Connect with us

Sports

ജപ്പാന്‍ ലീഗില്‍ ഇനിയെസ്റ്റക്കും ടോറസിനും തോല്‍വിയോടെ അരങ്ങേറ്റം

Published

|

Last Updated

ടോക്ക്യോ: സ്പാനിഷ് വെറ്ററന്‍ ഫുട്‌ബോള്‍ താരങ്ങളായ ആന്ദ്രെ ഇനിയെസ്റ്റയും ഫെര്‍നാണ്ടോ ടോറസും ജപ്പാനിലെ ജെ-ലീഗ് ഫുട്‌ബോളില്‍ അരങ്ങേറി. വ്യത്യസ്ത ക്ലബ്ബുകള്‍ക്കായി കളത്തിലിറങ്ങിയ രണ്ട് പേര്‍ക്കും വിജയത്തോടെ സീസണ്‍ തുടങ്ങാനായില്ല.

ബാഴ്‌സലോണയുടെ മുന്‍ നായകനായ ഇനിയെസ്റ്റ ജപ്പാനില്‍ വിസെല്‍ കോബെ ക്ലബ്ബിന്റെ താരമാണ്. ഹോം മാച്ചില്‍ വിസെല്‍ കോബെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഷോനാന്‍ ബെല്‍മാറിനോട് പരാജയപ്പെട്ടു. ആന്ദ്രെ ഇനിയെസ്റ്റ പകരക്കാരനായിട്ട് അമ്പത്തൊമ്പതാം മിനുട്ടില്‍ ഇറങ്ങുമ്പോഴേക്കും എതിര്‍ ടീം രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തിയിരുന്നു. കെയ്‌സുകെ സാക, മിറ്റ്‌സുകി സെയ്‌തോ, ഷുന്‍സുകെ എന്നിവരാണ് ഷോനന്‍ ക്ലബ്ബിന്റെ വിജയം ആധികാരികമാക്കിയത്.

മുപ്പത്തിനാലുകാരനായ ഇനിയെസ്റ്റ ആദ്യം പന്ത് തൊട്ടത് അറുപത്തിരണ്ടാം മിനുട്ടില്‍. ഹാഫില്‍ നിന്ന് പന്ത് സ്വീകരിച്ച് ഡിബ്ലിള്‍ ചെയ്ത് മുന്നേറിയ ഇനിയെസ്റ്റ വിംഗില്‍ തകുയ യുസെയിക്ക് പന്ത് കൈമാറിയപ്പോള്‍ വന്‍ കരഘോഷം. ഇതിനിടെ, മൂന്നാം ഗോള്‍ വഴങ്ങിയപ്പോള്‍ ഇനിയെസ്റ്റ സഹതാരങ്ങളെ ഉണര്‍ത്താന്‍ ശ്രമിച്ചു. എണ്‍പത്തൊമ്പതാം മിനുട്ടില്‍ ഇനിയെസ്റ്റ സൃഷ്ടിച്ച അവസരം ബ്രസീലിയന്‍ താരം വെല്ലിംഗ്ടണിന്. ഷോട്ട് പ്രതിരോധ നിരക്കാരില്‍ തട്ടി കോര്‍ണറായി. വെള്ളിയാഴ്ച ഒരു ദിവസം മാത്രമാണ് ഇനിയെസ്റ്റ ക്ലബ്ബ് അംഗങ്ങള്‍ക്കൊപ്പം പരിശീലനം നടത്തിയത്. വിസെല്‍ ക്ലബ്ബിന്റെ സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ഇനിയെസ്റ്റ ആദ്യ മത്സരം കളിക്കുക അടുത്ത ശനിയാഴ്ചയാകും. 2010 ലോകകപ്പ് ഫൈനലില്‍ സ്‌പെയ്‌നിന്റെ വിജയഗോള്‍ നേടിയ ഇനിയെസ്റ്റ റഷ്യ ലോകകപ്പോടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു.

ജപ്പാനില്‍ സാഗന്‍ ടൊസു ക്ലബ്ബിന്റെ താരമാണ് ടോറസ്. വെഗാല്‍ട്ട സെന്‍ഡായിയോട് എതിരില്ലാത്ത ഒരു ഗോളിന് ടോറസിന്റെ ടീം തോറ്റു. രണ്ടാം പകുതിയിലാണ് മുന്‍ അത്‌ലറ്റിക്കോ മാഡ്രിഡ് സ്‌ട്രൈക്കര്‍ കളിക്കാനിറങ്ങിയത്. ലിവര്‍പൂള്‍, ചെല്‍സി ക്ലബ്ബുകളിലും ടോറസ് കളിച്ചിരുന്നു. സ്‌പെയ്‌നിനായി 110 മത്സരങ്ങളില്‍ 38 ഗോളുകള്‍ നേടിയ ടോറസ് 2010 ലോകകപ്പ് നേടിയ ടീമിലെ ഹീറോ ആയിരുന്നു.