Connect with us

Gulf

യു എ ഇ ഗവര്‍മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്രദമാക്കണമെന്ന് സ്ഥാനപതി

Published

|

Last Updated

യു എ ഇ ഇന്ത്യന്‍ സ്ഥാനപതി ഡോ. നവദീപ് സിംഗ് സൂരി ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: അടുത്ത മാസം ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ യു എ ഇ ഗവണ്‍മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പിനെ രാജ്യത്ത് നിയമപരമല്ലാതെ താമസിക്കുന്ന എല്ലാവരും കൃത്യമായ രേഖകള്‍ തയ്യാറാക്കുന്നതിനും പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗിച്ച് സ്വദേശത്തേക്ക് മടങ്ങാനും ഉപയോഗപ്രദമാക്കണമെന്ന് യു എ ഇ ഇന്ത്യന്‍ സ്ഥാനപതി ഡോ. നവദീപ് സിംഗ് സൂരി പറഞ്ഞു.

ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ എംബസി അധികൃതര്‍ യു എ ഇ ഗവര്‍മെന്റുമായി സഹകരിച്ചു ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യും. രാജ്യത്ത് എത്ര ഇന്ത്യക്കാര്‍ നിയമപരമല്ലാതെ താമസിക്കുന്നുണ്ട് എന്നതിന്റെ കണക്ക് ശേഖരിച്ചു വരികയാണ്. യാത്രാനിരോധം കൂടാതെ രാജ്യം വിടാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

താമസ രേഖകള്‍ ക്രമപ്പെടുത്തി രാജ്യത്ത് തങ്ങുന്നതിനും ആവശ്യമായ സഹായങ്ങളും ഇന്ത്യന്‍ എംബസി കൈക്കൊള്ളും. രാജ്യത്ത് നിയമപരമല്ലാതെ താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുറവാണെന്നാണ് തന്റെ വിശ്വാസം. എങ്കിലും യു എ ഇ അധികൃതരുടെ കയ്യില്‍ നിന്ന് വിവരശേഖരണം നടത്തുന്ന പ്രക്രിയ പുരോഗമിക്കുകയാണ്.
രാജ്യത്തേക്ക് വിസയോട് കൂടിയും നിയമ പരമല്ലാതെയും കടന്ന് വന്നവര്‍ക്ക് രാജ്യം വിട്ടുപോകാന്‍ അവസരമൊരുക്കുന്നുണ്ട്. യു എ ഇയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അസോസിയേഷനുകളുമായി സഹകരിച്ചു ആവശ്യമായ നടപടികള്‍ കൈക്കൊള്ളും.
അസോസിയേഷനുകള്‍ തൊഴിലാളികളെ സഹായിക്കുന്നതിന് പ്രത്യേക ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആക്ടിങ് ദുബൈ കോണ്‍സുല്‍ ജനറല്‍ സുമതി വാസുദേവ് വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതയായിരുന്നു.

Latest