രാജ്യത്തെ ഏറ്റവും മികച്ച ഭരണകൂടം കേരളത്തിലെന്ന് പിഎസി റിപ്പോര്‍ട്ട്

Posted on: July 22, 2018 3:35 pm | Last updated: July 22, 2018 at 9:55 pm
SHARE

ബെംഗളുരു: രാജ്യത്ത് മികച്ച ഭരണം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം കേരളത്തിന് .2018ലെ പൊതുജനകാര്യ സൂചികയെ (പിഎഐ) അടിസ്ഥാനമാക്കി തിങ്ക് ടാങ്ക് പബ്ലിക്ക് അഫയേഴ്‌സ് സെന്റര്‍(പിഎസി)ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2016മുതല്‍ തുടര്‍ച്ചയായ മൂന്ന് വര്‍ഷവും കേരളം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സാമൂഹിക, സാമ്പത്തിക, വികസന മേഖലകളില്‍ സര്‍ക്കാറിന്റെ മികവ് വിലയിരുത്തിയാണ് പിഎസി , പബ്ലിക്ക് അഫയേഴ്‌സ് ഇന്‍ഡക്‌സ് തയ്യാറാക്കുന്നത്. 2016മുതല്‍ പിഎസി സൂചിക പ്രസിദ്ധീകരിക്കുന്നുണ്ട്.

പ്രമുഖ ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന സാമുവല്‍ പോളാണ് 1994ല്‍ പിഎസി സ്ഥാപിക്കുന്നത്. രാജ്യത്ത് മെച്ചപ്പെട്ട ഭരണത്തിനായി ചാലകശക്തിയായി പ്രവര്‍ത്തിക്കുകയെന്നതാണ് പിഎസി ലക്ഷ്യമിടുന്നത്. കേരളത്തിന് പിറകെ ഭരണ മികവില്‍ തമിഴ്‌നാട് രണ്ടാം സ്ഥാനവും തെലുങ്കാന മൂന്നാം സ്ഥാനവും നേടിയപ്പോള്‍ നാലാം സ്ഥാനത്താണ് കര്‍ണാടക. സൂചിക പ്രകാരം മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ബീഹാര്‍ എന്നിവക്ക് ഏറ്റവും താഴ്ന്ന റാങ്കുകളാണ് ലഭിച്ചത്. സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങളാണ് ഈ സംസ്ഥാനങ്ങളെ റാങ്കിംഗില്‍ പിറകോട്ടടുവലിച്ചത്.

ജനസംഖ്യ കുറവുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഹിമാചല്‍ പ്രദേശ് മികച്ച ഭരണമുള്ള സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടു. ഗോവ, മിസോറാം, സിക്കിം, ത്രിപുര എന്നിവ യഥാക്രമം രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചു. ചെറിയ സംസ്ഥാനങ്ങളില്‍ നാഗാലാന്‍ഡ് ഒന്നാം സ്ഥാനം നേടിയപ്പോള്‍ മണിപ്പൂര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ റാങ്കില്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. കുട്ടികള്‍ക്ക് ഏറ്റവും നല്ല ജീവിത സാഹചര്യമുള്ള സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ചതായി പിഎസി തിരഞ്ഞെടുത്തതും കേരളത്തെയാണ്. ഹിമാചല്‍ പ്രദേശ്, മിസോറാം എന്നിവയാണ് കേരളത്തിന് തൊട്ടുപിറകെയുള്ള സംസ്ഥാനങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here