Connect with us

National

ബിഹാറില്‍ ഒറ്റ ദളിത് വോട്ടും ബി ജെ പിക്ക് കിട്ടില്ല: ഭീം ആര്‍മി

Published

|

Last Updated

ന്യൂഡല്‍ഹി: ബിഹാറിലെ ദളിത് വിഭാഗങ്ങളുടെ ഏറ്റവും വലിയ ശത്രു ബി ജെ പിയാണെന്ന് ഭീം ആര്‍മി. ബി ജെ പിക്ക് ഒരൊറ്റ ദളിത് വോട്ടു പോലും ഇത്തവണ കിട്ടില്ലെന്നും ഭീം ആര്‍മിയുടെ ബിഹാര്‍ പ്രസിഡന്റ് അമര്‍ ആസാദ് പറഞ്ഞു. ഞങ്ങള്‍ ഒരിക്കലും മുഖ്യമന്ത്രി നിതീഷ് കുമാറിന് എതിരല്ല. എന്നാല്‍ ദളിത് വിരുദ്ധ മനോഭാവം സൂക്ഷിക്കുന്ന ബി ജെ പിയുമായുള്ള അടുപ്പം ജെ ഡി യുവിന് ഇത്തവണ തിരിച്ചടിയാകും. അവര്‍ തോല്‍ക്കും. നിതീഷിന് കൊടുക്കുന്ന ഓരോ വോട്ടും ബി ജെ പിയെയാണ് സഹായിക്കുക. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഓരോ വോട്ടര്‍ക്ക് മുന്നിലും ഈ സന്ദേശമെത്തിക്കും. നിതീഷ് കുമാറിനോട് ഞങ്ങള്‍ക്ക് സഹതാപമുണ്ട്. പക്ഷേ വോട്ട് നല്‍കില്ല- അമര്‍ ആസാദ് എന്‍ ഡി ടി വിയോട് പറഞ്ഞു.

അതിനിടെ, ബിഹാറിലെ ദളിത് വിഭാഗത്തില്‍ നിന്ന് ഉയരുന്ന കടുത്ത എതിര്‍പ്പ് ബി ജെ പിക്ക് തിരിച്ചടിയാകുമെന്ന് മുതിര്‍ന്ന ജെ ഡി യു നേതാവ് ശ്യാം രാജക് പറഞ്ഞു. രാജ്യത്ത് എവിടെ നടക്കുന്ന അതിക്രമവും ഇപ്പോള്‍ സോഷ്യല്‍മീഡിയ വഴി ആളുകളിലെത്തുന്നുണ്ട്. അധികകാലം ഇത് ആര്‍ക്കും സഹിക്കാന്‍ കഴിയില്ല. ഉനയിലും ഷഹരാന്‍പൂരിലും ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടവരുടെയൊന്നും ചിത്രം ആരുടേയും മനസ്സില്‍ നിന്ന് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പിക്കെതിരെ ശക്തമായ ജനവികാരം നിലനില്‍ക്കുന്നുണ്ടെന്നാണ് ഭീം ആര്‍മിയുടെ സ്വീകാര്യത കാണിക്കുന്നത്. 2014ല്‍ ദളിത് ആക്രമണത്തില്‍ പ്രതിഷേധിച്ച് യു പിയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഭീം ആര്‍മി വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ഭീം ആര്‍മിയുടെ സ്ഥാപക നേതാവും അഭിഭാഷകനുമായ ചന്ദ്ര ശേഖര്‍ ആസാദ് രാവണിനെ ദേശീയ സുരക്ഷാ നിയമപ്രകാരം 2017 ജൂണില്‍ അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹം ഇപ്പോഴും ജയിലിലാണ്. കൈരാനാ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ പരാജയം പഠിച്ച ബി ജെ പി പറഞ്ഞത് ദളിത് വോട്ടുകള്‍ പ്രതിപക്ഷത്തിന് അനുകൂലമായി തിരിച്ചു വിട്ടത് ഭീം ആര്‍മിയാണ് എന്നായിരുന്നു.

Latest