Connect with us

Editorial

കെ എസ് ആര്‍ ടി സി വിഭജനം

Published

|

Last Updated

സൗത്ത് സോണിന്റെ ഉദ്ഘാടനം ഇന്നലെ തിരുവനന്തപുരത്ത് നിര്‍വഹിക്കപ്പെട്ടതോടെ കെ എസ് ആര്‍ ടി സിയെ മൂന്ന് ലാഭകേന്ദ്രങ്ങളാക്കുന്ന നടപടിക്ക് തുടക്കമായിരിക്കുകയാണ്. സ്ഥാപനത്തെ കാര്യക്ഷമവും ലാഭകരവുമാക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച പ്രൊഫ. സുശീല്‍ഖന്ന റിപ്പോര്‍ട്ട് പ്രകാരമാണ് സൗത്ത് സോണ്‍, സെന്‍ട്രല്‍ സോണ്‍, നോര്‍ത്ത് സോണ്‍ എന്നിങ്ങനെ മൂന്നായി തിരിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണ് സൗത്ത് സോണില്‍ ഉള്‍പ്പെടുക. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലക ള്‍ സെന്‍ട്രല്‍ സോണിന്റെ പരിധിയില്‍ വരും. മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ അടങ്ങിയതാണ് നോര്‍ത്ത് സോണ്‍. ചീഫ് ഓഫീസിലെ മൂന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്കാണ് സോണുകളുടെ ചുമതല. ജില്ലാ ആസ്ഥാനവും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ തസ്തികയും ഇതോടെ ഇല്ലാതാകും.

സോണുകള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം നടക്കുകയും ഇതോടെ സ്ഥാപനം ലാഭത്തിലാക്കാന്‍ സാധിക്കുകയും ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ഈ വിഭജനം. എന്നാല്‍ ഇങ്ങനെ വിഭജിക്കുമ്പോള്‍ തലപ്പത്ത് പ്രൊഫഷനലുകളെ നിയമിക്കണമെന്നാണ് സുശീല്‍ഖന്ന റിപ്പോര്‍ട്ടിലെ നിര്‍ദേശം. ബസ് വ്യവസായത്തെക്കുറിച്ച് അറിവോ മാനേജ്‌മെന്റ് പരിജ്ഞാനമോ ഇല്ലാത്തവര്‍ താക്കോല്‍ സ്ഥാപനങ്ങളില്‍ ഇരിക്കുന്നതാണ് സ്ഥാനത്തിന്റെ തകര്‍ച്ചക്ക് കാരണമെന്നാണ് വിലയിരുത്തല്‍. സ്ഥാപനത്തിന്റെ ഡിപ്പോ മുതല്‍ മുഖ്യകാര്യാലയം വരെയുള്ള ഒരു മേഖലയിലും ആധുനിക മാനേജ്‌മെന്റ് ശാസ്ത്രം അറിയുന്നവര്‍ തുലോം കുറവാണ്. രാഷ്ട്രീയ, തൊഴിലാളി യൂനിയന്‍ സ്വാധീനത്താല്‍ കയറിപ്പറ്റുന്നവരാണ് സ്ഥാപനത്തെ നയിക്കുന്നതും നിയന്ത്രിക്കുന്നതും. റൂട്ട് നിര്‍ണയത്തിലും സമയ നിര്‍ണയത്തിലും ദിനംപ്രതി ലഭ്യമാകുന്ന ബസുകളും ജീവനക്കാരെയും ഉപയോഗപ്പെടുത്തി ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിലുമെല്ലാം കഴിവും വൈദഗ്ധ്യവുമുണ്ടെങ്കിലേ സ്ഥാപനത്തെ കരകയറ്റാന്‍ സാധിക്കൂ.

മൂന്ന് മേഖലകളായി തിരിക്കുമ്പോള്‍ പ്രധാന തസ്തികകളില്‍ പ്രൊഫഷണലുകളെ നിയമിക്കണമെന്നായിരുന്നു എം ഡി തച്ചങ്കരിയുടെ താത്പര്യം. മാനേജ്‌മെന്റ് വിദഗ്ധരെത്തേടി സ്ഥാപനം അപേക്ഷ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ വിദഗ്ധരെ നിയമിക്കാതെയാണ് ഇപ്പോള്‍ വിഭജനം നടന്നിരിക്കുന്നത്. യൂനിയന്‍ നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് മന്ത്രിയുടെ ഓഫീസാണ് അതിന് ഇടങ്കോലിട്ടതെന്നാണ് പറയുന്നത്.
വിഭജനം സ്ഥാപനത്തിന്റെ തകര്‍ച്ചക്ക് വഴിയൊരുക്കുമെന്ന പ്രചാരണത്തിലൂടെ തൊഴിലാളികളെ അതിനെതിരെ തിരിച്ചു വിടാന്‍ ചില നേതാക്കള്‍ രംഗത്തു വന്നിട്ടുമുണ്ട്. ഓപ്പറേഷന്‍, ഭരണം, ശിക്ഷണ നടപടികള്‍ തുടങ്ങിയ കാര്യങ്ങളില്‍ സമ്പൂര്‍ണ സ്വതന്ത്രാധികാരമുള്ള മേഖലകളാണ് സുശീല്‍ ഖന്ന ശിപാര്‍ശ ചെയ്തിട്ടുള്ളതെന്നതിനാല്‍ ഫലത്തില്‍ ഇത് മൂന്ന് കോര്‍പറേഷനായി പരിവര്‍ത്തിപ്പിക്കലാണെന്നും ഇത് സ്ഥാപനത്തിന്റെ പ്രസക്തി നഷ്ടമാക്കുമെന്നുമാണ് ഇവരുടെ പ്രചാരണം. സ്വകാര്യ ബസുടമകളില്‍ നിന്നും വാടകക്ക് വണ്ടിയെടുത്ത് ഓടിച്ച ്അവരെ സഹായിക്കുകയെന്ന ദുരുദ്ദേശ്യവും ഇതിനു പിന്നിലുണ്ടെന്നും ആരോപിക്കപ്പെടുന്നു. ശമ്പളപരിഷ്‌കരണം, ഡിഎ, തൊഴിലാളികളുടെ പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങളില്‍ മൂന്ന് മേഖലകള്‍ സ്വതന്ത്ര ചുമതലയിലേക്കു ഭാവിയില്‍ കടക്കുകയും അത് തങ്ങളുടെ താത്പര്യങ്ങള്‍ക്ക് ഹാനികരമാവുകയും ചെയ്യുമെന്നതാണ് ഇവരെ അലട്ടുന്ന യഥാര്‍ഥപ്രശ്‌നം.

സ്വകാര്യ ബസുകള്‍ വാടകക്കെടുത്ത് ഓടിക്കുന്നതിനെക്കുറിച്ച് കെ എസ് ആര്‍ ടി സി മാനേജ്‌മെന്റ് ചിന്തിക്കാനിടയാക്കിയത് തൊഴിലാളികളുടെ കാര്യക്ഷമതയില്ലായ്മയും ഉഴപ്പന്‍ സമീപനവും കൊണ്ടാണ്. കെ എസ് ആര്‍ ടി സി വര്‍ക്കുഷാപ്പുകളില്‍ ജീവനക്കാര്‍ ധാരാളമുണ്ടെങ്കിലും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി വാഹനം പുറത്തിറങ്ങുന്നത് ഒച്ചിന്റെ വേഗതയിലാണ്. സ്റ്റാഫ് /ബസ് അനുപാതം ഏറ്റവും കൂടിയത് കേരളത്തിലാണ്. ഓരോ ബസിനും ഇവിടെ 6.79 ജീവനക്കാരുണ്ട്. കര്‍ണാടകയില്‍ ഇത് 4.63ഉം ആന്ധ്രാപ്രദേശില്‍ 5.44ഉം തമിഴ്‌നാട്ടില്‍ 6.01ഉം ആണ്. ഖന്നാ കമ്മീഷന്‍ പഠനം നടത്തിയ 2012-13ലെ കണക്കനുസരിച്ച് കേരളത്തില്‍ 5847 ബസുകളുണ്ടെങ്കിലും 81.61 ശതമാനം മാത്രമാണ് ഉപയോഗിക്കുന്നത്. 22,477 ബസുകളുള്ള ആന്ധ്രാപ്രദേശ് ആര്‍ ടി സി 99.67 ശതമാനം ബസുകളും നിരത്തിലിറക്കുന്നു.
സംസ്ഥാനത്തിന്റെ ഗതാഗത മേഖലക്കും സാമൂഹിക വളര്‍ച്ചക്കും അനിവാര്യമാണ് കെ എസ് ആര്‍ ടി സിയെന്നതിനാലാണ് മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിനും നല്‍കാത്ത സാമ്പത്തിക സഹായവും ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കുന്നത്. ഇതോടൊപ്പം സ്ഥാപനം നിലനില്‍ക്കേണ്ടത് തങ്ങളുടെ കൂടി അനിവാര്യമായ ആവശ്യമാണെന്ന് സ്ഥാപനത്തിലെ അരലക്ഷത്തോളം വരുന്ന ജീവനക്കാര്‍ മനസ്സിലാക്കേണ്ടതുണ്ട്.

അയല്‍ സംസ്ഥാനങ്ങള്‍ പൊതുഗതാഗത സംവിധാനം ലാഭകരമായി നടപ്പാക്കി സര്‍ക്കാറിന് മുതല്‍കൂട്ടുമ്പോള്‍ കെ എസ് ആര്‍ ടി സി എന്നും സര്‍ക്കാറിന്റെ ഔദാര്യത്തില്‍ നിലനിര്‍ത്തണമെന്ന ശാഠ്യം ശരിയല്ല. വിഭജനം ഉള്‍പ്പെടെ കെ എസ് ആര്‍ ടി സിയില്‍ നടപ്പാക്കിവരുന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ സ്ഥാപനത്തിന്റെ വളര്‍ച്ചക്ക് സഹായകമാണെന്നാണ് പൊതുവായുള്ള വിലയിരുത്തല്‍. പണിയെടുക്കാതെ ശമ്പളം പറ്റുന്ന ഒരു പറ്റം തൊഴിലാളി നേതാക്കളും അവരെ ചുറ്റിപ്പറ്റി കഴിയുന്നവരുമാണ് ഇതിനെ തള്ളിപ്പറയുന്നതും തുരങ്കം വെക്കാന്‍ ശ്രമിക്കുന്നതും. വിവിധ സോണുകളില്‍ പോയി പണിയെടുക്കാന്‍ നിര്‍ബന്ധിതരാകുമെന്നതാണ് ഇവരെ അലട്ടുന്ന പ്രശ്‌നം.