Connect with us

Kerala

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന ആരോപണം; കന്യാസ്ത്രീയ സ്വാധീനിക്കാന്‍ ശ്രമിച്ച വൈദികനെതിരെ കേസ്

Published

|

Last Updated

കോട്ടയം: ലൈംഗികാരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാന്‍ പീഡനത്തിനിരയായ കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്ററെ സ്വാധീനിക്കാന്‍ ശ്രമിച്ച വൈദികനെതിരെ കേസെടുത്തു. സിഎംഐ സഭയിലെ ഫാദര്‍ ജെയിംസ് എര്‍ത്തയിലിനെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കുറുവിലങ്ങ് പോലീസാണ് കേസെടുത്തത്. കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

ഫോണിലൂടെ ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സിസ്റ്റര്‍ അനുപമയോടാണ് വൈദികന്‍ ഒത്തുതീര്‍പ്പ് വാഗ്ദാനം നടത്തിയത്. വൈദികന്‍ അനുപമയുമായി സംസാരിക്കുന്നതിന്റെ ഫോണ്‍ ശബ്ദരേഖ അനുപമയുടെ കുടുംബം പുറത്തുവിട്ടിരുന്നു.
കാഞ്ഞിരപ്പള്ളിയിലോ റാന്നിയിലോ വീടും വസ്തുവും നല്‍കുമെന്നായിരുന്നു വാഗ്ദാനം. അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് മഠം പണിയാന്‍ സ്ഥലം നല്‍കാമെന്നും അറിയിച്ചു. ബിഷപ്പിനെതിരെ നല്‍കിയ പരാതിയില്‍ നിന്ന് പിന്മാറണമെന്നായിരുന്നു ആവശ്യമെന്നും വീട്ടുകാര്‍ വ്യക്തമാക്കി.

എന്നാല്‍ അനുപമയും വീട്ടുകാരും വാഗ്ദാനങ്ങളില്‍ വഴങ്ങിയില്ല. പിന്മാറിയാല്‍ സുരക്ഷ ഉണ്ടാകുമെന്നും എന്നാല്‍ പരാതിയില്‍ ഉറച്ചുനിന്നാല്‍ അപകടമാണെന്ന സൂചനയും സംഭാഷണത്തിലുണ്ട്. സംഭവം പുറത്തായതോടെ സിസ്റ്റര്‍ അനുപമയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

Latest