മധ്യകേരളം വെള്ളക്കെട്ടില്‍; മഴ തുടരുന്നു; മരണം 18 ആയി

Posted on: July 17, 2018 8:45 pm | Last updated: July 18, 2018 at 9:59 am
SHARE

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് നാല് മരണം. ഇതോടെ രണ്ട് ദിവസത്തിനിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 18 ആയി. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ മഴക്ക് നേരിയ ശമനമുണ്ടെങ്കിലും മധ്യ കേരളം ഇപ്പോഴും വെള്ളക്കെട്ടില്‍ തന്നെയാണ്. മിക്ക നദികളിലും പുഴകളിലും അണക്കെട്ടുകളിലും അപകടകരമായ നിലയില്‍ വെള്ളമുയര്‍ന്നത് ഏറെ ഭീഷണി ഉയര്‍ത്തുകയാണ്. മധ്യ കേരളത്തിലെ പമ്പ, പെരിയാര്‍ മീനച്ചിലാര്‍, മണിമലയാര്‍ തുടങ്ങിയ ജലാശയങ്ങളെല്ലാം ഇരുകരകളും കവിഞ്ഞ് ഒഴുകുന്നു. ഇടുക്കി ഡാം ഉള്‍പ്പെടെ ഒട്ടുമിക്ക അണക്കെട്ടുകളിലും പരിധിയില്‍ കവിഞ്ഞ് അപകടകരമായ തോതിലേക്ക് ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇന്ന് മഴ ഏറ്റവുംകൂടുതല്‍ ദുരിതംവിതച്ച ജില്ല കോട്ടയമാണ്. മറ്റ് ജില്ലകളില്‍ മഴക്ക് ശമനമുണ്ടായിട്ടും കോട്ടയത്ത് പേമാരി തുടരുകയാണ്. കോട്ടയം പാല ടൗമല്‍ ജനജീവിതം ദുസ്സഹമാക്കിയ വെള്ളക്കെട്ട് ഇന്നും പൂര്‍ണമായി ഇറങ്ങിയിട്ടില്ല.

ഇതിനിടെ കോട്ടയം മുണ്ടക്കയത്തുനിന്ന് ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോരുത്തോട് അമ്പലവീട്ടില്‍ ദീപു(28) ആണ് മരിച്ചത്. മലപ്പുറം മേലാറ്റൂര്‍ എരുത്തൊടി നാരായണന്‍(68) ഷോക്കേറ്റ് മരിച്ചു. പൊട്ടിവീണ വൈദ്യുതകമ്പിയില്‍നിന്നാണ് ഷോക്കേറ്റത്. ആലപ്പുഴയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് ചെന്നിത്തല ഇരമത്തൂര്‍ തൂവന്‍തറയില്‍ ബാബു(62)വും മരിച്ചു. ആലപ്പുഴ മാവേലിക്കരയില്‍ കുറത്തിക്കാട് പള്ളിയാവട്ടം തെങ്ങുംവിളയില്‍ രാമകൃഷ്ണന്‍(62) വെള്ളക്കെട്ടില്‍ വീണുമരിച്ചു. ഇതോടെ രണ്ടുദിവസത്തിനിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 15 ആയി. സംസ്ഥാനത്ത് കോട്ടയം ജില്ല ഒഴികെയുള്ള സ്ഥലങ്ങളില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.

മലവെള്ളപ്പാച്ചിലില്‍ ആറുകള്‍ കരകവിഞ്ഞൊഴുകിയതോടെ കോട്ടയം നഗരവും സമീപപ്രദേശങ്ങളും വെള്ളത്തില്‍മുങ്ങി. ഒട്ടേറെ കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ഉഗ്രതാണ്ഡവമാടിയ പേമാരിയില്‍ മീനച്ചിലാര്‍ കോട്ടയം നഗരത്തെയും ഗ്രാമങ്ങളെയും മുക്കി. കനത്ത മഴ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചു. കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായി നിര്‍ത്തിവെച്ചശേഷം പിന്നീട് പുനസ്ഥാപിക്കുകയായിരുന്നു. ട്രെയിനുകള്‍ വേഗത കുറച്ചാണ് ഇതുവഴി കടന്നുപോകുന്നത്. മീനച്ചിലാറിലെ വെള്ളം അപകടകരമാം വിധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം റെയില്‍വെ മന്ത്രാലയം നിര്‍ത്തി വെച്ചത്. റെയില്‍വെ എന്‍ജിനിയിറിംഗ് വിഭാഗം ട്രാക്കുകളില്‍ നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് സര്‍വ്വീസ് പുനസ്ഥാപിച്ചത്.

16 വീടുകള്‍ പൂര്‍ണമായും 558 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വെള്ളം ഉയരുന്നതിന് അനുസരിച്ച് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണു അധികൃതര്‍. ഇതുവരെ തുറന്ന 111 ക്യാമ്പുകളിലായി 22,061 പേരാണ് കഴിയുന്നത്.

ആലപ്പുഴയില്‍ 7000ല്‍ അധികം ഹെക്ടര്‍ സ്ഥലത്താണ് കൃഷിനാശം ഉണ്ടായത്. കൃഷിനാശം ഉണ്ടായ സ്ഥലങ്ങള്‍ ഇന്നതെ മന്ത്രി വി എസ് സുനില്‍കുമാര്‍ സന്ദര്‍ശിച്ചു. ആലപ്പുഴ കടല്‍ത്തീരത്ത് തിങ്കളാഴ്ച രാവിലെ അടിഞ്ഞ അബുദബി കമ്പനിയുടെ ബാര്‍ജില്‍ കുടുങ്ങിയ ജീവനക്കാരെ രക്ഷിച്ചു. ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ കനത്ത മഴക്ക് ശമനമായെങ്കിലും വെള്ളക്കെട്ടും കാറ്റും തുടരുകയാണ്.

കനത്തമഴക്ക് അല്‍പം ശമനം വന്നുവെങ്കിലും മഴക്കെടുതിയില്‍ വലയുകയാണ് എറണാകുളം ജില്ലയും കൊച്ചിയുടെ തീരപ്രദേശങ്ങളും. 51 ദുരിതാശ്വാസ ക്യാമ്പുകളിലായാണ് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. കൊച്ചി-മധുര ദേശീയപാതയില്‍ വെള്ളം കയറി തിരുവാങ്കുളം, ചോറ്റാനിക്കര തുടങ്ങിയ സ്ഥലങ്ങളില്‍ ഗതാഗതം തടസപ്പെട്ടു. കൊച്ചി മധുര ദേശീയപാതയില്‍ തിരുവാങ്കുളത്തിലും ചോറ്റാനിക്കരക്കുമിടയില്‍ റോഡില്‍ നിറഞ്ഞ വെള്ളക്കെട്ടില്‍ നിരവധി വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു.

മഴയുടെ ശക്തി കുറഞ്ഞതോടെ കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് മാറി തുടങ്ങി. പക്ഷേ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിനകത്ത് കയറിയവെള്ളം പക്ഷേ ഇറങ്ങിയിട്ടില്ല. സ്റ്റാന്‍ഡിനകത്ത് കാല് കുത്താന്‍ കഴിയാത്ത അവസ്ഥയാണ്. ചെല്ലാനമടക്കമുള്ള തീരപ്രദേശങ്ങളും കടലാക്രമണ ഭീതിയിലാണ്. കടല്‍കയറി ഒട്ടേറെ വീടുകള്‍ക്ക് കാര്യമായ കേട്്പാടുകള്‍ സംഭവിച്ചു.

ഇടുക്കി നെടുങ്കണ്ടം തൂവല്‍ ചപ്പാത്ത് മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. ഇടുക്കി ജില്ലയില്‍ 20 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മുല്ലപ്പെരിയാര്‍ ഡാമില്‍ ജലം 131 അടി പിന്നിട്ടു. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം ഇപ്പോഴും തുടരുകയാണ്. ഉപസമിതി ഇന്ന് അണക്കെട്ട്് സന്ദര്‍ശിക്കും. മലയോര മേഖലയില്‍ ശക്തമായ കാറ്റ് വീശുന്നുണ്ട്.

കായംകുളം തിരുവല്ല സംസ്ഥാന പാതയില്‍ കൂറ്റന്‍ ആല്‍മരം വീണ് ഗതാഗതം നിലച്ചു. 11 കെ വി ലൈനുകളും പോസ്റ്റുകളും തകര്‍ന്നു. ഗതാഗതം പൂര്‍ണമായും നിലച്ചു. പുലര്‍ച്ചെ ഒരു മണിയോടെയാണ് മരം വീണത്. വാഹനങ്ങള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

കണ്ണൂര്‍ റയില്‍വേ സ്റ്റേഷന്റെ തെക്ക് ഭാഗത്ത് റയില്‍വേ ട്രാക്കിന്റെ ഒരുഭാഗം അടര്‍ന്നു പോയതിനെ തുടര്‍ന്ന് പരശുറാം എക്‌സ്പ്രസ് 45 മിനിറ്റ് വൈകി. ട്രാക്ക് ശരിയാക്കിയ ശേഷം എട്ടരയോടെയാണ് ട്രെയിനുകള്‍ കടത്തിവിട്ടത്. രാവിലെ ട്രാക്ക് പരിശോധിച്ച മെക്കാനിക്കല്‍ ജീവനക്കാരാണ് അപകടാവസ്ഥ കണ്ടെത്തിയത്. മഴക്ക് ശമനമുണ്ടായെങ്കിലും മൂവാറ്റുപുഴയില്‍ താഴ്ന്നപ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. മൂവാറ്റുപുഴയാറും തൊടുപുഴയാറും നിറഞ്ഞൊഴുകുകയാണ്. ഒട്ടേറെ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മൂവാറ്റുപുഴ-കോതമംഗലം റൂട്ടിലെ വെള്ളക്കെട്ട് ഗതാഗതതടസമുണ്ടാക്കുന്നുണ്ട്.

കേരള ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറു ദിശയില്‍നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കി മീ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കി മീ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here