Connect with us

International

വിവാദമായ ജൂതരാഷ്ട്ര നിയമം; അറബ് രാഷ്ട്രീയ നേതാവ് രാജിവെച്ചു

Published

|

Last Updated

ജറൂസലം: ജൂതവിഭാഗത്തിന് മാത്രം അവകാശപ്പെടുന്ന രാജ്യമായി ഇസ്‌റാഈലിനെ അംഗീകരിച്ച വിവാദനിയമത്തിനെ ചൊല്ലി ഇസ്‌റാഈല്‍ അറബ് രാഷ്ട്രീയ നേതാവ് രാജിവെച്ചു. 67കാരനായ സുഹൈര്‍ ബഹ്‌ലൂല്‍ ആണ് പ്രതിപക്ഷത്തുനിന്ന് രാജിവെച്ചത്. നെസറ്റ് പാര്‍ലിമെന്റ് വംശീയ പാര്‍ലിമെന്റൊണ്. ഇസ്‌റാഈലിലുള്ള അറബ് പൗരന്മാരെ സമത്വപാതയില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതാണ് പുതിയ നിയമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മാസം 19നാണ് വിവാദമായ ജൂതനിയമത്തിന് ഇസ്‌റാഈല്‍ പാര്‍ലിമെന്റ് നെസറ്റ് അംഗീകാരം നല്‍കിയിരുന്നത്. നെസറ്റിന്റെ നടപടിയെ അറബ് ന്യൂനപക്ഷ പാര്‍ട്ടികള്‍ അന്നുതന്നെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വംശീയതയും തൊട്ടുകൂടായ്മയും ഉണ്ടാക്കുന്നതാണ് പുതിയ നിയമമെന്ന് അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 55നെതിരെ 62 വോട്ടുകള്‍ക്കാണ് നെസറ്റില്‍ വിവാദ നിയമം പാസ്സാക്കിയിരുന്നത്.

സിയോണിസത്തിന്റെയും ജൂത രാഷ്ടത്തിന്റെയും ചരിത്രത്തിലെ നിര്‍ണായകമായ തീരുമാനമാണ് ഇന്ന് പൂര്‍ത്തിയാക്കപ്പെട്ടതെന്നായിരുന്നു വോട്ടെടുപ്പിന് ശേഷം പാര്‍ലിമെന്റിനെ അഭിമുഖീകരിച്ച ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം.
ഹീബ്രുവിനൊപ്പം ഔദ്യോഗിക ഭാഷയായി കണക്കാക്കപ്പെട്ടിരുന്ന അറബി ഭാഷയുടെ പദവിയും ഈ നിമയത്തോടൊപ്പം ഇല്ലാതാക്കിയിരുന്നു. കൂടാതെ വിഭജിക്കപ്പെടാത്ത ജറൂസലം, രാഷ്ട്രത്തിന്റെ തലസ്ഥാനമായിരിക്കുമെന്നും നിയമം അനുശാസിക്കുന്നുണ്ട്.

90ലക്ഷത്തോളം വരുന്ന ഇസ്‌റാഈല്‍ രാഷ്ട്രത്തിലെ ജനസംഖ്യയില്‍ 20ലക്ഷത്തോളം വരുന്നവര്‍ ഇസ്‌റാഈല്‍ അറബികളാണ്. 1948ലെ ഇസ്‌റാഈല്‍ രൂപവത്കരണത്തിന് പിന്നാലെ ലക്ഷക്കണക്കിന് ഫലസ്തീനികള്‍ക്ക് മാതൃരാജ്യം ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ഇവിടെ തുടരുന്നവര്‍ ഇപ്പോഴും വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ പാര്‍പ്പിട മേഖലയിലും സര്‍ക്കാര്‍ സേവന മേഖലയിലും ശക്തമായ വിവേചനമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

Latest