ബാലറ്റ് പേപ്പറിലേക്ക് മടങ്ങുമോ ഇന്ത്യ?

Posted on: August 4, 2018 9:42 am | Last updated: August 4, 2018 at 9:42 am
SHARE

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിംഗ്് യന്ത്രം (ഇ വി എം) ഒഴിവാക്കി പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. രാജ്യത്തെ 17 പ്രതിപക്ഷപാര്‍ട്ടികള്‍ ഈ ആവശ്യമുന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ബി എസ് പി, എന്‍ സി പി, ആര്‍ ജെ ഡി, എ എ പി, വൈ എസ് ആര്‍, ഡി എം കെ, ജെ ഡി എസ്, ടി ഡി പി, സി പി എം, സി പി ഐ തുടങ്ങിയ കക്ഷികളാണ് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ടതായി അറിയിച്ച് കമ്മീഷനെ സമീപിക്കുന്നത്. മമതാ ബാനര്‍ജിയുടെ മുന്‍കൈയാല്‍ നടന്ന ചര്‍ച്ചകളിലാണ് ഈ വിഷയത്തില്‍ പ്രതിപക്ഷനിര രൂപപ്പെടുത്താനായത്. തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ നീക്കം.

വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാണിക്കാന്‍ കഴിയുമെന്ന ആരോപണം വിവിധ കോണുകളില്‍ നിന്ന് നേരത്തെ ഉയര്‍ന്നതാണ്. കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുന്നതിനു മുമ്പ് ബി ജെ പി തന്നെ വോട്ടിംഗ് യന്ത്രത്തിനെതിരെ ശക്തമായി രംഗത്തുവരികയും ഇ വി എമ്മില്‍ കൃത്രിമം കാട്ടാമെന്ന് തെളിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന യു പി നിയമസഭാ തിരഞ്ഞെടുപ്പില്‍ പി ജെ പി അട്ടിമറി വിജയം നേടിയതിന് പിന്നാലെ ബി എസ് പി നേതാവ് മായാവതി വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയില്‍ സന്ദേഹം പ്രകടിപ്പിച്ചതോടെയാണ് ദേശീയ രാഷ്ട്രീയത്തില്‍ ഇത് വീണ്ടും സജീവ ചര്‍ച്ചയായത്. പിന്നീട് പല കക്ഷികളും അവരെ പിന്തുണച്ചു രംഗത്തുവന്നു. കഴിഞ്ഞ നവംബറില്‍ നടന്ന യു പി തദ്ദേശ തിരഞ്ഞെടുപ്പിലും വോട്ടിഗ്് യന്ത്രത്തില്‍ രേഖപ്പെടുത്തുന്ന വോട്ടെല്ലാം ബി ജെ പിക്കു മാത്രമാണ് പോകുന്നതെന്ന ആരോപണം ഉയര്‍ന്നു. അന്ന് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച മണ്ഡലങ്ങളില്‍ ബി ജെ പിയുടെ വോട്ടുകള്‍ ഗണ്യമായി കുറഞ്ഞത് ഈ ആരോപണം ബലപ്പെടുത്തുകയുമുണ്ടായി. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്ന് വിവിധ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നിര്‍ത്തിവെക്കുകയും ഏത് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്താലും ബി ജെ പിക്ക് പോകുന്ന മെഷീനിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

15 വര്‍ഷം മുമ്പാണ് ഇന്ത്യ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള വോട്ടിംഗില്‍ നിന്ന് ഇ വി എം സിസ്റ്റത്തിലേക്ക് മാറിത്തുടങ്ങിയത്. കൊണ്ടുനടക്കാനും വോട്ടെണ്ണാനും എളുപ്പമാണെന്നതിനാല്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്ന് അക്കാലത്ത് ഇതിന് വന്‍ സ്വീകാര്യത ലഭിക്കുകയും ചെയ്തു. എന്നാല്‍ സുരക്ഷിതമല്ല ഈ സംവിധാനമെന്നും ടെക്‌നീഷ്യന്മാര്‍ക്ക് ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്നും അന്നേ പല വിദഗ്ധരും ചൂണ്ടിക്കാണിച്ചിരുന്നു. മാത്രമല്ല ഇന്ത്യക്ക് മുമ്പേ ഈ സംവിധാനമേര്‍പ്പെടുത്തിയ ജര്‍മ്മനി, ഇറ്റലി, നെതര്‍ലാന്‍ഡ്്, അയര്‍ലെന്‍ഡ്, വെനസ്വേല, മാസിഡോണിയ, ഉക്രൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ സുതാര്യമല്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ പിന്നീട് ഇത് ഉപേക്ഷിച്ചതുമാണ്. ഇവി എന്നിന്റെ വിശ്വാസ്യതയെക്കുറിച്ച് മൂന്ന് വര്‍ഷം നീണ്ട പഠനം നടത്തിയശേഷമാണ് അയര്‍ലാന്‍ഡ് ഇത് നിരോധിച്ചത്. സുതാര്യമല്ലെന്നതിനാല്‍ ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ഇ വി എന്‍ ഉപയോഗിക്കുന്നില്ല. യു എസിലെ കാലിഫോര്‍ണിയ പോലുള്ള സംസ്ഥാനങ്ങളില്‍ പേപ്പര്‍ ട്രെയില്‍ ഇല്ലാതെ ഇ വി എം ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. വോട്ടിംഗ് യന്ത്രത്തിന്റെ നിര്‍മാതാക്കളായ മൈക്രോചിപ്പ് ഇങ്ക്(യു എസ് എ) കമ്പനി തന്നെ നൂറ് ശതമാനവും ഇത് സുരക്ഷിതമല്ലെന്നും ക്രമക്കേട് നടത്താന്‍ സാധിക്കുമെന്നും യു എസ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാംങ്മൂലത്തില്‍ തുറന്നു സമ്മതിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വോട്ടിംഗ് യന്ത്രങ്ങള്‍ തീര്‍ത്തും കുറ്റമറ്റതാണെന്നും കൃത്രിമം നടത്താന്‍ സാധ്യതയില്ലാത്തതുമാണെന്നാണ് ഇലക്ഷന്‍ കമ്മീഷന്റെ വാദം. മറിച്ചുള്ള വാദങ്ങളും പരാതികളും കമ്മീഷന്‍ തള്ളിക്കളയുന്നു. എന്നാല്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് ജനാധിപത്യത്തിന്റെ അടിത്തറയെന്ന കാര്യം കമ്മീഷന്‍ ഉള്‍പ്പെടെ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ വിസ്മരിക്കരുത്. തിരഞ്ഞെടുപ്പ് സുതാര്യവും കുറ്റമറ്റതുമാകുമ്പോഴാണ് ജനാധിപത്യം പൂര്‍ണമാകുന്നത്. സര്‍ക്കാറും കമ്മീഷനും സുതാര്യത അവകാശപ്പെട്ടാല്‍ പോര; സമ്മതിദായകര്‍ക്ക് അത് ബോധ്യപ്പെടുകയും വേണം. പല തിരഞ്ഞെടുപ്പുകളിലും ഏത് സ്ഥാനാര്‍ഥിക്ക് ചെയ്യുന്ന വോട്ടും ഒരു പ്രത്യേക കക്ഷിയുടെ സ്ഥാനാര്‍ഥിക്ക് വീഴുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്തെ നല്ലൊരു വിഭാഗം പൗരമാര്‍ക്കും ഈ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ യു പി, ഗുജറാത്ത് തിരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പറാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് വിശ്വസിക്കുന്നവരാണ് ജനങ്ങളില്‍ ഗണ്യമായൊരു വിഭാഗവും. വിശ്വാസം നഷ്ടപ്പെട്ട ഒരു തിരഞ്ഞെടുപ്പ് സംവിധാനം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് നീതിയല്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ വോട്ടിംഗ് യന്ത്രങ്ങള്‍ നടപ്പാക്കിയ ഒട്ടേറെ രാജ്യങ്ങള്‍ ബാലറ്റ് പേപ്പറിലേക്ക് മടങ്ങിപ്പോയത്. നമ്മുടെ ഭരണാധികാരികള്‍ക്കും ഉണ്ടാകുമോ ഈ നീതിബോധം?

LEAVE A REPLY

Please enter your comment!
Please enter your name here