കീഴാറ്റൂരിന് വീണ്ടും സമിതി

Posted on: August 4, 2018 9:16 am | Last updated: August 4, 2018 at 10:56 am
SHARE

ന്യൂഡല്‍ഹി: കീഴാറ്റൂര്‍ ബൈപ്പാസ് പ്രശ്‌നത്തില്‍ നേരിട്ട് ഇടപെട്ട് വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന് വയല്‍ക്കിളികള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ ഉറപ്പ്. തൊട്ടുപിന്നാലെ ഫെഡറലിസത്തെ തകര്‍ക്കുന്ന നടപടിയെന്ന് വിമര്‍ശിച്ച് കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തി. കേരളത്തില്‍ നിന്നുള്ള ബി ജെ പി നേതാക്കളുടെ നേതൃത്വത്തിലാണ് വയല്‍ക്കിളി സമര സമിതി നേതാക്കള്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയത്.

കീഴാറ്റൂര്‍ ബൈപ്പാസ് പ്രശ്‌നത്തില്‍ പരിഹാരം കണ്ടെത്താന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് ഗാഡ്കരി വയല്‍ക്കിളികള്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തു. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ബി ജെ പി എം പിമാരും നേതാക്കളും വയല്‍ക്കിളി നേതാക്കളുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
സമരക്കാരുടെ ആശങ്ക പരിഹരിക്കാതെ ബൈപ്പാസ് നിര്‍മാണവുമായി മുന്നോട്ട് പോകില്ലെന്ന് ഉറപ്പ് നല്‍കിയ ഗാഡ്കരി, വയല്‍ക്കിളികള്‍ മുന്നോട്ടുവെച്ച ബദല്‍ സാധ്യത പരിശോധിക്കുന്നതിന് വിദഗ്ധ സംഘത്തെ കീഴാറ്റൂരിലേക്ക് അയക്കാനും തീരുമാനിച്ചു. വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂ. എന്നാല്‍, തളിപ്പറമ്പില്‍ നിന്ന് മേല്‍പ്പാലം പണിയണമെന്ന ബദല്‍ നിര്‍ദേശം മന്ത്രി തള്ളി. ഈ മേഖലയില്‍ റോഡിന് ആവശ്യമായ വീതിയില്ലാത്ത സാഹചര്യത്തിലാണ് ഈ നിര്‍ദേശം തള്ളിയത്. തുരുത്തി വേലാപുരം വിഷയവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഈ മേഖലയിലെ റോഡ് വികസനത്തില്‍ 27 പട്ടിക ജാതി കുടുംബങ്ങള്‍ കുടിയിറക്കപ്പെടുന്നതിനെതിരെ സമരം ശക്തമായിട്ടുണ്ട്. കൊയിലാണ്ടി നന്തി- ചെങ്ങോട്ടുകാവ് ദേശീയപാതാ വികസനവും ചര്‍ച്ചയില്‍ വിഷയമായി. എം പിമാരായ വി മുരളീധരന്‍, റിച്ചാര്‍ഡ് ഹേ, ബി ജെ പി നേതാക്കളായ പി കെ കൃഷ്ണദാസ്, ബി ജെ പി കണ്ണൂര്‍ ജില്ലാ സെക്രട്ടറി സത്യരാജ്, കെ രഞ്ജിത്, സമര സമിതി നേതാക്കളായ സുരേഷ് കീഴാറ്റൂര്‍, നമ്പ്രത്ത് ജാനകി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

അതേസമയം കേന്ദ്ര മന്ത്രി നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാറിന്റെ പ്രതിനിധികള്‍ക്ക് ക്ഷണമില്ലാത്തതും ഇക്കാര്യത്തില്‍ കേന്ദ്രം നേരിട്ട് ഇടപെടുന്നതിനെയും വിമര്‍ശിച്ച് മുഖ്യമന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് ബി ജെ പിയും കേന്ദ്ര സര്‍ക്കാറും വിഷയത്തില്‍ ഇടപെട്ടതെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബി ജെ പി കിളികളെ പിടിക്കാനുള്ള ശ്രമത്തിലാണ്. ബൈപ്പാസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസ്ഥാനവുമായാണ് ചര്‍ച്ച ചെയ്യേണ്ടത്. സമര സമിതിക്കാരെ വിളിച്ച് ചര്‍ച്ച നടത്തുന്നത് ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന രീതിയാണ്. കേരളത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറാണ് ഭരണം നടത്തുന്നത്. അല്ലാതെ രാഷ്ട്രപതി ഭരണമല്ല. കീഴാറ്റൂര്‍ പാതയുടെ അലൈന്‍മെന്റ് തീരുമാനിച്ചത് കേന്ദ്ര സര്‍ക്കാറാണ്. സംസ്ഥാനത്തിന്റെ പ്രതിനിധികളില്ലാതെ വിഷയം സമരക്കാരുമായി ചര്‍ച്ച ചെയ്തത് വോട്ട് മുന്നില്‍കണ്ടാണെന്നും കോടിയേരി കുറ്റപ്പെടുത്തി.