വള്ളം മറിഞ്ഞ് കാണാതായ വാര്‍ത്താ സംഘത്തിലെ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

Posted on: July 24, 2018 7:50 pm | Last updated: July 24, 2018 at 9:16 pm
SHARE

കോട്ടയം:മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുകയായിരുന്ന വാര്‍ത്താ സംഘം യാത്ര ചെയ്ത വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായ സംഭവത്തില്‍ രണ്ടാമത്തെയാളുടെ മ്യതദേഹവും കണ്ടെത്തി. മാതൃഭൂമി തിരുവല്ല ബ്യൂറോയിലെ കാര്‍ ഡ്രൈവര്‍ ഇരവിപേരൂര്‍ കോഴിമല ബിപിന്‍ ബാബു (27)വിന്റെ മൃതദേഹമാണ് വൈകീട്ട് ഏഴ് മണിയോടെ കണ്ടെടുത്തത്. മാത്യഭൂമി ന്യൂസ് കടത്തുരുത്തി സ്ട്രിങ്ങര്‍ മാന്നാര്‍ പാട്ടശ്ശേരില്‍ സജി മെഗാസി(47)ന്റെ മ്യതദേഹം രാവിലെ പത്ത് മണിയോടെ കണ്ടെടുത്തിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെ പാറേ കോളനിക്ക് സമീപം കരിയാറിന്റെ മനക്കച്ചിറ ഒമ്പതാം നമ്പറിലായിരുന്നു അപകടം. മുണ്ടാറിലെ പ്രളയദുരിതം സംബന്ധിച്ച വാര്‍ത്തകളും ദൃശ്യങ്ങളും ശേഖരിച്ച് മടങ്ങുന്നതിനിടെ ഞായറാഴ്ച ഉച്ചയോടെയാണ് ഇവര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞത്. ഇവരോടൊപ്പമുണ്ടായിരുന്ന മാതൃഭൂമി ന്യൂസ് കോട്ടയം സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ ബി ശ്രീധരന്‍, തിരുവല്ല ബ്യൂറോയിലെ ക്യാമറമാന്‍ ചിലക്കടവ് അടിച്ചുമാക്കല്‍ അഭിലാഷ് എസ് നായര്‍, വള്ളം തുഴഞ്ഞിരുന്ന കെ പി അഭിലാഷ് എന്നിവരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. കൊച്ചിയില്‍ നിന്ന് എത്തിയ നാവിക സേന അംഗങ്ങള്‍ ഉള്‍പ്പെടെ തിരച്ചിലില്‍ പങ്കെടുത്തു.

വാര്‍ത്താസംഘത്തിന്റെ അപകട മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഇവരുടെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here