Connect with us

Articles

പല രാമായണങ്ങള്‍ പല വായനകള്‍

Published

|

Last Updated

കേരളത്തില്‍ സംസ്‌കൃത സംഘം എന്ന പേരില്‍ രൂപവത്കൃതമായിട്ടുള്ള സംസ്‌കൃത ഭാഷാ അധ്യാപകരുടെയും പണ്ഡിതന്മാരുടെയും സംഘടന രാമായണ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നു എന്ന റിപ്പോര്‍ട്ട് വിവാദപരമായി ചില മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയ സംഘടനകളും ചര്‍ച്ചചെയ്യുകയാണ്. വേദോപനിഷത്തുകളിലും പുരാണ ഇതിഹാസങ്ങളിലും വൈദഗ്ധ്യമുള്ളവരാണ് സംസ്‌കൃതസംഘം എന്ന സംഘടനക്ക് രൂപം കൊടുത്തിട്ടുള്ളത്. അക്കാദമിക് രംഗത്തെ അറിയപ്പെടുന്ന എഴുത്തുകാരും പ്രഭാഷകരും അധ്യാപകരുമാണ് പ്രധാനമായും സംസ്‌കൃതസംഘത്തിന് നേതൃത്വം കൊടുക്കുന്നത്. പുരാണ ഇതിഹാസങ്ങളെയും സംസ്‌കൃത ഭാഷാ പാരമ്പര്യത്തെയും ഹിന്ദുത്വ നിര്‍മിതിയുടെ ഉപകരണമാക്കുന്ന ഇന്നത്തെ സാഹചര്യമാണ് ഇത്തരമൊരു സംഘടനയുടെ ഇടപെടലിനെ പ്രസക്തമാക്കുന്നത്.

സി പി എം രാമായണ മാസം ആചരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു ചാനലുകളും പത്രമാധ്യമങ്ങളും വിവാദം സൃഷ്ടിച്ചത്. എന്നുമാത്രമല്ല പല ചാനലുകളിലെയും വാര്‍ത്താവതാരകര്‍ ബൈബിളും ഖുര്‍ആനും പോലെ രാമായണം ഒരു മതഗ്രന്ഥമാണെന്ന് വാദിക്കുകയായിരുന്നു. സി പി എം ഭൂരിപക്ഷ വോട്ടുകള്‍ ലക്ഷ്യംവെച്ച് രാമായണ പാരായണം സംഘടിപ്പിക്കുന്നുവെന്നായിരുന്നു അവരുടെ ആരോപണം.

ഇതിഹാസങ്ങളെയും പുരാണങ്ങളെയും മതവേദപുസ്തകങ്ങളെയും സംബന്ധിച്ച് കാര്യബോധമുള്ളവരെന്ന് നമ്മള്‍ കരുതുന്നവരുടെ പോലും ധൈഷണികമായ വിവേചനമില്ലായ്മയാണ് സംഘ്പരിവാറിന്റെ ഹിന്ദുത്വനിര്‍മിതിക്കാവശ്യമായ പ്രത്യയശാസ്ത്രപരിസരം ഒരുക്കിക്കൊടുക്കുന്നത്. ബുദ്ധിജീവികളുടെ അലസ സമീപനങ്ങളും വസ്തുതകളെ സംബന്ധിച്ച അജ്ഞത സൃഷ്ടിക്കുന്ന കുറ്റകരമായ അവതരണങ്ങളും പ്രതിലോമ പ്രത്യയശാസ്ത്രങ്ങള്‍ക്ക് വേരുപിടിപ്പിക്കാന്‍ സൗകര്യമൊരുക്കിക്കൊടുക്കുന്നു. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും അതില്‍ പ്രവര്‍ത്തിക്കുന്നവരും ഇക്കാര്യത്തില്‍ അത്യന്തം പ്രതിലോമപരമായ ധര്‍മമാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. രാമായണവും മഹാഭാരതവുമൊന്നും ഹൈന്ദവ ഗ്രന്ഥങ്ങളേയല്ല എന്നതാണ് വസ്തുത. ഇന്ത്യയുടെ പ്രാചീന ചരിത്രത്തെയും സംസ്‌കാരത്തെയും സംബന്ധിച്ച പഠനാനേ്വഷണങ്ങളെല്ലാം ഇത് വ്യക്തമാക്കിത്തരുന്നുണ്ട്.

നമ്മുടെ സംസ്‌കാരത്തിന്റെ ബഹുസ്വരതയും മാനവികതയും ഇതിഹാസകൃതികളുടെ പുനര്‍വായനയിലൂടെ ജനങ്ങളിലേക്കെത്തിക്കാനാണ് സംസ്‌കൃതസംഘം ശ്രമിക്കുന്നതെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. രാമായണവും മഹാഭാരതവുമെല്ലാം ഹിന്ദുത്വ വര്‍ഗീയതയുടെ പ്രത്യയശാസ്ത്ര നിര്‍മിതിക്കായി സംഘ്പരിവാര്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇന്ത്യന്‍ മതനിരപേക്ഷതയെ ദുര്‍ബലമാക്കിക്കൊണ്ടാണ് അവര്‍ രാമനെ ചരിത്രപരുഷനാക്കിയതും ബാബ്‌രി മസ്ജിദ് തകര്‍ത്തതും. ഇപ്പോള്‍ രാമക്ഷേത്രനിര്‍മാണത്തിനുള്ള ഭീഷണിമുഴക്കുന്നതും വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതും. ഈയൊരു പശ്ചാത്തലത്തിലാണ് രാമായണത്തെയും മഹാഭാരതത്തെയും ജനാധിപത്യ മതനിരപേക്ഷ നിലപാടുകളില്‍ നിന്ന് വായിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യേണ്ടത് പുരോഗമനശക്തികളുടെ ധൈഷണിക ഉത്തരവാദിത്വമാകുന്നത്.
ഹിന്ദുത്വം ഉള്‍പ്പെടെ എല്ലാ വര്‍ഗീയതയും പ്രതിലോമകരമായ പ്രത്യയശാസ്ത്രമാണ്. അനുഷ്ഠാനത്തിന്റെയും വംശസ്മൃതികളുടെയും ഐതിഹ്യങ്ങളുടെയും ഒരു വിശ്വാസ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഹിന്ദുത്വവര്‍ഗീയത ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുള്ളത്. ചരിത്രത്തെയും സംസ്‌കാരത്തെയും അതിന്റെ ഈടുവെപ്പുകളായ പുരാണ ഇതിഹാസങ്ങളെയും ഹൈന്ദവീകരിക്കുകയാണ് വര്‍ഗീയശക്തികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വസ്തുതകള്‍ക്കും ചരിത്രത്തിനും മുകളില്‍ മിത്തുകളെയും ഇതിഹാസ കഥകളെയും പ്രതിഷ്ഠിക്കുകയാണവര്‍. ഇന്ത്യയുടെ ഭൗതിക ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും വൈവിധ്യങ്ങളെ നിഷേധിച്ചുകൊണ്ടാണ് ഹിന്ദുത്വമെന്ന ഏകാത്മകതയിലേക്ക് സമൂഹത്തെയാകെ വിലയിപ്പിച്ചെടുക്കാന്‍ സംഘ്പരിവാര്‍ ശ്രമിക്കുന്നത്. അതിനുള്ള പ്രത്യയശാസ്ത്ര ഉപകരണമെന്ന നിലയിലാണ് രാമായണത്തെയും മഹാഭാരതത്തെയും ഇതിഹാസസന്ദര്‍ഭങ്ങളെയും ഇതിഹാസ കഥാപാത്രങ്ങളെയുമെല്ലാം അവര്‍ ഉപയോഗിക്കുന്നത്.
ഹിന്ദു എന്ന സംജ്ഞപോലും ഇതിഹാസ രചനകളുടേയോ അവക്കു മുമ്പുള്ള നാടോടി വാമൊഴി രൂപപ്പെട്ട കാലത്തോ ഉണ്ടായിരുന്നില്ല. ഹിന്ദു എന്ന സംജ്ഞ തന്നെ ഇന്ന് വ്യവഹരിക്കപ്പെടുന്ന അര്‍ഥത്തില്‍ പ്രത്യക്ഷപ്പെട്ടത് സമീപകാലത്ത് മാത്രമാണ്. സിന്ധു നദീതീരത്ത് താമസിച്ചിരുന്ന ജനങ്ങളെ സൂചിപ്പിക്കാന്‍ വിദേശികള്‍ ഉപയോഗിച്ചിരുന്ന ഒരു പദം മാത്രമായിരുന്നു ഹിന്ദുവെന്നത്. സൈന്ധവ ജനതയെ സൂചിപ്പിക്കാന്‍ വേണ്ടി മാത്രമാണ് അല്‍ബിറൂനിയെ പോലുള്ളവരുടെ സഞ്ചാര സാഹിത്യത്തില്‍ ഹിന്ദു എന്ന പദം ഉപയോഗിച്ചത്. ബ്രാഹ്മണരും ശൂദ്രരും ജൈനരും ബൗദ്ധരും മുസല്‍മാന്‍മാരും എല്ലാം ഉള്‍പ്പെട്ട സൈന്ധവ ജനതയെയാണ് ഹിന്ദു എന്ന പദം അര്‍ഥമാക്കിയത്. പേര്‍ഷ്യന്‍- അറബി ഭാഷയില്‍ സകാരത്തിന് പകരം ഹകാരമാണ് ഉപയോഗിച്ചിരുന്നത്. സിന്ധുനദിയെ ഗ്രീക്കുകാര്‍ ഇന്‍ഡോസ് എന്നാണ് വിളിച്ചത്. അറബികള്‍ അത് അല്‍-ഹിന്ദ് എന്നാക്കി ഇന്ത്യന്‍ നിവാസികളിലേക്കെത്തിച്ചു. ഇതാണ് ഹിന്ദു എന്ന പദത്തിന്റെ രൂപീകരണ ചരിത്രം.

ഇന്നത്തെ രീതിയിലുള്ള മതപരമായ വിവക്ഷ ഹിന്ദു എന്ന സങ്കല്‍പ്പത്തിന് അത് രൂപംകൊണ്ട കാലത്ത് ഉണ്ടായിരുന്നില്ല. ഓറിയന്റലിസ്റ്റുകളായ ചരിത്രകാരന്മാരാണ് ഇന്ത്യന്‍ ചരിത്രത്തെ മതപരമായി മൂന്ന് ഘട്ടങ്ങളായി വിഭജിച്ചത്. ജെയിംസ്മില്ലിനെ പോലുള്ള ഇന്തോളജിസ്റ്റുകളാണ് ഹിന്ദുവിനെ മുസ്‌ലിം അപരത്വത്തിന്റെ നാമമാക്കിമാറ്റിയത്. ഹിന്ദുവിന് മതപരമായ വിവക്ഷ നല്‍കിയത്. വേദങ്ങളും ഉപനിഷത്തുകളും ഇതിഹാസങ്ങളും പുരാണങ്ങളുമെല്ലാം ഈ കൊളോണിയല്‍ മതത്തിന്റെ വിശ്വാസ സംഹിതക്കാവശ്യമായ രീതിയില്‍ പുനര്‍നിര്‍മിച്ചെടുത്തത് ഓറിയന്റലിസ്റ്റുകളായ പണ്ഡിതന്മാരാണ്. രാമായണത്തെയും മഹാഭാരതത്തെയുമെല്ലാം ഏകാത്മകമായ വായനയിലൂടെ ബ്രാഹ്മണാധികാരത്തെ ശാശ്വതീകരിച്ചുനിര്‍ത്തുന്ന ധര്‍മസംഹിതകളാക്കി മാറ്റുകയായിരുന്നു ഓറിയന്റലിസ്റ്റ് പണ്ഡിതന്മാര്‍.

ഇന്ത്യയിലും ഏഷ്യന്‍ രാജ്യങ്ങളിലും ഒട്ടേറെ രാമകഥകളുണ്ട്. എ കെ രാമാനുജന്റെ “300 രാമായണങ്ങള്‍ അഞ്ച് ഉദാഹരണങ്ങളും തര്‍ജ്ജമയെ സംബന്ധിച്ച മൂന്ന് വിചാരങ്ങളും” എന്ന പഠനം രാമായണത്തിന്റെ അനേകതയെ സംബന്ധിച്ചാണ്. ലോകമെമ്പാടുമുള്ള രാമകഥകളെക്കുറിച്ച് പഠിച്ചിട്ടുള്ള ഫാദര്‍ കാമില്‍ബുല്‍കെ 300 രാമായണങ്ങളെ എണ്ണി തിട്ടപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ ഉണ്ടാകാമെന്നാണ് പ്രസിദ്ധചരിത്രകാരനായ എം ജി എസ് അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇന്ത്യയില്‍ തന്നെ 12-ാം നൂറ്റാണ്ടില്‍ തമിഴില്‍ കമ്പര്‍ രചിച്ച കമ്പരാമായണം, കര്‍പ്രകാശ്ഭട്ടര്‍ രചിച്ച രാമാവതാര ചരിതം, കശ്മീരില്‍ ദിവ എന്നപേരിലുള്ള രാമകം, തെലുങ്കിലുള്ള ആദി രാമായണം, തീക്കണ്ണ് രചിച്ച നിര്‍വദനോത്തര രാമായണം, ഒറിയയില്‍ സരളദാസ രാമായണം, ബംഗാളിയില്‍ കൃത്തവാമ്പന്‍ രചിച്ച രാമപാഠങ്ങള്‍, ഗുജറാത്തില്‍ ഭാവാര്‍ഥ രാമായണം, മലയാളത്തില്‍ എഴുത്തച്ഛന്‍ രാമായണം.
ശ്രീലങ്കയിലും ഇന്തോനേഷ്യയിലും മലേഷ്യയിലും തായ്‌ലാന്‍ഡിലും മ്യാന്മറിലും ലാവോസിലും ഫിലിപ്പൈന്‍സിലും ജാവയിലും സുമാത്രയിലും മാലിയിലും കംപോഡിയയിലും ആ രാജ്യങ്ങളുടേതായ വ്യത്യസ്ത രാമകഥകളുണ്ട്. തായ്‌ലാന്‍ഡില്‍ രാമകി എന്ന പേരില്‍ രാമായണമുണ്ട്. മ്യാന്മറിലെ രാമകഥയുടെ പേര് യാമസ്ത്യ എന്നാണ്. കംപോഡിയയില്‍ രാമകെയര്‍പ്ലാന്റെന്നും. ലാവോസില്‍ സ്രയാകത്ത് എന്ന പേരിലും മലേഷ്യയില്‍ സെറിരാമ എന്ന പേരിലും രാമകഥകളുണ്ട്. ഇന്തോനേഷ്യയില്‍ കാകവിന്‍ എന്ന പേരിലും രാമായണമുണ്ട്. തിബത്തിലും ചൈനയിലും രാമായണ കഥകളുണ്ട്. ഇവയെല്ലാം തമ്മില്‍ സാമ്യതകളും വ്യത്യാസങ്ങളും ഉണ്ട്. ഇന്ത്യക്കകത്തും പുറത്തും രാമായണം വ്യത്യസ്തതകളോടെ നിലനില്‍ക്കുന്നു. വ്യത്യസ്ത മതങ്ങളും ഭാഷകളും സമൂഹങ്ങളും ആദിവാസി ഗോത്രങ്ങളുമെല്ലാം അവരവരുടേതായ രാമായണങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്.

കേരളത്തില്‍ അധ്യാത്മ രാമായണം മാത്രമല്ല മാപ്പിള രാമായണവും വയനാടന്‍ രാമായണവും ഉണ്ട്. എ കെ രാമാനുജന്‍ ഇന്ത്യയിലെ രാമായണ പാരമ്പര്യത്തെ പരസ്പര ഭിന്നങ്ങളായ നിരവധി ഘട്ടങ്ങളില്‍ ജന്മമെടുത്തവയായിട്ടാണ് വിശദീകരിക്കുന്നത്. രാമായണത്തിന്റെ ചരിത്രപരമായ ആദിമത്വത്തെക്കുറിച്ചുള്ള അനേ്വഷണങ്ങള്‍ ഉത്തരേന്ത്യയിലെ നാടോടി ജീവിതത്തില്‍ ജന്മമെടുത്തതാണ് രാമകഥയെന്നാണ് അനുമാനിക്കുന്നത്. ആദിവാസി നാടോടി പാരമ്പര്യങ്ങളില്‍ നൂറുകണക്കിന് രാമായണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
പല കാലങ്ങളിലും പല നാടുകളിലുമായി വ്യത്യസ്ത ഊന്നലുകളോടെ രാമകഥകള്‍ പിറന്നുവീണിട്ടുണ്ട്. ഈ രാമകഥക്ക് സംസ്‌കൃതത്തില്‍ കൈവന്ന കാവ്യരൂപങ്ങളുടെ ഘട്ടത്തെയാണ് വാത്മീകി രാമായണവും വസിഷ്ഠ രാമായണവും അഗസ്ത്യ രാമായണവും ആനന്ദ രാമായണവും സംവൃത രാമായണവും തുടങ്ങിയ രചനകള്‍ പ്രതിനിധീകരിക്കുന്നത്. എഴുത്തച്ഛന്റെ അധ്യാത്മ രാമായണം കിളിപ്പാട്ടും, തുളസീദാസിന്റെ രാമചരിതമാനസവുമെല്ലാം രാമനെ ഗുണസമ്പൂര്‍ണനായ അവതാര പുരുഷനായി കരുതുന്ന രാമായണ പാഠങ്ങളാണ്. മറാത്തിയിലെ ഭാവാര്‍ഥ രാമായണം, കശ്മീരിലെ രാമാവതാര ചരിതം, അസമിലെ കഥാരാമായണം, ആന്ധ്രയിലെ ശ്രീലങ്കനാഥ രാമായണം, കന്നഡയിലെ കുമുദേന്ദു രാമായണം, തമിഴിലെ കമ്പരാമായണം ഇവയെല്ലാം ഭക്തിപ്രസ്ഥാന പാരമ്പര്യത്തില്‍പ്പെട്ട രാമായണ രചനകളാണ്. ബുദ്ധമതപാരമ്പര്യത്തിലെ ദശരഥജാഥകം (പാലി), ജൈനപാരമ്പര്യത്തിലെ പൌമചര്യം (പ്രാകൃതം) തുടങ്ങിയ രാമായണ പാഠങ്ങളും ഭക്തി പാരമ്പര്യത്തിലാണ് ഉള്‍പ്പെടുത്തുന്നത്.

ഈ ബഹുവിധമായ, അനന്തഭേദങ്ങളോടെയുള്ള രാമായണകഥകളാണ് ഇന്ത്യയുടെ രാമായണ പാരമ്പര്യമെന്നത്. രാമായണം ഒന്നല്ല. ഒരു മതഗ്രന്ഥവുമല്ല. യുദ്ധഗാഥയായും നൃത്തനാടകങ്ങളായും പ്രണയകഥയായും ആവിഷ്‌കരിക്കപ്പെട്ട ബൃഹത്തായ സാഹിത്യമാണത്. ആര്‍ എസ് എസും ഹിന്ദുത്വവാദികളും യുദ്ധോത്സുകമായ ക്ഷാത്രവീര്യമുള്ള രാമനെയാണ് ഉയര്‍ത്തിക്കൊണ്ടുവന്നത്. അത് അയോധ്യ കേന്ദ്രീകൃതമായ രാഷ്ട്രീയ അജന്‍ഡയില്‍ നിന്ന് രൂപം കൊണ്ട രാമനാണ്. വാത്മീകിയുടെയോ എഴുത്തച്ഛന്റെയോ രാമനല്ല.
രാമായണത്തെ മഹത്തായ പ്രണയകാവ്യമെന്നാണ് ഗാന്ധിജി ഒരിക്കല്‍ വിശേഷിപ്പിച്ചത് (സി രാജഗോപാലാചാര്യയുടെ രാമായണത്തിന്റെ ഉപസംഹാരഭാഗം). രാമനെ മര്യാദ പുരുഷോത്തമനായിട്ടാണ് ഗാന്ധിജി ദര്‍ശിച്ചത്. രാമാനന്ദ സാഗറിന്റെ രാമായണം ടി വി സീരിയലും സംഘ്പരിവാറുമാണ് കരുണാമയനും മര്യാദാ പുരുഷോത്തമനുമായ രാമനെ വര്‍ഗീയതയുടെ ക്ഷുദ്രവീര്യമുയര്‍ത്തുന്ന ഹിന്ദുത്വ പ്രതീകമാക്കി മാറ്റിയത്. രാമനെ ഹിന്ദുരാഷ്ട്രാധികാരത്തിനുള്ള ചരിത്രപുരുഷനാക്കുന്ന, ബഹുസ്വരതയെ നിഷേധിച്ച് ഹിന്ദുത്വമെന്ന ഏകത്വം അടിച്ചേല്‍പ്പിക്കുന്ന സംഘ്പരിവാറിന്റെ ഹൈന്ദവവായനകള്‍ക്കപ്പുറം രാമായണത്തെ കൃതിയെന്ന രീതിയില്‍ വായിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യേണ്ടത് വര്‍ഗീയതക്കെതിരായ പ്രതിരോധം തീര്‍ക്കുന്നവരുടെ ധൈഷണിക ഉത്തരവാദിത്വമാണ്.

Latest