Connect with us

Kerala

ചിരിവാതില്‍ തുറന്ന് വിസ്മയ വേദിയില്‍..

Published

|

Last Updated

സ്‌മൈല്‍ ഗേറ്റ് ഉദ്ഘാടനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു

മലപ്പുറം: നിര്‍മ്മിത ബുദ്ധിയുടെ സഹായത്താല്‍ രൂപകല്‍പ്പന ചെയ്ത ചിരിച്ചാല്‍ മാത്രം തുറക്കുന്ന വാതില്‍ ശ്രദ്ധേയമായി. മഅ്ദിന്‍ അക്കാദമി വൈസനിയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രിപ്പറേറ്ററി കോണ്‍ഫറന്‍സ് ഹാളില്‍ സ്ഥാപിച്ച സ്‌മൈല്‍ ഗേറ്റാണ് ജനശ്രദ്ധ പിടിച്ചു പറ്റിയത്. ഗേറ്റിന് മുന്നില്‍ വന്ന് മനസ്സുനിറഞ്ഞ് ചിരിച്ചാണ് അതിഥികളും പ്രതിനിധികളുമെല്ലാം സദസ്സിലേക്ക് വന്നത്. മഅ്ദിന്‍ അക്കാദമി റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ വിഭാഗമാണ് സ്‌മൈല്‍ ഗേറ്റ് രൂപ കല്‍പ്പന ചെയ്തത്.

ഗേറ്റിന്റെ ഉദ്ഘാടനം മഅ്ദിന്‍ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. മുഹബ്ബത്തിന്റെ ചിരികൊണ്ട് ഖല്‍ബ് നിറക്കാമെന്ന് പറഞ്ഞ മോയിന്‍കുട്ടി വൈദ്യരുടെ നാട്ടില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി നിര്‍മിച്ച സ്‌മൈല്‍ ഗേറ്റ് മഹത്തായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മഅ്ദിന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ സ്്‌മൈല്‍ ഗേറ്റ് സ്ഥാപിക്കുന്നതിന്റെ പ്രാരംഭമെന്ന നിലയിലാണ് പ്രിപ്പറേറ്ററി കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചത്.

യു എസി ലെ എം ഐ ടിയുടെ കീഴില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാബ് ലാബിന്റെയും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഫ്യൂച്ചര്‍ ലാബിന്റെയും സഹായത്തോടെയാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയത്. മഅ്ദിന്‍ റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ വിഭാഗത്തിലെ ശാക്കിറുല്ലാഹി, യാസിര്‍. എന്‍ വി, അശ്ഹര്‍, മുസ്ഥഫ മൂന്നിയൂര്‍, എന്നിവരാണ് നേതൃത്വം നല്‍കിയത്.