ഒടുവില്‍ ശ്രീധരന്‍ പിള്ള

കുമ്മനത്തെ മിസോറാം രാജ്ഭവനില്‍ അവരോധിക്കുമ്പോള്‍ മോദിയോ അമിത്ഷായോ മനസ്സില്‍ പോലും കണ്ടിരിക്കില്ല ശ്രീധരന്‍ പിള്ളയുടെ പേര്. പിന്നെ എങ്ങനെ വന്നു ഈ നിയമനം? അവിടെയാണ് സംസ്ഥാന ബി ജെ പിയിലെ വിഭാഗീയതയെ വായിക്കേണ്ടത്. അത്രമേല്‍ ആഴമുണ്ട് ഈ ഭിന്നതക്ക്. ബാഹ്യമായ ഏറ്റുമുട്ടലുകളില്ല, വിഭാഗീയമായി പരസ്യപ്രതികരണം നടത്താന്‍ ധൈര്യവുമില്ല. പക്ഷേ, സംഘടനാ സംവിധാനം രണ്ടു ചേരിയെ ആശ്രയിച്ചാണ് നീങ്ങുന്നതെന്ന് മാത്രം. ഒരു പക്ഷം വി മുരളീധരനൊപ്പം, മറ്റൊന്ന് പി കെ കൃഷ്ണദാസിനും. അധ്യക്ഷ പദവി ഏറ്റെടുത്ത പി എസ് ശ്രീധരന്‍ പിള്ളക്ക് മുന്നിലെ പ്രധാനവെല്ലുവിളിയും ഇത് തന്നെ. ആരോടെങ്കിലൊപ്പം ചേര്‍ന്ന് നിന്നില്ലെങ്കില്‍ സംഘടന കൂടെയുണ്ടാകില്ല. അതിനാല്‍ കുമ്മനം ചെയ്തത് പോലെ തന്നെ കൃഷ്ണദാസിനോടായിരിക്കും ശ്രീധരന്‍ പിള്ളയുടെ അടുപ്പം.
Posted on: August 3, 2018 10:21 am | Last updated: August 3, 2018 at 10:21 am

ഒടുവില്‍ കുമ്മനം രാജശേഖരന്റെ പിന്‍ഗാമിയെ ബി ജെ പി കണ്ടെത്തിയിരിക്കുന്നു. അഡ്വ. പി എസ് ശ്രീധരന്‍ പിള്ള. രണ്ടാംതവണയാണ് ബി ജെ പിയുടെ തലപ്പത്ത് ശ്രീധരന്‍ പിള്ളയെ പ്രതിഷ്ഠിക്കുന്നത്. അദ്ദേഹം ഇന്നലെ ചുമതലയേറ്റെടുത്തു.
കുമ്മനത്തെ മിസോറാം രാജ്ഭവനില്‍ അവരോധിക്കുമ്പോള്‍ മോദിയോ അമിത്ഷായോ മനസ്സില്‍ പോലും കണ്ടിരിക്കില്ല ശ്രീധരന്‍ പിള്ളയുടെ പേര്. പിന്നെ എങ്ങനെ വന്നു ഈ നിയമനം? അവിടെയാണ് സംസ്ഥാന ബി ജെ പിയിലെ വിഭാഗീയതയെ വായിക്കേണ്ടത്. അത്രമേല്‍ ആഴമുണ്ട് ഈ ഭിന്നതക്ക്. ബാഹ്യമായ ഏറ്റുമുട്ടലുകളില്ല, വിഭാഗീയമായി പരസ്യപ്രതികരണം നടത്താന്‍ ധൈര്യവുമില്ല. പക്ഷേ, സംഘടനാ സംവിധാനം രണ്ടു ചേരിയെ ആശ്രയിച്ചാണ് നീങ്ങുന്നതെന്ന് മാത്രം. ഒരു പക്ഷം വി മുരളീധരനൊപ്പം, മറ്റൊന്ന് പി കെ കൃഷ്ണദാസിനും. അധ്യക്ഷ പദവി ഏറ്റെടുത്ത പി എസ് ശ്രീധരന്‍ പിള്ളക്ക് മുന്നിലെ പ്രധാനവെല്ലുവിളിയും ഇത് തന്നെ. ആരോടെങ്കിലൊപ്പം ചേര്‍ന്ന് നിന്നില്ലെങ്കില്‍ സംഘടന കൂടെയുണ്ടാകില്ല. അതിനാല്‍ കുമ്മനം ചെയ്തത് പോലെ തന്നെ കൃഷ്ണദാസിനോടായിരിക്കും ശ്രീധരന്‍ പിള്ളയുടെ അടുപ്പം.

കേരള ബി ജെ പിയിലെ ഗ്രൂപ്പിസം തുടങ്ങുന്നത് കെ ജി മാരാറില്‍ നിന്ന് തന്നെയാണ്. മാരാറും രാമന്‍ പിള്ളയും രണ്ട് ചേരിയായാണ് നിന്നത്. അന്ന് ഭിന്നത തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പി പി മുകുന്ദനെ കൊണ്ടുവന്നത്. മാരാര്‍ക്കൊപ്പം നില്‍ക്കുന്ന മുകുന്ദനെയാണ് പിന്നെ കണ്ടത്. അപ്പുറത്തും ഇപ്പുറത്തും നിന്ന് ഒ രാജഗോപാലും ഗ്രൂപ്പുകളുടെ ഭാഗമായി. പി എസ് ശ്രീധരന്‍ പിള്ള ആദ്യം പ്രസിഡന്റായ ഘട്ടത്തിലും വിഭാഗീയതക്ക് കുറവുണ്ടായിരുന്നില്ല. രാമന്‍ പിള്ളയെ സെക്രട്ടറിയാക്കിയെങ്കിലും ഭിന്നത പലപ്പോഴും മറനീക്കി. ഒടുവില്‍ മുകുന്ദനെയും രാമന്‍ പിള്ളയെയും ബി ജെ പിയില്‍ നിന്ന് മാറ്റി നിര്‍ത്തിയാണ് പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചത്. മുകുന്ദനെ ചെന്നൈയില്‍ ക്ഷേത്രീയ സംഘടനാ സെക്രട്ടറിയാക്കി. രാമന്‍ പിള്ളയാകട്ടെ പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്ത് പോകുന്ന സാഹചര്യം വന്നു. ഇതിന്റെ ശേഷമാണ് മുകുന്ദനോട് അടുപ്പം പുലര്‍ത്തിയിരുന്ന പി കെ കൃഷ്ണദാസ് പ്രസിഡന്റാകുന്നത്. സംഘടനാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നതിനാല്‍ കൃഷ്ണദാസിന്റെ പ്രസിഡന്റ് പദവിക്കെതിരെ അന്ന് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെട്ടു. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച വി മുരളീധരനെ കൂടെ നിര്‍ത്തിയാണ് അന്ന് കൃഷ്ണദാസ് ഇതിനെ നേരിട്ടത്. ഇരുവരും അകന്ന് രണ്ട് ഗ്രൂപ്പിന്റെ നേതൃത്വം വഹിക്കുന്നതിലേക്ക് കാര്യങ്ങളെത്തി. ഈ ഭിന്നത പരിഹരിക്കാനായിരുന്നു കുമ്മനത്തെ കൊണ്ടുവന്നത്. എന്നിട്ടും ഒരു ഫലവുമുണ്ടായില്ലെന്ന് മാത്രം.
കുമ്മനം രാജശേഖരനെ പ്രസിഡന്റാക്കിയതോ ആ പദവിയില്‍ നിന്ന് മാറ്റിയതോ പോലെ എളുപ്പമായിരുന്നില്ല ബി ജെ പി ദേശീയ നേതൃത്വത്തിന് പുതിയ പ്രസിഡന്റിനെ കണ്ടെത്തല്‍. കുമ്മനം രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് പിന്നാലെ പുതിയ പ്രസിഡന്റിനെ വെക്കാനായിരുന്നു ആലോചന. പക്ഷേ, ചര്‍ച്ചകള്‍ തുടങ്ങും മുമ്പേ ഇരു ചേരികളും സംഘടിച്ചു. കെ സുരേന്ദ്രനെ പ്രസിഡന്റാക്കുകയായിരുന്നു മുരളീധരന്റെ ലക്ഷ്യം. ദേശീയ സഹസംഘടനാ സെക്രട്ടറി ആര്‍ എല്‍ സന്തോഷിന്റെ പിന്തുണയോടെ ഇതിനായി കരുക്കളും നീക്കി. കൃഷ്ണദാസ് പക്ഷവും വിട്ടില്ല. ആദ്യം എം ടി രമേശിനെ ഇറക്കി. മെഡിക്കല്‍ കോളജ് അഴിമതി എടുത്തിട്ടതോടെ എ എന്‍ രാധാകൃഷ്ണന്റെ പേര് നിര്‍ദേശിച്ചു. രണ്ടു പേരുമല്ലെങ്കില്‍ സുരേന്ദ്രനല്ലാത്ത മറ്റൊരാളാകട്ടെയെന്നായിരുന്നു കൃഷ്ണദാസ് പക്ഷത്തിന്റെ നിലപാട്. പാലക്കാട് ദേശീയ സഹസംഘടനാ സെക്രട്ടറി എല്‍ വി സന്തോഷ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പോലും കൃഷ്ണദാസ് പക്ഷത്തെ നേതാക്കള്‍ പങ്കെടുത്തില്ല. സുരേന്ദ്രനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിന്റെ ഭാഗമായിരുന്നു ഈ ബഹിഷ്‌കരണം.
ബി ജെ പിയിലെ കേരള നേതാക്കളെ ഞെട്ടിച്ച് മൂന്ന് വര്‍ഷം മുമ്പാണ് കുമ്മനം രാജശേഖരനെ ബി ജെ പിയുടെ അധ്യക്ഷനാക്കുന്നത്. വിഭാഗീയതയുടെ അടിവേരറുക്കാനും ലക്ഷ്യമിട്ടു. അതുവരെ ബി ജെ പിയില്‍ അംഗത്വംപോലുമില്ലാതിരുന്ന കുമ്മനത്തെ ആര്‍ എസ് എസില്‍ നിന്ന് നേരിട്ടുള്ള റിക്രൂട്ട്‌മെന്റായിരുന്നു. ഹിന്ദു ഐക്യവേദിയുടെ കണ്‍വീനറായി ഇരുന്ന് സ്വീകരിച്ച തീവ്രഹിന്ദുത്വ നിലപാടുകളായിരുന്നു അത്രയും നാളത്തെ കുമ്മനത്തിന്റെ ‘പൊതുപ്രവര്‍ത്തനം.’ ആര്‍ എസ് എസിന്റെ പൂര്‍ണ പിന്തുണയും ഹൈന്ദവ ധ്രുവീകരണവും ലക്ഷ്യമിട്ട് നടത്തിയ നീക്കമായിരുന്നെങ്കിലും പാര്‍ട്ടി സംഘടനാ സംവിധാനം ക്ഷയിക്കുന്നതാണ് പിന്നീട് കണ്ടത്. അമിത് ഷായും മോദിയും പലവട്ടം മറുമരുന്ന് തയ്യാറാക്കിയിട്ടും കേരളത്തിന്റെ മതേതര മനസ്സില്‍ ഭിന്നതയുണ്ടാക്കാന്‍ കുമ്മനത്തിനായില്ല.

കേന്ദ്രത്തിലെ അധികാരം, സാമ്പത്തിക പിന്തുണ, ആര്‍ എസ് എസിന്റെ സംഘടനാ സംവിധാനം തുടങ്ങി അനുകൂല ഘടകങ്ങളേറെയുണ്ടായെങ്കിലും കാര്യമായ ചലനങ്ങളുണ്ടായില്ല. ദേശീയ നേതൃത്വം നേരിട്ട് ഇടപെട്ട് നടത്തിയ നീക്കങ്ങളുടെ ഫലമായി എസ് എന്‍ ഡി പിയുടെ കാര്‍മികത്വത്തില്‍ രൂപമെടുത്ത ബി ഡി ജെ എസിന്റെ പിന്തുണ കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ വോട്ട് ഉയര്‍ത്താന്‍ സഹായിച്ചെങ്കിലും ആ ബന്ധം പോലും സുഗമമായി മുന്നോട്ടുകൊണ്ടുപോകാനായില്ല.
ഹിന്ദു സമുദായ സംഘടനകളുമായി പോലും ബന്ധമുണ്ടാക്കാന്‍ കഴിയാതെ വന്നു. കേരളത്തിലെ ബി ജെ പി രാഷ്ട്രീയമായി അക്രമിക്കപ്പെട്ടപ്പോള്‍ ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിനൊപ്പം നിന്നതാണ്. അമിത് ഷായും മോദിയും യോഗിയുമെല്ലാം പലവട്ടം കേരളത്തില്‍ വന്നു. സി പി എമ്മിനെ മാത്രം ലക്ഷ്യമിട്ട് നടത്തിയ പദയാത്ര തന്നെ ഉദാഹരണം. പക്ഷേ, ഇത്‌കൊണ്ടൊന്നും പാര്‍ട്ടി സംഘടനാ സംവിധാനം ശക്തിപ്പെടുന്നില്ലെന്ന തിരിച്ചറിവാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ കുമ്മനത്തെ മാറ്റാന്‍ അമിത് ഷായെ പ്രേരിപ്പിച്ചത്.
കേരളത്തിലെ ആര്‍ എസ് എസിനെ വിശ്വസിച്ച് നടത്തിയ ഒരു പരീക്ഷണം എട്ടു നിലയില്‍ പൊട്ടിയെന്ന തിരിച്ചറിവായിരുന്നു ഈ സ്ഥാനചലനം. എന്നാല്‍, കുമ്മനത്തെ മാറ്റിയത് കേരളത്തിലെ ആര്‍ എസ് എസിനെ സംബന്ധിച്ച് സഹിക്കാവുന്നതിനുമപ്പുറത്തായിരുന്നു. പുതിയ പ്രസിഡന്റിന് വേണ്ടി രണ്ട് മാസം കാത്തിരിക്കേണ്ടി വന്നതും ആര്‍ എസ് എസിന്റെ ഈ അസഹനീയത തന്നെ.

മിസോറാം രാജ്ഭവനില്‍ കുമ്മനത്തെ അവരോധിക്കുന്നതിനൊപ്പം മാരാര്‍ജിഭവനില്‍ കെ സുരേന്ദ്രനെ നിയോഗിക്കാനാണ് മോദിയും അമിത്ഷായും മനസ്സില്‍ കണ്ടിരുന്നത്. എന്നാല്‍, കുമ്മനത്തെ മാറ്റിയതിലൂടെ മുറിവേറ്റ കേരള ആര്‍ എസ് എസ് സുരേന്ദ്രനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് നിലപാടെടുക്കുകയായിരുന്നു. കുമ്മനത്തെ തന്നെ തിരിച്ച് കൊണ്ടുവരണമെന്നായിരുന്നു ആര്‍ എസ് എസ് ആദ്യം മുന്നോട്ടുവെച്ച ഡിമാന്‍ഡ്. അത് നടക്കില്ലെന്ന് കണ്ടതോടെ പി കെ കൃഷ്ണദാസിനെ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ടു. അതും പറ്റില്ലെന്ന് അമിത്ഷാ നിലപാടെടുത്തു. ഒടുവില്‍ ആര്‍ എസ് എസ് ദേശീയ നേതൃത്വത്തെ തന്നെ വിഷയത്തില്‍ ഇടപെടുത്തിയാണ് ഇപ്പോള്‍ ഒത്തുതീര്‍പ്പുണ്ടാക്കിയിരിക്കുന്നത്.

ഇനി കുമ്മനത്തിന് കഴിയാത്തത് ശ്രീധരന്‍ പിള്ളക്ക് കഴിയുമോയെന്നാണ്അറിയേണ്ടത്. ഗ്രൂപ്പില്ലാതെ പ്രസിഡന്റായ കുമ്മനം പദവി ഒഴിയുമ്പോള്‍ കൃഷ്ണദാസ് പക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുകയായിരുന്നു. ശ്രീധരന്‍ പിള്ളക്കും അങ്ങനെയൊരു നിലപാടേ സ്വീകരിക്കാന്‍ കഴിയൂ. അല്ലെങ്കില്‍ താഴെ തട്ടില്‍ സംഘടന ചലിപ്പിക്കാന്‍ കഴിയില്ല. പക്ഷേ, കൃഷ്ണദാസ് പക്ഷത്തെ എല്ലാവരോടും ഒരു പോലെയുള്ള അടുപ്പം ശ്രീധരന്‍ പിള്ളക്ക് ഇല്ല. ചെങ്ങന്നൂരില്‍ ഏറ്റവുമൊടുവില്‍ മത്സരിച്ചപ്പോള്‍ കൃഷ്ണദാസിനൊപ്പമുള്ള നേതാക്കളില്‍ ചിലര്‍, തന്നെ കാലുവാരിയെന്ന പരാതി പിള്ളക്കുണ്ട്. ഗ്രൂപ്പ് നേതാക്കള്‍ എത്രത്തോളം പിള്ളയെ അംഗീകരിക്കുമെന്നും കണ്ടറിയണം. ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്നെയാണ് ശ്രീധരന്‍ പിള്ളയെ കാത്തിരിക്കുന്ന ആദ്യവെല്ലുവിളി. ഒരു സീറ്റിലെങ്കിലും ജയിച്ചേ തീരൂ. അല്ലെങ്കില്‍ മോദിയും ഷായും പിന്നെ കേരളത്തിലേക്ക് തിരിഞ്ഞ് നോക്കില്ല.
കേരളത്തിലെ പാര്‍ട്ടി വളര്‍ത്താന്‍ ദേശീയ നേതൃത്വം പദവികള്‍ പലത് തന്നിട്ടും ഗുണമുണ്ടാകുന്നില്ലെന്ന പരാതി മോദിക്കും അമിത് ഷാക്കും ഇപ്പോള്‍ തന്നെയുണ്ട്. സുരേഷ് ഗോപി, വി മുരളീധരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം എന്നീ മൂന്ന് രാജ്യസഭാ എം പിമാര്‍. തട്ടകം ബംഗളൂരുവെങ്കിലും മലയാളിയായ രാജീവ് ചന്ദ്രശേഖര്‍ നാലാമന്‍. ഇതില്‍ തന്നെ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് മന്ത്രി പദവി. കുമ്മനം ഗവര്‍ണര്‍. ബോര്‍ഡ്, കോര്‍പറേഷന്‍, കമ്മീഷന്‍ പദവികള്‍ വേറെ. ഇതൊക്കെ തന്നിട്ടും ലോക്‌സഭയിലേക്ക് ഒരാളെ ജയിപ്പിച്ചില്ലെങ്കില്‍ സംസ്ഥാന നേതൃത്വം മറുപടി പറയേണ്ടി വരും.

സഹഭാരവാഹികള്‍ എന്ത് നിലപാടെടുക്കുമെന്നതും പിള്ളയെ സംബന്ധിച്ച് നിര്‍ണായകമാണ്. നിലവിലുള്ള സംസ്ഥാന ഭാരവാഹികളിലേറിയ പങ്കും രണ്ടു പക്ഷത്തെ പ്രതിനിധീകരിക്കുന്നവരാണ്. അവരെ കൂടി ഒപ്പം കൂട്ടിയാണ് പാര്‍ട്ടി ചലിപ്പിക്കേണ്ടത്. ഈ വെല്ലുവിളികള്‍ എങ്ങനെയൊക്കെയാകും ശ്രീധരന്‍ പിള്ള മറികടക്കുക?