മലക്കം മറിഞ്ഞ് കേന്ദ്രം; പാലക്കാട് ഉള്‍പ്പെടെ പുതിയ കോച്ച് ഫാക്ടറി ആവശ്യമില്ലെന്ന് റെയില്‍വേ മന്ത്രി

Posted on: July 18, 2018 8:55 pm | Last updated: July 19, 2018 at 9:59 am
SHARE

ന്യൂഡല്‍ഹി: പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ കേന്ദ്രത്തിന്റെ മലക്കം മറിച്ചില്‍. പാലക്കാട് ഉള്‍പ്പെടെ രാജ്യത്ത് പുതിയ കോച്ച് ഫാക്ടറികള്‍ സ്ഥാപിക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി ലോക്‌സഭയില്‍ അറിയിച്ചു. എംപിമാരായ എം.ബി രാജേഷും എ. സമ്പത്തും രേഖാമൂലം നല്‍കിയ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. കോച്ചുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നിലവിലുള്ള കോച്ച് ഫാക്ടറികള്‍ മുഖേന സാധിക്കുന്നുണ്ട്. അതിനാല്‍ പുതുതായി കോച്ച് ഫാക്ടറികള്‍ സ്ഥാപിക്കേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രിയുടെ മറുപടിയില്‍ പറയുന്നു.

പാലക്കാട് കോച്ച് ഫാക്ടറിയുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ എംബി രാജേഷ് എംപിക്ക് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ കത്ത് നല്‍കിയിരുന്നു. ഇതോടെ സംസ്ഥാനത്ത് വലിയ പ്രതിഷേധമുയരുകയും മന്ത്രി നിലപാട് തിരുത്തുകയും ചെയ്തു.

പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറി ഉപേക്ഷിക്കുന്നില്ലെന്ന് കാണിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന് കത്തയച്ചിരുന്നു. കോച്ചുകളുടെ ആവശ്യകതയും ഏതുതരം കോച്ചുകളാണ് ആവശ്യമെന്നതും സംബന്ധിച്ച് നടത്തുന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിയുടെ മുന്നോട്ടുപോകുകയെന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുന്നുണ്ട്. കോച്ച് ഫാക്ടറിയുടെ കാര്യം കൂടിക്കാഴ്ചയില്‍ ഉന്നയിക്കുമെന്നാണ് കരുതുന്നത്.