Connect with us

International

ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളും കോച്ചും ആശുപത്രി വിട്ടു; ഇനി സാധാരണ ജീവിതം

Published

|

Last Updated

ബാങ്കോക്ക്: വടക്കന്‍ തായ്‌ലാന്‍ഡിലെ ചിയാംഗ് റായിലെ ഗുഹക്കുള്ളില്‍ നിന്ന് രക്ഷപ്പെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന 12 കുട്ടികളും അവരുടെ ഫുട്‌ബോള്‍ കോച്ചും ആശുപത്രി വിട്ടു. മാധ്യമപ്രവര്‍ത്തകരുമായി അവര്‍ കൂടിക്കാഴ്ച നടത്തി. കുടുംബത്തിന്റേയും മാതാപിതാക്കളുടേയും കൂടെ കൂടുതല്‍ സമയം ചെലവിടാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ കഴിയുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ആരോഗ്യ നില തൃപ്തികരമായിരുന്നുവെങ്കിലും ഇവര്‍ ആശുപത്രിയില്‍ ഒരാഴ്ചക്കാലം നിരീക്ഷണത്തിലായിരുന്നു.

പതിനെട്ട് ദിവസം ഗുഹക്കുള്ളില്‍ കുടുങ്ങിയ ഇവരെ മൂന്ന് ദിവസത്തെ അതിസാഹസികമായ രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് രക്ഷപ്പെടുത്തിയത്. പതിമൂന്ന് വിദേശ സ്‌കൂബാ മുങ്ങല്‍ വിദഗ്ധരും തായ് നാവികസേനയിലെ അഞ്ച് പേരും ഉള്‍പ്പെടെ പതിനെട്ട് പേരടങ്ങുന്ന സംഘമാണ് അന്തിമ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ നാവികസേനയിലെ മുന്‍ മുങ്ങല്‍ വിദഗ്ധന്റെ മരണം നോവായി മാറി. കുട്ടികള്‍ക്ക് ഓക്‌സിജന്‍ സിലിന്‍ഡര്‍ നല്‍കി മടങ്ങുന്നതിനിടെയാണ് സമാന്‍ ഗുനാന്‍ എന്ന മുങ്ങല്‍ വിദഗ്ധന്‍ മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ മാസം 23നാണ് വടക്കന്‍ തായ്‌ലാന്‍ഡിലെ ചിയാംഗ് റായ് പ്രദേശത്തെ താംലുവാംഗ് ഗുഹയില്‍ പതിനൊന്നിനും പതിനാറിനും ഇടയിലുള്ള പന്ത്രണ്ട് കുട്ടികളും അവരുടെ കോച്ചും അകപ്പെട്ടത്. കനത്ത മഴ പെയ്തതോടെ ഗുഹാമുഖത്ത് ചെളി നിറയുകയും ഗുഹക്കുള്ളില്‍ വെള്ളം നിറയുകയുമായിരുന്നു. ഇരുട്ടില്‍ കഴിഞ്ഞ ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഗുഹക്കുള്ളില്‍ നാലര കിലോമീറ്റര്‍ അകലെയായി ബ്രിട്ടീഷ് മുങ്ങല്‍ വിദഗ്ധര്‍ കുട്ടികളെ കണ്ടെത്തിയത്.