ജയലളിത ഒരിക്കലും ഗര്‍ഭിണിയായിട്ടില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Posted on: July 25, 2018 11:56 pm | Last updated: July 25, 2018 at 11:56 pm
SHARE

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകളാണ് താനെന്ന് അവകാശപ്പെട്ട് രംഗത്തു വന്ന യുവതിയുടെ വാദങ്ങള്‍ പൊളിക്കാന്‍ വീഡിയോ ക്ലിപ്പുമായി തമിഴ്‌നാട് സര്‍ക്കാര്‍. 1980 ജൂലൈയില്‍ ഫിലിം ഫെയര്‍ അവാര്‍ഡ് ചടങ്ങില്‍ ജയലളിത പങ്കെടുക്കുന്നതിന്റെ വീഡിയോ ക്ലിപ്പാണ് സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയത്.

ജയലളിത ഒരിക്കലും ഗര്‍ഭിണിയായിട്ടില്ലെന്നും മകളാണെന്ന് അവകാശപ്പെടുന്ന യുവതി സ്വത്ത് തട്ടാനാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്നും സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ വിജയ് നാരായണന്‍ ഹൈക്കോടതിയില്‍ ആരോപിച്ചു. ജയലളിതയുടെ മകള്‍ എന്നവകാശപ്പെട്ട് ബെംഗളൂരു സ്വദേശിനിയായ അമൃത സാരഥി മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കവേയാണ് അഡ്വക്കറ്റ് ജനറല്‍ ഇക്കാര്യം പറഞ്ഞത്.

ജയലളിത ഒരിക്കല്‍ പോലും ഗര്‍ഭം ധരിച്ചിരുന്നില്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലത്തോടൊപ്പമാണ് വീഡിയോ ക്ലിപ്പ് നല്‍കിയിരിക്കുന്നത്. ജയലളിതയുടെ മകളാണ് എന്ന അവകാശവാദം ഉന്നയിച്ച് അമൃത സമര്‍പ്പിച്ച ഹരജിയില്‍ ജനന തീയതി 1980 ആഗസ്റ്റ് ആണെന്ന് കാണിച്ചിരുന്നു. ഈ വാദം പൊളിക്കാന്‍ 1980ല്‍ ഈ തീയതിക്ക് തൊട്ടുമുമ്പ് ജയലളിത പങ്കെടുത്ത ഫിലിം ഫെയര്‍ പുരസ്‌കാര ചടങ്ങിന്റെ വീഡിയോ ക്ലിപ്പാണ് ജസ്റ്റിസ് വൈദ്യനാഥന്‍ മുമ്പാകെ സര്‍ക്കാര്‍ തെളിവായി സമര്‍പ്പിച്ചത്. 1980 ആഗസ്റ്റ് 14ന് 27-ാമത് ഫിലിം ഫെയര്‍ അവാര്‍ഡ് വിതരണ ചടങ്ങില്‍ ജയലളിത പങ്കെടുക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ജയലളിത ഗര്‍ഭിണിയായിരുന്നു എന്നതിന്റെ ഒരു തരത്തിലുമുള്ള സൂചനകളും വീഡിയോയില്‍ ഇല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.

മകളാണെന്ന് അവകാശപ്പെടുന്ന പരാതിക്കാരിക്ക് ജയലളിതയുമായി ഒന്നിച്ചുള്ള ഒരു ചിത്രം പോലും എടുക്കാന്‍ കഴിയാതെ പോയത് എന്തുകൊണ്ടാണെന്നും അഭിഭാഷകന്‍ ചോദിച്ചു. താന്‍ ജയലളിതയുടെ മകളാണെന്നും ദത്ത് നല്‍കുകയായിരുന്നുവെന്നുമാണ് യുവതി അവകാശപ്പെടുന്നത്. തന്റെ വാദം തെളിയിക്കാന്‍ ഡി എന്‍ എ പരിശോധന നടത്തണമെന്നും ആവശ്യപ്പെടുന്നു. കേസില്‍ വിധി പറയുന്നത് അടുത്താഴ്ചത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. 2016 ഡിസംബറില്‍ ജയലളിത മരിച്ച് രണ്ട് മാസം പിന്നിട്ട ശേഷമാണ് യുവതി ഹരജിയുമായി കോടതിയില്‍ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here