Connect with us

Editorial

പുടിന്റെ പന്ത്

Published

|

Last Updated

വിദേശ രാഷട്ര തലവന്മാര്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ ഉപഹാരങ്ങള്‍ സമ്മാനിക്കുക പതിവാണ്. ലോകകപ്പ് ജ്വരത്തിനിടയില്‍ ഹെല്‍സിങ്കി ഉച്ചകോടിക്കായി റഷ്യയിലെത്തിയ അമേരിക്കന്‍ പ്രസിഡ്ന്റ് ഡൊണാള്‍ഡ് ട്രംപിന് റഷ്യന്‍ പ്രസിഡന്റ്് പുടിന്‍ സമ്മാനിച്ചത് ഒരു പന്താണ്. ട്രംപിന് അത് ഇഷ്ടമായി. പന്ത്രണ്ടുകാരന്‍ മകന്‍ ബാരന് നന്നായി ഇഷ്ടപ്പെടുമെന്നു പറഞ്ഞു ട്രംപ്, ഭാര്യ മെലനിയയുടെ കൈയിലേക്ക് അതെറിഞ്ഞു കൊടുക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഈ പന്ത് അമേരിക്കന്‍ ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുകയാണ്. പന്തില്‍ അമേരിക്കന്‍ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ സഹായിക്കുന്ന വല്ല യന്ത്രങ്ങളും സംഘടിപ്പിച്ചിരിക്കാമെന്ന് അമേരിക്കന്‍ സുരക്ഷാ വിഭാഗം സംശയം പ്രകടിപ്പിച്ചതോടെയാണ് അതൊരു പുലിവാലായി മാറിയത്. പന്ത് സമഗ്രമായി പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ട്രംപ്ഭരണകൂടം. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗവും പ്രത്യേക സംഘവും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. പന്തില്‍ രഹസ്യങ്ങള്‍ കൈമാറാന്‍ സാധിക്കുന്ന ചിപ്പുകളോ വിഷ പദാര്‍ഥങ്ങളോ ഒളിപ്പിച്ചിട്ടുണ്ടോ എന്നാണ് പരിശോധന. പരിശോധനക്ക് ശേഷം മതി പന്ത് വൈറ്റ് ഹൗസില്‍ കയറ്റാനെന്നാണ് തീരുമാനം. പ്രസിഡന്റിനു ലഭിക്കുന്ന ഏത് ഉപഹാരങ്ങളും പരിശോധിക്കുന്നത് രാജ്യത്തെ പതിവ് രീതിയാണെന്നും പുടിന്‍ സമ്മാനിച്ച പന്ത് പരിശോധനക്ക് അതിനപ്പുറം മാനങ്ങളന്നുമില്ലെന്നുമാണ് അമേരിക്ക പറയുന്നതെങ്കിലും ചാരപ്രവര്‍ത്തനത്തില്‍ അമേരിക്കയേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്ന റഷ്യന്‍ പ്രസിഡന്റില്‍ നിന്ന് ലഭിച്ചു എന്നതാണ് അമേരിക്കന്‍ ഭരണത്തെ അലട്ടുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശത്രു രാജ്യത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ വളഞ്ഞ മാര്‍ഗങ്ങള്‍ സ്വീകരിക്കുക വ്യാപകമാണ്. പ്രത്യേകിച്ചും അമേരിക്കയും റഷ്യയും തമ്മില്‍. സോവിയറ്റ് റഷ്യയുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ സി ഐ എ പൂച്ചയെ ഉപയോഗിച്ചുവെന്ന് റിപ്പോര്‍ട്ട് വന്നത് രണ്ട് വര്‍ഷം മുമ്പാണ്. ശത്രുക്കളുടെ നീക്കങ്ങള്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്യുന്ന ഡിവൈസായി പ്രവര്‍ത്തിക്കാന്‍ ഈ പൂച്ചക്ക് കഴിയുമെന്നും പൂച്ചയുടെ ശരീരത്തിനുള്ളില്‍ പുറംതൊലിക്ക് തൊട്ടുള്ളിലായി മൈക്രോഫോണ്‍, ആന്റിന, ബാറ്ററി പാക്ക് എന്നിവ സര്‍ജറി വഴി പിടിപ്പിച്ച ശേഷമായിരുന്നു ചാരപ്രവൃത്തിക്കായി വിട്ടതെന്നുമായിരുന്നു റിപ്പോര്‍ട്ട്. . പൂച്ചയുടെ വാല്‍ ആന്റിന പോലെയാണ് പ്രവര്‍ത്തിച്ചിരുന്നത്. നട്ടെല്ലു നീളത്തില്‍ വാലില്‍ നിന്നും ഒരു വയര്‍ ചെവിയില്‍ വച്ചിരുന്ന മൈക്രോഫോണുമായി ബന്ധിപ്പിച്ചിരുന്നു. ഇത് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ബാറ്ററി പൂച്ചയുടെ നെഞ്ചിന്‍കൂടിനുള്ളിലാണ് ഘടിപ്പിച്ചിരുന്നത്. “പ്രോജക്റ്റ് അക്കൗസ്റ്റിക് കിറ്റി” എന്നായിരുന്നു ഈ ചോര്‍ത്തല്‍ പദ്ധതിക്ക് ഇട്ടിരുന്ന പേര്.

ശീതയുദ്ധ സമയത്ത് അമേരിക്കയുടെയും സോവിയറ്റ് യൂനിയന്റെയും നാവിക സേനകള്‍ ഡോള്‍ഫിന്‍ മത്സ്യങ്ങളെ ഉപയോഗിച്ച് ചാര പ്രവര്‍ത്തനം നടത്തിയിരുന്നു. സാഹചര്യവുമായി പെട്ടന്ന് പൊരുത്തപ്പെടുകയും വേഗത്തില്‍ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ശേഷിയുള്ളതുമായ ജീവികളാണ് ഡോള്‍ഫിനുകള്‍. വിമാന വാഹിനി കപ്പലുകളുടെ ശബ്ദ വ്യത്യാസം തിരിച്ചറിഞ്ഞ് അത് വിദേശ കപ്പലുകളാണോ എന്ന് മനസ്സിലാക്കാനുള്ള സവിശേഷ ശേഷി ഡോള്‍ഫിനുകള്‍ക്കുണ്ടെന്നാണ് പറയപ്പെടുന്നത്. ഡോള്‍ഫിനുകളെ ഉപയോഗിച്ച് ചാര പ്രവര്‍ത്തനം നടത്താന്‍ ് റഷ്യക്ക് അക്കാലത്ത് പ്രത്യേക യൂനിറ്റ് തന്നെ ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് പ്രാവുകളെ ഉപയോഗിച്ചുള്ള ചാര പ്രവര്‍ത്തനം വ്യാപകമായിരുന്നു. ഇതിനിടെ പാക്കിസ്ഥാനത്തില്‍ നിന്ന് ഇന്ത്യയിലെത്തിയ ഒരു പ്രാവിനെ ചാരപ്രവര്‍ത്തനത്തിന് നിയോഗിച്ചതാണെന്ന സംശയത്തില്‍ പഞ്ചാബിലെ പത്താന്‍കോട്ട് പോലീസ് പിടികൂടുകയുണ്ടായി. ഉര്‍ദുവിലെഴുതിയ ഒരു സന്ദേശവും പാക്കിസ്ഥാനിലെ നരോവല്‍ ജില്ലയിലെ ഒരു ഫോണ്‍ നമ്പറും പക്ഷിയുടെ കാലില്‍ കണ്ടതാണ് സംശയിക്കാനിടയാക്കിയത്.

ചാരപ്രവര്‍ത്തന രംഗത്ത് ഇപ്പോള്‍ കടുത്ത മത്സരം അമേരിക്കയും റഷ്യയും തമ്മിലാണ്. ഇരുരാഷ്ട്രവും മറുവിഭാഗത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ പതിനെട്ടടവും പയറ്റുന്നുണ്ട്. സൈബര്‍ ചാരപ്രവര്‍ത്തനമാണ് കൂടുതല്‍. ഇതേതുടര്‍ന്ന് റഷ്യ, ജര്‍മനി തുടങ്ങി പല രാജ്യങ്ങളും കമ്പ്യൂട്ടര്‍ ഒഴിവാക്കി പഴയ ടൈപ്പ്‌റൈറ്ററിലേക്ക് മടങ്ങിക്കൊണ്ടിരിക്കയാണ്. റഷ്യയുടെ ഫെഡറല്‍ ഗാര്‍ഡ് സര്‍വീസ് 48,600 റൂബിള്‍ (ഒമ്പത് ലക്ഷം രൂപയോളം ) മുടക്കി ടൈപ്പ്‌റൈറ്ററുകള്‍ വാങ്ങാന്‍ പദ്ധതിയിട്ട വിവരം അടുത്ത ദിവസമാണ് പ്രഖ്യാപിക്കപ്പെട്ടത്. റഷ്യന്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ക്രെംലിന്‍ കമ്യൂണിക്കേഷനാണ് ഈ സുരക്ഷാ തന്ത്രം ആവിഷ്‌കരിച്ചത്. അമേരിക്കന്‍ ചാരപ്രവര്‍ത്തനത്തെ ഭയന്ന് ടൈപ്പ്‌റൈറ്ററുകളിലേക്ക് മടങ്ങാന്‍ ജര്‍മനി തീരുമാനിച്ച വിവരം ജര്‍മനിക്കെതിരെയുള്ള ചാരപ്രവര്‍ത്തനങ്ങളെപ്പറ്റി അന്വേഷിക്കുന്ന പാര്‍ലിമെന്ററി സമിതിയുടെ അധ്യക്ഷന്‍ പാട്രിക് സെസ്ബര്‍ഗാണ് പ്രഖ്യാപിച്ചത്. ചാരമേഖലയിലെ യുദ്ധം ശക്തിപ്രാപിച്ചതായിരിക്കണം പുടിന്‍ നല്‍കിയ പന്ത് പോലും സംശയത്തോടെ വീക്ഷിക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചത്. ചാരപ്രവര്‍ത്തനം ധാര്‍മികമായും നിയമപരമായും വിലക്കപ്പെട്ടതാണ് ലോകത്ത് പൊതുവെ. ഒരു രാജ്യത്തിന്റെയും സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ മറ്റൊരു രാജ്യത്തിന് അധികാരമില്ല. വധശിക്ഷയാണ് എല്ലാ രാഷ്ട്രങ്ങളും ഈ കുറ്റകൃത്യത്തിന് കല്‍പ്പിക്കുന്നത്. എങ്കിലും ആഗോള തലത്തില്‍ ഇത് വ്യാപകമാണ്. ഒരു രാജ്യവും അപവാദമല്ല. ഊഷ്മള ബന്ധം നിലനില്‍ക്കുന്ന രാജ്യങ്ങള്‍ക്കിടയില്‍ പോലുമുണ്ട് രഹസ്യം ചോര്‍ത്തലും ചാരപ്രവര്‍ത്തനവും. പുറമേ സൗഹൃദത്തിലെങ്കിലും അകമേ പരസ്പരം സംശയാലുക്കളാണ് ഇത്തരം രാഷ്ട്രങ്ങള്‍. സ്വാഭാവികമായും വന്‍ശക്തി രാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക വളരെ കൂടുതലുമാണ്.