നുണയല്ലേ ഈ തേന്‍വരിക്ക

Posted on: July 24, 2018 10:19 pm | Last updated: July 24, 2018 at 10:19 pm

കേള്‍ക്കുമ്പോള്‍ തോന്നും ഇതെന്താ വെറുമൊരു കുട്ടിക്കഥയല്ലേ എന്ന്, അങ്ങനെയാണ് തോന്നേണ്ടതും. പക്ഷെ കേട്ടുകഴിയുമ്പോഴാണ് ഒരു കുഞ്ഞിക്കഥ ഉള്‍കൊള്ളുന്ന ദര്‍ശനത്തിന്റെ ആഴം നിങ്ങള്‍ക്കു പിടികിട്ടുക. കഥ, ഈച്ചയുടെതും പല്ലിയുടെതുമാണ്. ഉറ്റ തോഴന്മാരാണിരുവരും. കാര്യങ്ങളില്‍ പരസ്പരം ഗുണദോഷിക്കുക അവരുടെ പതിവാണ്. നല്ല തേനിറ്റുന്ന വരിക്കച്ചക്ക മുറിച്ചുവെച്ചിരിക്കുന്നു. ഈച്ചക്കൊരാശ, ഒരല്‍പ്പം നുണഞ്ഞാലെന്താ? എന്തുകൊണ്ടെന്നറിയില്ല, പല്ലിക്ക് ചക്കമധുരം നേരത്തെ പ്രിയങ്കരമല്ല. ഈച്ച ചക്ക രുചിക്കാന്‍ പോവുന്നതില്‍ ഒരപകടം പതിയിരിക്കുന്നത് പല്ലി തിരിച്ചറിയുകയും ചെയ്തു. ഒന്നല്ല, രണ്ടല്ല മൂന്ന് തവണ പല്ലി വിലക്കി. ഈച്ചഭായീ! പോവല്ലേ, തിന്നല്ലേ അത് നല്ലതിനായിരിക്കില്ലേ. ഛെ!! ഈച്ച ചെവികൊടുക്കുന്ന മട്ടില്ല. കേട്ടുതിരിയാത്തവന് കൊണ്ടുതിരിയണം എന്നല്ലേ പ്രമാണം.

ക്ഷമകെട്ട പല്ലി വരുമ്പോലെ വരട്ടെ എന്ന് കരുതി മുഖം തിരിച്ച് നിന്നു. ഈച്ച പാറിച്ചെന്ന് ചക്കമുറിയില്‍ ഉപവിഷ്ടനായി. നുണഞ്ഞു നോക്കുമ്പോള്‍, യാ മോളേ!! എന്തൊരു മധുരം. മധുരലഹരിയില്‍ മതിമറന്നുള്ള തുള്ളിക്കളിക്കിടെ, ഈച്ചയുടെ ഒരു ചിറകിന്റെ അരിക് ചക്കപ്പാലിലൊട്ടി. ‘ഇതൊക്കെ ഞമ്മള്‍ക്കൊരു പ്രശ്‌നമാണോ’ എന്ന മട്ടില്‍ ഈച്ച കുതറിപ്പറക്കാനോങ്ങി. മറ്റേ ചിറകും പാലില്‍ പറ്റി. മുക്കിയും മൂളിയും തെറുപ്പിച്ച് പറക്കാന്‍ ഈച്ച ആവത് ശ്രമിച്ചപ്പോഴൊക്കെ, കൂടുതല്‍ കൂടുതല്‍ അവന്‍ ചക്കവെളിഞ്ഞിയില്‍ ചൂഴ്ന്നുപൂണ്ടു. മധുരം തിന്നാന്‍ പോയവന്‍ ചക്കപ്പശയുടെ കുരിശില്‍ പിടച്ചുപിടച്ചു മരിച്ചു. കണ്ടുനിന്ന പല്ലി അര്‍ഥഗര്‍ഭമായി ചിലച്ചു.

മധുരച്ചക്കയാണ് ദുനിയാവ്. നാം ഈച്ചകളും, ഭും!! ദുനിയാവിന് നാക്കിനെ കൊതിപ്പിക്കുന്ന ഒരു രുചിയുണ്ട്. കണ്ണിനെ കൊത്തി വലിക്കുന്ന കാഴ്ചഭംഗിയും. നാം അല്‍പ്പം അല്‍പ്പം എന്നു കരുതി ആ ചക്കത്തേന്‍ നുണയാനൊരുങ്ങും. നുണച്ചിലിനിടേ നാം പാര്‍ശ്വങ്ങളിലേക്ക് തെന്നും. ജീവിതം ചക്കപ്പശയില്‍ കുടുങ്ങി ഒടുങ്ങും. ഒരു ഹദീസിലില്ലേ, ദുനിയാവ് മധുരോദാരമാണ്, ഹരിതാഭവും എന്ന്. എന്താണതിന്റെ താത്പര്യമെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? ദുനിയാവിന്റെ ആവശ്യക്കാര്‍ക്ക് അതിനെ മാര്‍ക്കറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഒരാള്‍ നിരത്തുന്ന ഗുണവിശേഷണങ്ങള്‍ എന്നാണ് തോന്നുക. കേട്ടമാത്രയില്‍ രണ്ടും പോസിറ്റീവാണ്. പക്ഷെ അങ്ങനെയാണോ? അല്ലെന്നാണ് തുടര്‍ഭാഗം വായിച്ചാല്‍ മനസ്സിലാവുക. ആ ദുനിയാവിന്റെ പില്‍ക്കാല പ്രതിനിധികളാക്കി അല്ലാഹു നിങ്ങളെ നിശ്ചയിച്ചിരിക്കുകയാണ്. നിങ്ങളതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് നിരീക്ഷിക്കാന്‍. തീര്‍ന്നില്ല, ആറ്റല്‍ നബി (സ) യുടെ പിന്നീടുള്ള ഉണര്‍ത്തല്‍ ‘ആ ദുനിയാവിനെ നിങ്ങള്‍ സൂക്ഷിച്ചോളീന്‍, സ്ത്രീകളേയും സൂക്ഷിച്ചോളീന്‍’ എന്നാണ്. ദുനിയാവ് പച്ചപ്പ് പുതച്ച, മധുരം നിറച്ച തേന്‍കുടമാണ്; കൈയിട്ട് വാരിക്കോളീന്‍ എന്നല്ല ഹദീസിന്റെ താത്പര്യം എന്ന് വ്യക്തം.

ഇരുമ്പിന് കാന്തത്തോടെന്ന പോലെ മനുഷ്യന് സമ്പത്തിനോട് അടങ്ങാത്ത ആര്‍ത്തിയാണ്. ഞാന്‍ ജീവിക്കുന്നത് തന്നെ എന്തിന് വേണ്ടിയാണെന്ന് പാതിരാത്രിയിലുള്ള ഏതെങ്കിലും ഞെട്ടിയുണര്‍ച്ചയില്‍ നെഞ്ച് തടവി നാം നമ്മോട് തന്നെ ചോദിച്ചാല്‍ ഊറിക്കിട്ടുന്ന ഉത്തരം അതായിരിക്കണം അധികം പേര്‍ക്കും. മനുഷ്യന്റെ ഉള്ളില്‍ ലാവയായി ഉരുകിത്തിളക്കുന്ന ഈ അത്യാര്‍ത്തി പക്ഷെ, അവ്വിധം നാം പുറത്ത് കാട്ടാറില്ല. നാം ലളിതമായാണ് മോഹിച്ചു തുടങ്ങുക. മിതമായാണ് പറഞ്ഞ് ബോധിപ്പിക്കുക. കൂടുതലൊന്നും വേണ്ട കടം വീടണം, പിന്നെയൊരു വീട് വെക്കണം. വീടായാലോ, ഒരു കൊച്ചുവാഹനം, പിന്നെ ഒരു സ്ഥിര വരുമാനം? പിന്നെ? പിന്നെ? പിന്നെ?….. മനസ്സാക്ഷിയോട് സത്യസന്ധമായി ചോദിച്ചുനോക്ക്. എവിടെയാണ് ആ ആര്‍ത്തികളുടെ പൂര്‍ണവിരാമമെന്ന്. ഹദീസിലുണ്ടല്ലോ, ഒരു മനുഷ്യന് സ്വര്‍ണനിബിഡമായ രണ്ട് താഴ്‌വരകള്‍ ഉണ്ടായാല്‍ അയാള്‍ മൂന്നാമതൊന്ന് കൊതിക്കുകയായിരിക്കും. അവന്റെ ഉള്ള് നിറക്കാന്‍ മണ്ണിനേ കഴിയൂ.

നാലിലാണോ അഞ്ചിലാണോ എന്നുറപ്പില്ല. മലയാള പാഠാവലിയില്‍ കാണാപാഠം പഠിച്ച ഒരു പൂന്താന കവിതാ ശകലം, നിങ്ങളിലും മുഴങ്ങി നില്‍പ്പുണ്ടാവും.

പത്തുകിട്ടുകില്‍ നൂറുമതിയെന്നും/ ശതമാകില്‍ സഹസ്രം മതിയെന്നും/ ആയിരം പണം കയ്യിലുണ്ടാവുമ്പോള്‍/ അയുതമാകില്‍ ആശ്ചര്യമെന്നതും/ എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും/ മണ്ടിമക്കിക്കരേറുന്നു മോഹവും

ഈ ലേഖനം ഇത്രയെത്തി നില്‍ക്കുമ്പോള്‍ ഒരു സംഭവമുണ്ടായി! എന്റെ രണ്ട് പഴയ സുഹൃത്തുക്കള്‍ വീട്ടിലേക്ക് വിരുന്നെത്തി. അബ്ദുല്‍ ജലീല്‍ ദമ്മാമിലാണ്. മുഷ്താഖ് നാട്ടില്‍ വയറിംഗ് പണി. രണ്ട് പേരോടും പുറത്തിരിക്കാന്‍ പറഞ്ഞ്, ഞാനും ഭാര്യയും കൂടി അടുക്കളയില്‍ നിന്ന് ചായയും വെല്ലം ഉരുക്കിയതില്‍ ആര്‍ കെ ജി ചൂടാക്കിയൊഴിച്ച് അവിലു കുഴച്ചതും റെഡിയാക്കി വരുമ്പോഴേക്കും മര്യാദകെട്ട രണ്ട് അതിഥികളും ഞാനെഴുതിവെച്ചത് കട്ടുവായിച്ചു കളഞ്ഞു. ഞാന്‍ മുഖത്ത് അത് പ്രതിഫലിപ്പിക്കാതെ, ഒന്നുമറിയാത്ത മട്ടില്‍ മിണ്ടിപ്പറഞ്ഞു. മുഷ്താഖ് ബാത്‌റൂമില്‍ കയറിയ അവസരത്തില്‍ ജലീല്‍ പറഞ്ഞു. ഞാന്‍ കരുതി നീ ചക്കയിലൊട്ടിയ ഈച്ചയുടെ കഥ എന്ന് പറഞ്ഞ് പറഞ്ഞ് ഞങ്ങളെപ്പറ്റിയാണ് എഴുതുന്നതെന്ന്.

ആരെ പറ്റി?
പ്രവാസികളെ പറ്റി!
അങ്ങനെ തോന്നാന്‍?
അല്ല, ഞങ്ങളുടെ കാര്യം കുറെയൊക്കെ അങ്ങനെയാണ്. ഞാന്‍ വെറും രണ്ട് കൊല്ലം നില്‍ക്കണം എന്ന് കരുതി വിമാനം കയറിയവനാണ്. ഇപ്പം പന്ത്രണ്ട് കൊല്ലം കഴിഞ്ഞു. ഇടക്കാലത്ത് ഒന്ന് നിര്‍ത്തി നാട്ടില്‍ വന്ന് ഒരു മൊബൈല്‍ ഷോപ്പിട്ടു. ക്ലിക്കായില്ല. വീണ്ടും അങ്ങോട്ടേക്ക് തന്നെ പാഞ്ഞു. വീടുപണി പൂര്‍ത്തിയായി. അപ്പോഴേക്കും മോള് വലുതായി. നീ എഴുതിയത് പോലെ രണ്ട് ചിറക് മാത്രമല്ല, കാലും തലയും കണ്ണും കാതുമൊക്കെ മരുഭൂമിയില്‍ ഒട്ടിപ്പിടിച്ചിട്ടാ ഉള്ളത്. എനിക്കെന്തെങ്കിലും തിരിച്ച് പറയാനാകുന്നതിന് മുമ്പ് മുഷ്താഖ് വാതില്‍ തുറന്ന് പുറത്തെത്തി. ജലീല്‍ സംസാരം അവസാനിപ്പിക്കുകയും ചെയ്തു.
അന്ന് രാത്രിയുണ്ട് ഒരു ഫോണ്‍. നമ്പര്‍ അപരിചിതം. എടുത്ത ഉടനെ ചിരി. വെറും ചിരി. പശൂന്നെയ്യ് കൂട്ടിയുള്ള അവില് കുഴച്ചത് സൂപ്പറായി കെട്ടോ. ആള്‍ മുഷ്താഖ്. പിടികിട്ടി. ആര്‍ക്കും മനസ്സിലാവാത്ത ഒരു പരമരഹസ്യം വെളിപ്പെടുത്തുന്ന വിധേന അവന്‍ പറയുകയാണ്: പിന്നെ നീ എഴുതിവെച്ചത് ഞാന്‍ വായിച്ചു. അവസാന ഭാഗത്ത് നീ അത് കുളമാക്കി. ഞാന്‍ കരുതി നീ പ്രേമത്തെ പറ്റിയാണ് എഴുതുന്നതെന്ന്.
അതെന്താ അങ്ങനെ പറയാന്‍?

നീ എഴുതിയ ഈച്ചന്റെ കഥ അതില്‍ കറക്റ്റാ. തമാശക്കാണ് തുടങ്ങുക. പിന്നെ ഒരു ചിറക് പറ്റും. പിടക്കുമ്പോള്‍ മറ്റേ ചിറകും. പിന്നെ പിടച്ച് ചാവും. പക്ഷെ എഴുതി അത് അങ്ങോട്ടൊന്നും എത്തിച്ചില്ല.
പിന്നെയില്ലാതെ? ഞാനൊരു ഹദീസ് ഉദ്ധരിച്ചത് നീ വായിച്ചില്ലേ? എനിക്ക് സങ്കടവും ദേഷ്യവും ഒപ്പം വന്നു. സ്ത്രീകളെ ശ്രദ്ധിച്ചോളീന്‍ എന്ന് അതിന്റെ ബാക്കിയില്‍ പറയുന്നുണ്ട്. ഇസ്രാഈല്‍ സന്തതികളില്‍ നടന്ന ആദ്യ ദുരന്തം പെണ്‍കേസുകൊണ്ടാണ്.

അല്ല, ഞാനുദ്ദേശിച്ചത് അങ്ങനെയല്ല.
പിന്നെ? നീ ഉദ്ദേശിച്ചത് പോലെ എനിക്കെഴുതാനാകുമോ?
കണ്ടില്ലേ ഞാന്‍ തുടക്കത്തിലേ പറഞ്ഞിട്ടില്ലേ, കുഞ്ഞിക്കഥയാണെങ്കിലും, ദര്‍ശനമുറങ്ങുന്ന ഒന്നാണെന്ന.് ഓരോരുത്തരും അവരുടെ ജീവിത സന്ദര്‍ഭങ്ങളിലേക്ക് അതിനെ പിടിച്ച് ഉരച്ചു നോക്കുന്നതിന് നിങ്ങളും ഇപ്പോള്‍ ദൃക്‌സാക്ഷിയായില്ലേ. ഇത് പോലെ പ്രണയം, പലിശ, ലഹരിഭോഗം, ചീട്ടുകളി, ചാറ്റുകളി, തിമിംഗലക്കളി എന്നിത്യാദികളില്‍ മെല്ലെ ചെന്ന് പറ്റിപ്പിടിച്ചിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തുകയാണ് ഇത് വായിച്ച് മടക്കിവെച്ച ഉടനെ നമ്മള്‍ ചെയ്യേണ്ടത്.
.