ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്; അന്വേഷണം ഇഴയുന്നു

Posted on: July 28, 2018 9:19 am | Last updated: July 28, 2018 at 11:34 am
SHARE

കോട്ടയം: കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ അന്വേഷണം ആരംഭിച്ചിട്ട് ഒരു മാസം തികഞ്ഞു. കേസില്‍ കോടതിയില്‍ രഹസ്യമൊഴി അടക്കം കന്യാസ്ത്രി നല്‍കിയിട്ടും ബിഷപ്പിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ഇതുവരെ തയ്യാറായിട്ടില്ല. ബിഷപ്പിന്റെ ഉന്നത സ്വാധീനം മൂലം കേസ് അട്ടിമറിക്കപ്പെടുകയാണെന്ന ആരോപണം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.

കേസിന്റെ ദിശതിരിച്ച് വിടാന്‍ ഉന്നതതലത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം ഉണ്ടാകുന്നുണ്ടെന്ന അക്ഷേപവുമുണ്ട്. കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് കത്തോലിക്കാസഭയിലെ ഒരു ഉന്നതനായ ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതിയുമായി കന്യാസ്ത്രീ പോലീസിനെ സമീപിച്ചത്. പരാതി സമര്‍പ്പിച്ചുവെന്ന് മാത്രമല്ല പോലീസിന് തെളിവുകളും വിവരങ്ങളും കൈമാറി. കേസിലെ മുഴുവന്‍ പഴുതുകളും അടക്കുന്നതിന്റെ ഭാഗമായി ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റിന് മുന്നില്‍ ജൂലൈ അഞ്ചിന് രഹസ്യമൊഴിയും നല്‍കി. പക്ഷെ രഹസ്യമൊഴി നല്‍കി 20 ദിവസം പിന്നിട്ടിട്ടും ആരോപണ വിധേയനായ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ പോലും കേരളാ പോലീസ് തയ്യാറായിട്ടില്ല. വൈക്കം ഡി വൈ എസ് പി സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിപുലമായ മൊഴിയെടുപ്പും തെളിവ് ശേഖരണവും നടത്തിയിട്ടുണ്ട്.

ബിഷപ്പിനെ ചോദ്യം ചെയ്യേണ്ട ഘട്ടം എത്തിയെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നുണ്ടെങ്കിലും കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചശേഷം മതി ജലന്ധറിലേക്കുള്ള യാത്രയെന്നാണ് ഉന്നത പോലീസ് അധികൃതരുടെ നിര്‍ദ്ദേശം. ഇതോടെ അന്വേഷണം ഫലത്തില്‍ ഇഴഞ്ഞ് നീങ്ങുകയാണ്. കേസ് വഴിമുട്ടിനില്‍ക്കുമ്പോഴാണ് ബിഷപ്പിന് കേസില്‍ വ്യക്തമായ ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നതലത്തില്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരന്റെ മൊഴി പുറത്ത് വന്നത്.

കേസ് ഒത്ത് തീര്‍പ്പാക്കാന്‍ ശ്രമം നടന്നതായാണ് സഹോദരന്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. കാലടി സ്വദേശിയായ ഇടനിലക്കാരന്‍ വഴി അഞ്ച് കോടിയും കന്യാസ്ത്രീക്ക് സഭയില്‍ ഉന്നത പദവിയും വാഗ്ദാനം ചെയ്തു കൊണ്ടായിരുന്നു നീക്കമെന്നും സഹോദരന്‍ അന്വേഷണസംഘത്തോട് പറഞ്ഞത്.
കര്‍ദിനാളും കന്യാസ്ത്രീയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത് വന്നതോടെയാണ് ഒത്തുതീര്‍പ്പിന് ശ്രമം നടന്നതെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍ അന്വേഷണ സംഘത്തലവനായ വൈക്കം ഡിവൈ എസ്പിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. കേസിനെ കുറിച്ച് കത്തോലിക്കാ സഭയിലെ ഉന്നതനായ കര്‍ദിനാളിന് പോലും അറിവുണ്ടായിട്ടും മറച്ച് വച്ചതിന് തെളിവുകളും പുറത്ത് വന്നിരുന്നു. കേസില്‍ പോലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും കന്യാസ്ത്രീയുടെ സഹോദരന്‍ ആരോപിച്ചു.
കന്യാസ്ത്രീയുടെ സഹോദരന്‍ ഭീഷണിപ്പെടുത്തിയതായി നേരത്തെ ബിഷപ്പും പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ബിഷപ്പിന്റെ വാദങ്ങള്‍ തെറ്റാണെന്ന് പോലീസിന് ബോധ്യപ്പെട്ടിരുന്നു. അതിനിടെ കന്യാസ്ത്രീക്കെതിരെ ബിഷപ്പ് നല്‍കിയ പരാതിയെക്കുറിച്ചാണ് പോലീസ് സംഘം ഇപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. കന്യാസ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട യുവാവിന്റെ മൊഴി പോലീസ് ഉടന്‍ രേഖപ്പെടുത്തും.
ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ഒരു കന്യാസ്ത്രീ രഹസ്യമൊഴി നല്‍കിയിട്ടും ആരോപണ വിധേയനെ ചോദ്യം ചെയ്യാന്‍ പോലും കേരളാ പോലീസ് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും ബിഷപ്പിന്റെ ഉന്നത ബന്ധങ്ങള്‍ സര്‍ക്കാറിനെ പോലും സ്വാധീനിച്ചോ തുടങ്ങിയ സംശയമാണ് ഇതോടെ ശക്തമാകുന്നത്.

കാര്‍ ഡ്രൈവറുടെ മൊഴിയെടുക്കും
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറവിലങ്ങാട്ടെ മഠത്തിലെത്തിച്ച കാറിന്റെ ഡ്രൈവറുടെ മൊഴിയെടുക്കും. കുറവിലങ്ങാട്ടെ മഠത്തില്‍വച്ച് 15 ഓളം തവണ ബിഷപ്പ് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡ്രൈവറെ ചോദ്യം ചെയ്യാന്‍ അന്വേഷ സംഘം തീരുമാനിച്ചത്.

തൃശൂര്‍ സ്വദേശിയായ ഇയാളുടെ വിവരങ്ങള്‍ ഇന്നലെയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. കന്യാസ്ത്രീ പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ ബിഷപ്പ് മഠത്തിലെത്തിയിരുന്നതായി സന്ദര്‍ശന രജിസ്റ്ററില്‍ നിന്ന് വ്യക്തമായിരുന്നു. ബിഷപ്പ് മഠത്തിലെത്തിയതിന് കൂടുതല്‍ സ്ഥിരീകരണം ലഭിക്കുന്നതിന് വേണ്ടിയാണ് ഡ്രൈവറെ ചോദ്യം ചെയ്യുന്നത്.

അതിനിടെ, പരാതിക്കാരിയായ കന്യാസ്ത്രീയും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്‌വന്ന സംഭവത്തില്‍ അന്വേഷണ സംഘം കന്യാസ്ത്രീയില്‍നിന്ന് മൊഴിയെടുത്തു.
ഇന്നലെ ഉച്ചക്ക് ശേഷമാണ് അന്വേഷണച്ചുമതലയുള്ള വൈക്കം ഡിവൈഎസ്പി കുറവിലങ്ങാട്ടെ മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയത്. ഫോണ്‍ സംഭാഷണം താന്‍ തന്നെ സഹോദരന്‍വഴി പുറത്ത് വിട്ടതാണെന്നാണ് കന്യാസ്ത്രീ മൊഴി നല്‍കിയതെന്ന് ഡിവൈഎസ്പി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here