കേന്ദ്രം വാക്ക് മാറ്റി; കേരളത്തിന് എയിംസ് ഇല്ല

Posted on: August 4, 2018 9:35 am | Last updated: August 4, 2018 at 10:57 am
SHARE

ന്യൂഡല്‍ഹി: കേരളത്തിന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) അനുവദിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യ മന്ത്രി ജെ പി നദ്ദ ലോക്‌സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. ശശി തരൂര്‍ എം പിയുടെ ചോദ്യത്തിന് മറുപടിയായാണ് നദ്ദ ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്ത് അനുവദിച്ച എയിംസിനെക്കുറിച്ചുള്ള ചോദ്യമാണ് ശശി തരൂര്‍ ചോദിച്ചത്. എന്നാല്‍, കേരളത്തിന് ഒരിക്കലും എയിംസ് അനുവദിച്ചിട്ടില്ലെന്ന മറുപടിയാണ് കേന്ദ്ര ആരോഗ്യമന്ത്രി നല്‍കിയത്.

എയിംസിന്റെ കാര്യത്തില്‍ യാതൊരു നിര്‍ദേശമോ ഉറപ്പോ രേഖാമൂലം നല്‍കിയിട്ടില്ലെന്ന് മന്ത്രി രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. എയിംസിന്റെ കാര്യത്തില്‍ മുന്‍ നിലപാടില്‍ നിന്ന് വ്യത്യസ്തമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടി.
ജൂണില്‍ സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ശൈലജയുമായി

നടത്തിയ കൂടിക്കാഴ്ചയിലും ആരോഗ്യ മന്ത്രി ജെ പി നദ്ദ എയിംസിനെ സംബന്ധിച്ച് ഉറപ്പ് നല്‍കിയിരുന്നു. എയിംസിനായി കിനാലൂരില്‍ ഇരുനൂറ് ഏക്കര്‍ സ്ഥലം കണ്ടെത്തിയത് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് മോദി സര്‍ക്കാറിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് എയിംസ് നല്‍കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയിരുന്നതാണ്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലും എയിംസിനെ സംബന്ധിച്ച് ഉറപ്പ് നല്‍കിയിരുന്നതാണ്.
കഞ്ചിക്കോട് കോച്ച് ഫാക്ടറി നഷ്ടപ്പെട്ടതിന് പിന്നാലെ എയിംസ് കൂടി ഇല്ലാതാകുന്നത് സംസ്ഥാനത്തോടുള്ള കടുത്ത അവഗണനയുടെ തെളിവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.