെടുന്ന റൈസ് പുളളര്‍ ഇടപാടിനായി കൊല്ലപ്പെട്ട കൃഷണന്‍ ആണ്ടിപ്പെട്ടിയില്‍ എത്തിയിരുന്നതായി സംശയിക്കുന്നു. വണ്ണപ്പുറം മുണ്ടന്‍മുടി കാനാട്ടുവീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ പോലീസ് സംഘം എത്തിയിട്ടുണ്ട്. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള പ്രഫഷനല്‍ കൊലയാളികളായ പ്രതികള്‍ ആന്ധ്രപ്രദേശിലേക്കു കടന്നെന്ന വിവരത്തെ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലെയും പോലിസിനെ ഉള്‍പ്പെടുത്തിയാണ് തെരച്ചില്‍.

ആദ്യം കസ്റ്റഡിയില്‍ എടുത്തവരില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളാണ് കൊലയാളികളിലേക്ക് എത്തിപ്പെടാന്‍ അന്വേഷണസംഘത്തിനു സഹായകരമായത്. ഇതിനിടെ നെടുങ്കണ്ടം മേഖലയില്‍ നിന്ന് ആദ്യം കസ്റ്റഡിയിലെടുത്തയാളെ ഇന്നലെ പോലിസ് നേരിട്ട് വീട്ടിലെത്തിച്ചു. മരണശേഷവും ഇയാളുടെ ഫോണില്‍ നിന്ന് കൃഷ്ണന്റെ ഫോണിലേക്ക് കോള്‍ എത്തിയിരുന്നു. എന്നാല്‍ മന്ത്രവാദത്തിനു കൃഷ്ണനെ സമീപിച്ചിരുന്നു എന്നതിലപ്പുറം കൂടുതല്‍ വിവരങ്ങളൊന്നും ഇയാളില്‍ നിന്ന് ലഭിക്കാതെ വന്നതോടെ പോലിസ് മടക്കി അയക്കുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത ഒരാളുടെ ഫോണ്‍കോളിലെ കോടികളുടെ ഇടപാടുകള്‍ സംബന്ധിച്ച പരാമര്‍ശം കൊലപാതകത്തിനു പിന്നിലുള്ളവരിലേക്ക് എത്തിപ്പെടാന്‍ സഹായിക്കുമോ എന്നും പോലിസ് പരിശോധിച്ചുവരികയാണ്. കൊല നടത്തിയവരെ കുറിച്ചു കൃത്യമായ വിവരങ്ങള്‍ ലഭിച്ചപ്പോഴും ഗൂഢാലോചന നടത്തിയവരെ കണ്ടെത്തുന്നതിലുള്ള കാലതാമസം പോലിസിനെ കുഴക്കുന്നു. അതുകൊണ്ടുതന്നെ പലരെയും കസ്റ്റഡിയിലെടുക്കുന്നുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്താന്‍ സാധിക്കുന്നില്ല. കേരളത്തെ തന്നെ നടുക്കിയ കൂട്ടക്കൊലയില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നത് പഴുതുകള്‍ അടച്ചാവണമെന്ന നിര്‍ബന്ധത്തിലാണ് പോലിസ്.

തമിഴ്നാട്ടില്‍ നിന്നു നിധി ശേഖരം കണ്ടെത്തി നല്‍കാമെന്നു പറഞ്ഞ് കൃഷ്ണന്‍ തിരുവനന്തപുരം സ്വദേശിയില്‍നിന്നു പണം വാങ്ങിയതായി പോലിസിനു വിവരം ലഭിച്ചിരുന്നു. മൃതദേഹങ്ങള്‍ കണ്ടെത്തിയതിന്റെ തലേന്ന് ആഡംബര വാഹനം ചീറിപ്പാഞ്ഞു പോയെന്ന നാട്ടുകാരന്റെ മൊഴിയെ തുടര്‍ന്ന് പോലിസ് മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.

ആദ്യം കസ്റ്റഡിയില്‍ എടുത്ത നാലുപേരുടെയും വിരലടയാളങ്ങള്‍ കൊല്ലപ്പെട്ടവരുടെ വീട്ടില്‍ നിന്ന് ലഭിച്ച ഫിംഗര്‍ പ്രിന്റുമായി യോജിക്കുന്നില്ലെന്നു കണ്ടതിനെ തുടര്‍ന്നാണ് വിട്ടയച്ചത്. എപ്പോള്‍ വിളിച്ചാലും എത്തണമെന്ന് അടക്കമുള്ള നിബന്ധനകളാണ് അന്വേഷണസംഘം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് പിടിയിലായ അടൂര്‍ മൂന്നാം സായുധ ബറ്റാലിയനിലെ അസിസ്റ്റന്റ് കമാന്‍ഡറായിരുന്ന പേരൂര്‍ക്കട സ്വദേശി രാജശേഖരന്‍, കല്ലറ സ്വദേശി ഷിബു, തച്ചോണം സ്വദേശി അര്‍ഷാദ്, നെടുങ്കണ്ടം സ്വദേശി എന്നിവരെയാണ് വിട്ടയച്ചത്.

---- facebook comment plugin here -----

Latest