Connect with us

Book Review

നബി ജീവിതത്തിന്റെ വിസ്മയ പുസ്തകം

Published

|

Last Updated

ഇംഗ്ലീഷില്‍ തിരുനബി (സ്വ)യെപ്പറ്റി കുറെയേറെ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. നബിയെപ്പറ്റിയുള്ള ഓരോ വായനയും വിശ്വാസിക്ക് അത്രമേല്‍ ആനന്ദം പകരും. അവിടത്തോടുള്ള സ്‌നേഹവും അതിന്റെ ആവിഷ്‌കാരങ്ങളും വിശ്വാസത്തിന്റെ മാറ്റിനെ കൂട്ടുന്ന കാര്യങ്ങളാണല്ലോ. അങ്ങനെയുള്ള വായനകളില്‍ ഏറ്റവും പ്രിയപ്പെട്ടതായി തോന്നിയ ഒരു പുസ്തകമുണ്ട്. ഓരോ റബീഉല്‍ അവ്വലിലും ആ ഗ്രന്ഥം ആവര്‍ത്തിച്ചു വായിക്കാന്‍ ശ്രമിക്കാറുണ്ട്. ജര്‍മന്‍ എഴുത്തുകാരി ആന്‍ മേരി ഷിമ്മലിന്റെ “ആന്‍ഡ് മുഹമ്മദ് ഈസ് ഹിസ് മെസെഞ്ചര്‍” അഥവാ “വ അശ്ഹദു അന്ന മുഹമ്മദര്‍റസൂലുല്ലാഹ്” എന്ന ഇസ്‌ലാമിന്റെ അടിസ്ഥാന വാക്യം. മുഹമ്മദ് നബി അല്ലാഹുവിന്റെ റസൂലാണ് എന്നര്‍ഥം.

നബിയെക്കുറിച്ചുള്ള നാല്‍പ്പത് വര്‍ഷത്തെ പഠനത്തിന്റെയും അന്വേഷണങ്ങളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പുസ്തകമാണിതെന്ന് ഷിമ്മല്‍ ആമുഖത്തില്‍ കുറിക്കുന്നു.

ഇസ്‌ലാമിലേക്കും നബിയിലേക്കും ഷിമ്മല്‍ നടത്തിയ യാത്രകള്‍ അനിതരസാധാരണമായിരുന്നു. മുസ്‌ലിംകളുമായി ഒരുതരത്തിലും ബന്ധമില്ലാത്ത ജര്‍മനിയിലെ ഒരു കുടുംബത്തില്‍ നിന്നാണ് ഷിമ്മല്‍ വരുന്നത്. ചെറുപ്പം മുതലേ വായനയും ചിത്രരചനയും ഇഷ്ടപ്പെട്ട പെണ്‍കുട്ടി. കവിത ഇഷ്ടപ്പെടുന്ന മാതാപിതാക്കളുടെ ഏകമകള്‍. വിവാഹം കഴിഞ്ഞു കുറേ വര്‍ഷത്തിന് ശേഷമാണ് ഷിമ്മല്‍ എന്ന കുട്ടി അവര്‍ക്ക് ജനിക്കുന്നതും. 1872ല്‍ എഴുതപ്പെട്ട ഒരു പുസ്തകം കുട്ടിക്കാലത്ത് വായിച്ചതാണ് ഷിമ്മലിന്റെ ജീവിതത്തിലെ പരിവര്‍ത്തനങ്ങള്‍ക്ക് നിമിത്തമായത്. “പത്മനാഭ ആന്‍ഡ് ഹസന്‍” എന്നായിരുന്നു അതിലെ ഒരു കഥാനാമം. പത്മനാഭന്റെ ദമസ്‌കസ് യാത്രയും, അവിടെ ഹസന്‍ എന്നൊരാളെ കണ്ടു സംസാരിക്കുന്നതും ആത്മീയ മേഖലകള്‍ ചര്‍ച്ച ചെയ്യുന്നതും ഒക്കെയാണ് ഇതിവൃത്തം. കഥയില്‍ ഒരു വചനമുണ്ടായിരുന്നു. “ജനങ്ങള്‍ ഉറക്കത്തിലാണ്; അവര്‍ക്കുണര്‍വുണ്ടാകുന്നത് മരണശേഷമാണ്”. ഈ വാക്യം ഷിമ്മലിന്റെ ഹൃദയം തൊട്ടു. എന്താണതിന്റെ പൊരുളെന്നതിന്റെ അന്വേഷണത്തിലേക്ക് എത്തിച്ചു. വര്‍ഷങ്ങള്‍ കുറേകഴിഞ്ഞു പതിനെട്ടാം വയസ്സിലാണ് അലി (റ)വിന്റെ ഒരു വചനമായിരുന്നു അതെന്ന് മനസ്സിലാക്കുന്നത്.

ആ കഥയും അതിലെ മിസ്റ്റിസിസവും കിഴക്കിനെ പഠിക്കാനുള്ള ഔത്സുക്യത്തിലേക്ക് അവരെ നയിച്ചു. പതിനഞ്ചാം വയസ്സില്‍ അറബി പഠിക്കാന്‍ ഒരു അധ്യാപകനെ കണ്ടെത്തി. അറബി വ്യാകരണ പഠനം ഇസ്‌ലാമിന്റെ ചേതോഹാരിത ആസ്വദിക്കുന്നതിലേക്കു അവരെ എത്തിച്ചു. പിന്നീടങ്ങോട്ട് നിരന്തരമായ അന്വേഷണമായിരുന്നു. ദീര്‍ഘകാലം തുര്‍ക്കിയില്‍ പഠനവും അധ്യാപനവുമായി കഴിഞ്ഞു. പാക്കിസ്ഥാനിലും പേര്‍ഷ്യയിലും കറങ്ങി. ഉറുദു, അറബി, ടര്‍ക്കിഷ്, പേര്‍ഷ്യന്‍, ഇംഗ്ലീഷ്, ജര്‍മന്‍ ഭാഷകളില്‍ നബിയെപ്പറ്റി എഴുതപ്പെട്ട ഏതാണ്ടെല്ലാ രേഖകളും വായിച്ചു. കവിതകള്‍ ഹൃദിസ്ഥമാക്കി. അങ്ങനെയുള്ള ആഴവും പരപ്പുമുള്ള നബിയറിവില്‍ നിന്നാണ് ഈ പുസ്തകരചന അവര്‍ നടത്തുന്നത്. 1981ല്‍ ജര്‍മന്‍ ഭാഷയിലാണ് ആദ്യമെഴുതിയത്. തൊണ്ണൂറുകളില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു.

പടിഞ്ഞാറ് നിലനില്‍ക്കുന്ന റസൂലിനെ കുറിച്ചുള്ള തെറ്റായ ചിത്രീകരണങ്ങളുടെ പരിമിതികളെ സൂചിപ്പിച്ചാണ് പുസ്തകത്തിന് അവര്‍ ആമുഖമെഴുതുന്നത്. “നൂറ്റാണ്ടുകളായി നോവലുകളിലൂടെയും ചിത്രങ്ങളിലൂടെയും രൂപപ്പെടുത്തിയ, വെറുപ്പിന്റെ പ്രതിരൂപമാക്കപ്പെട്ട പ്രവാചകരെ പഠിക്കേണ്ടത് ശരിയായ അവലംബങ്ങളില്‍ നിന്നാണ്. വിശ്വാസികള്‍ക്ക് അവിടത്തോട് ഉണ്ടായിരുന്ന ആദരവില്‍നിന്നും സ്‌നേഹപ്രകടനങ്ങളില്‍ നിന്നുമാണ്. മുസ്‌ലിംകളുടെ ജീവിതത്തില്‍ നബി എങ്ങനെയൊക്കെ സ്വാധീനമുണ്ടാക്കി എന്നത്, ദൈവശാസ്ത്ര പണ്ഡിതന്മാരുടെയും അറബ്- പേര്‍ഷ്യന്‍- തുര്‍ക്കി കവികളുടെയും ഇന്ത്യയിലെയും ആഫ്രിക്കയിലെയും ജനതയുടെയും ജീവിതത്തില്‍ നിന്ന് മനസ്സിലാക്കാം; എത്രമാത്രം അനുരാഗപരവശമാണ് മുസ്‌ലിംകളുടെ പ്രവാചക സ്‌നേഹമെന്ന്, എന്തുമാത്രം മനോഹരമായ വിശ്വാസ്യതയാണ് പ്രവാചകരില്‍ അവര്‍ക്കുള്ളതെന്ന്. വ്യത്യസ്തമായ അവരുടെ ജീവിതകാലയളവില്‍ നിരന്തരം വായിക്കപ്പെടുന്ന ഉച്ചരിക്കപ്പെടുന്ന പ്രവാചകനാണ് അവിടുന്ന്. യൂറോപ്പില്‍ നബിയെ അടയാളപ്പെടുത്തിയത് ബിംബാരാധകനായും കറുപ്പിന്റെ ശക്തിയുമായാണ്. എട്ടാം നൂറ്റാണ്ട് തൊട്ടേ നബിയുടെ ജീവചരിത്രം പഠിപ്പിക്കപ്പെടുന്നുവെങ്കിലും ഒരു തരം ക്രൈസ്തവവിരുദ്ധന്‍ എന്ന അര്‍ഥത്തിലേക്ക് തെറ്റായി നിരന്തരം പരിചപ്പെടുത്തുകയായിരുന്നു നബിയെ. സുദീര്‍ഘമാണ് ആമുഖം.
തുടര്‍ന്ന് പന്ത്രണ്ട് അധ്യായങ്ങളിലായി ദീര്‍ഘമായി നബി ജീവിതത്തെയും വിശ്വാസികള്‍ നബിയോടുള്ള സ്‌നേഹം ആവിഷ്‌കരിച്ചതിന്റെയും ലോകത്തിന്റെ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന വൈവിധ്യകരമായ രീതികള്‍ വിവരിക്കുകയാണ് ഷിമ്മല്‍. ആദ്യത്തെ അധ്യായം നബിയുടെ ജീവചരിത്രത്തെ സംബന്ധിച്ചതാണ്. കേവലമായ ഗദ്യ വിവരണം മാത്രമല്ല, ഓരോ സന്ദര്‍ഭത്തിലും നബിയെ കുറിച്ചുവന്ന ഉജ്വലമായ കവിതകളുടെ അകമ്പടിയുണ്ട്. ഉദാഹരണത്തിന് ഒരു ഖണ്ഡികയുടെ സംഗ്രഹം ഇങ്ങനെ: “ഹലീമ ബീവി നബിയെ പോറ്റാന്‍ കൊണ്ടുപോകുന്നു. വീട്ടില്‍ നിന്നൊരുദിനം കുഞ്ഞിനെ കാണുന്നില്ല. ബീവിയുടെ അകം ആധി കൊണ്ടു മുങ്ങി. അവിടെ പരാമര്‍ശിക്കുന്നു രണ്ട് വരി കവിത: വിങ്ങേണ്ട ഹൃദയം, നഷ്ടമായിട്ടില്ലവന്‍, മുത്തെങ്ങാന്‍ നഷ്ടമായാല്‍, ലോകത്തിനല്ലയോ സങ്കടം..”

രണ്ടാമത്തെ അധ്യായം നബിമാതൃകകളെ കുറിച്ചാണ്. എങ്ങനെയാണ് ഒരു പ്രവാചകന്‍ എന്ന നിലയില്‍ അവിടത്തെ ജീവിതം, അനുയായികളോടുള്ള സഹവാസം, തികവുറ്റ വ്യക്തിത്വം തുടങ്ങിയവ കടന്നുവരുന്നു. ഇസ്‌ലാമില്‍ എങ്ങനെയാണ് നബിയെ മനസ്സിലാക്കപ്പെടുന്നത് എന്ന് പറയുന്നിടത്ത് ഷിമ്മല്‍ രേഖപ്പെടുത്തി: “ഇസ്‌ലാമിക മതനിയമത്തില്‍ നബിയുടെ സുന്നത്ത് (ചര്യ) വ്യാഖ്യാനിക്കപ്പെടുന്നത്, അവിടുത്തെ പ്രവര്‍ത്തനങ്ങള്‍, വാക്കുകള്‍, മൗനാനുവാദങ്ങള്‍ എന്നിവയെയാണ്. നബിയുടെ ജീവിതം അന്യൂനമായി അവതരിപ്പിക്കപ്പെട്ട ഹദീസുകള്‍ പില്‍ക്കാലത്ത് ഇസ്‌ലാമിക സംസ്‌കാരത്തില്‍ അറിവിന്റെ കേന്ദ്രതലമായി മാറി”. മൂന്നാമധ്യായം നബിയുടെ ഔന്നിത്യത്തെ കുറിച്ചാണ്. ഏറ്റവും ഉത്തമ സൃഷ്ടിയായി അല്ലാഹു എന്തുകൊണ്ട് അവിടത്തെ തിരഞ്ഞെടുത്തു എന്ന് വ്യക്തമാക്കുന്നു. നബിയെ പറ്റി വന്ന ഖുര്‍ആന്‍ പരാമര്‍ശങ്ങള്‍ വിശദീകരിക്കുന്നു. ഇസ്‌ലാമിലെ വ്യത്യസ്ത കാലങ്ങളിലെ പണ്ഡിതന്മാര്‍ നബിയെ അടയാളപ്പെടുത്തിയത് ഉദ്ധരിച്ചാണ് പല വിവരണങ്ങളും.

നബിജീവിതത്തിലെ അത്ഭുത സംഭവങ്ങളെ പറ്റിയാണ് നാലാമധ്യായം ചര്‍ച്ച ചെയ്യുന്നത്. ജനനം തൊട്ടേ വിസ്മയാവഹമായ മുഅ്ജിസത്തുകളുടെ കാലവറയായിരുന്നല്ലോ നബി. ഹൃദയം തുറന്ന് അവിടത്തെ ഒരു ഭാഗം മാറ്റിയ കുട്ടിക്കാലത്തെ അനുഭവം വെച്ചാണ് ഷിമ്മല്‍ തുടങ്ങുന്നത്. ആധ്യാത്മികവും പ്രവാചകീയവുമായ മാനങ്ങളിലേക്കുള്ള നബിയിലേക്കുള്ള ബോധ്യങ്ങളെ ഉണര്‍ത്തിയ ആദ്യത്തെ പ്രധാന സംഭവമായിരുന്നു ആ ഹൃദയം തുറക്കല്‍. മറ്റൊരു നിര്‍ണായകമായ അത്ഭുതമായി ചന്ദ്രനെ പിളര്‍ത്തിയ സംഭവം പറയുന്നു. ഇന്ത്യയിലേക്ക് ഇസ്‌ലാമെത്താന്‍ നിമിത്തമായ, ചേരമാന്‍ പെരുമാളിന്റെ ചാന്ദ്രദര്‍ശന സംഭവം അവിടെ ഷിമ്മല്‍ ഉദ്ധരിക്കുന്നുണ്ട്. “ആ ദിവസം രാത്രി ദക്ഷിണേന്ത്യയിലെ ചക്രവര്‍ത്തി സംഭവം കാണുന്നു. വിശ്വസ്തനായ ഒരാളില്‍ നിന്ന് രാജാവ് അറിയുന്നു; സംഭവം നടന്നത് മക്കയിലാണെന്ന്. അദ്ദേഹം മുസ്‌ലിമായി. ഇന്ത്യയിലെ ഇസ്‌ലാമിന്റെ ആദ്യ വിശ്വാസികള്‍ ഈ അത്ഭുത കൃത്യത്തിന്റെ തുടര്‍ച്ചയായി വന്നവരാണെന്ന് കരുതപ്പെടുന്നു. ദക്ഷിണേന്ത്യയില്‍ നൂറ്റാണ്ടുകളായി പ്രചാരത്തിലുള്ള ഈ സംഭവം, മധ്യകാലഘട്ടത്തില്‍ രചിക്കപ്പെട്ട ഒരറബി പുസ്തകത്തില്‍ കണ്ടിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട രാജ്പറ്റിലെ ഒരു മിനാരത്തില്‍ ഈ സംഭവം വിശദമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്നത് കൗതുകകരമാണ്.”

തുടര്‍ന്നുള്ള അധ്യായങ്ങളില്‍ നബിയുടെ ദയാപരവും കരുണാദ്രവുമായ സ്വഭാവം, വ്യത്യസ്ത നാമങ്ങളും അവയുടെ ഉദ്ദേശ്യങ്ങളും, മുഹമ്മദീയ പ്രകാശം എന്ന ഇസ്‌ലാമിക സങ്കല്‍പ്പത്തിന്റെ മാനങ്ങള്‍ എന്നിവ വിവരിക്കുന്നു. ശേഷം പറയുന്ന, “റസൂലിന്റെ ജന്മദിനാഘോഷം” എന്ന അധ്യായം ആണ് വ്യക്തിപരമായി പുസ്തകത്തില്‍ എന്നെ ഏറെ ആകര്‍ഷിച്ചത്. “നബി പിറന്ന രാവ്, ഖദ്‌റിന്റെ രാവിന് സമാനമത്രെ” എന്നൊരു ടര്‍ക്കിഷ് കവിത ഉദ്ധരിച്ചാണ് ഈ ഭാഗം തുടങ്ങുന്നത്. നബിയുടെ ജന്മദിനത്തിന്റെ സവിശേഷതകളും അന്ന് ലോകത്താകെ മൗലിദ് ചൊല്ലുന്നതുമൊക്കെ അവര്‍ വര്‍ണിക്കുന്നു. സുന്നി പണ്ഡിതന്മാര്‍ മൗലിദ് പ്രാമാണികമായി തന്നെ അനുവദിച്ചതും അതിന്റെ നിരാകരിക്കലിന് തുടക്കമിട്ട ഇബ്‌നു തൈമിയ്യയെ പോലുള്ളവരെയും പരാമര്‍ശിക്കുന്നു. അവരെഴുതുന്നു: “മധ്യകാലഘട്ടം മുഴുവന്‍ മക്കയില്‍ സമൃദ്ധമായി മൗലിദ് ആഘോഷിച്ചിരുന്നു. കശ്മീരിലെ ഹസ്രത്ത് ബാല്‍ മസ്ജിദില്‍ റബീഉല്‍ അവ്വലിലെ ആദ്യ പന്ത്രണ്ട് ദിവസം വിപുലമായ വിധത്തില്‍ നബിയുടെ ജന്മദിനം ആഘോഷിക്കാറുണ്ട്. അവിടെ റസൂലിന്റെ കേശം സൂക്ഷിക്കപ്പെട്ടിട്ടുണ്ട്”. നബിയുടെ ജന്മദിനാഘോഷത്തെ, അത് സംബന്ധിച്ച് വന്ന ഗ്രന്ഥങ്ങളെ പറ്റിയുള്ള ചരിത്രപരവും അപൂര്‍വവുമായ ഒട്ടേറെ രേഖകളുണ്ടീ അധ്യായത്തില്‍.

റസൂലിന്റെ ആകാശാരോഹണം, നബിയെ പറ്റി രചിക്കപ്പെട്ട കവിതകള്‍, അല്ലാമാ ഇഖ്ബാലിന്റെ വരികളിലെ റസൂല്‍ തുടങ്ങിയ അധ്യായങ്ങള്‍ കൂടിയുണ്ട് പുസ്തകത്തില്‍. പ്രവാചക സ്‌നേഹികള്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഗ്രന്ഥം. മനോഹരവും ലളിതവുമാണ് ഭാഷ. മലയാളത്തില്‍ ഷിമ്മലിനെ പറ്റി കുറെയധികം എഴുതിയിട്ടുള്ള ആളായിരുന്നു ഈയിടെ അന്തരിച്ച അഹ്മദ് കുട്ടി ശിവപുരം. ഇസ്‌ലാമിക് പബ്ലിഷിംഗ് ബ്യൂറോ പുറത്തിറക്കിയ “പ്രവാചകാഭിധേയങ്ങള്‍”ഷിമ്മല്‍ കൃതികളെ ആസ്പദിച്ചാണ് തയ്യാറാക്കിയതെന്ന് അദ്ദേഹം ആമുഖത്തില്‍ എഴുതിയിട്ടുണ്ട്. ആന്‍ഡ് മുഹമ്മദ് ഈസ് ഹിസ് മെസെഞ്ചര്‍ കോപ്പി ഓണ്‍ലൈനില്‍ ലഭ്യമാണ്. ആമസോണില്‍ 3500 രൂപ വിലകാണിക്കുന്നു. വാങ്ങിച്ചാല്‍, വായിച്ചാല്‍ നഷ്ടമാവില്ല തീര്‍ച്ച.
.