Connect with us

Kerala

കൊക്കെയ്‌നുമായി നൈജീരിയന്‍ പൗരന്‍ കണ്ണൂരില്‍ പിടിയില്‍

Published

|

Last Updated

കണ്ണൂര്‍: മയക്കുമരുന്നായ കൊക്കെയ്‌നുമായി നൈജീരിയന്‍ പൗരന്‍ കണ്ണൂര്‍ പോലീസിന്റെ പിടിയിലായി. കണ്ണൂര്‍ സിഐ. ടികെ രത്‌നകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ നടത്തിയ തിരച്ചിലിലാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനു സമീപത്തെ കുറ്റിക്കാട്ടില്‍നിന്നും ഇയാളെ പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് നഗരത്തിലെ മുഴുവന്‍ ലോഡ്ജുകളും പരിശോധിച്ചെങ്കിലും ആളെ കണ്ടെത്താത്തതിനാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം തുടരുകയായിരുന്നു. സൈബല്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുനിന്നും നൈജീരിയയിലേക്ക് ഫോണ്‍ കോളുകള്‍ പോയതായി കണ്ടെത്തി. തുടര്‍ന്ന് എസ്‌ഐ ശ്രീജിത്തിന്റെ നേത്യത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ കൈവശമുണ്ടായിരുന്നത് കൊക്കെയ്‌നാണെന്ന് സ്ഥിരീകരിച്ചു. കണ്ണൂര്‍ ഡിവൈഎസ്പി സദാനന്ദന്‍ നടത്തിയ ചോദ്യം ചെയ്യലില്‍ തന്റെ മൂത്ത സഹോദരനുമായി ചേര്‍ന്ന് ഖത്തറില്‍ ബിസിനസ് നടത്തുന്ന മലയാളി വിളിച്ചിട്ടാണ് താന്‍ ഇവിടെയെത്തിയതെന്ന് നൈജീരിയന്‍ പൗരന്‍ പറഞ്ഞു. എന്നാല്‍ മലയാളിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ ഇത് വ്യാജമാണെന്ന് തെളിഞ്ഞു. യാതൊരുവിധ യാത്രാ രേഖകളുമില്ലാതെയാണ് നൈജീരിയന്‍ പൗരന്‍ ഇവിടെയെത്തിയിരിക്കുന്നത്.