ടൂര്‍ പാക്കേജ് തട്ടിപ്പില്‍ കുടുങ്ങിയവര്‍ നിരവധി

Posted on: July 16, 2018 7:46 pm | Last updated: July 16, 2018 at 7:46 pm
SHARE
അബ്ദുല്‍ സത്താര്‍ അസൈനാര്‍ അബുദാബിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുന്നു

ദുബൈ: ആകര്‍ഷകമായ ടൂര്‍ പാക്കേജ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ നിരവധിപേര്‍ രംഗത്ത്. യു എ ഇയിലും വിദേശരാജ്യങ്ങളിലും ഹോട്ടല്‍ താമസത്തിന് മനോഹരമായ പാക്കേജുകള്‍ വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ ദുബൈയിലെ പ്രമുഖ ട്രാവല്‍സിനെതിരെയാണ് പരാതിയുമായി കണ്ണൂര്‍ തളിപ്പറമ്പ് പട്ടുവം സ്വദേശി അബ്ദുല്‍ സത്താര്‍ അസൈനാര്‍ രംഗത്തെത്തിയത്. കുടുംബത്തോടൊപ്പം യാത്രപോകാനായി ഈ വര്‍ഷം ആദ്യമാണ് ട്രാവല്‍സിനെ സമീപിക്കുന്നത്. അവരുടെ ആകര്‍ഷകപാക്കേജ് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണിത്. അവര്‍ സംഘടിപ്പിച്ച ക്ലബ്ബ് അംഗത്വവുമായി ബന്ധപ്പെട്ട ക്ലാസ്സില്‍ പങ്കെടുക്കുകയും ചെയ്തു. പൂര്‍ണമായും നിയമവിധേയമായിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമായതിനാല്‍ അവരുടെ ഇടപെടലുകളില്‍ അസ്വാഭാവികതയൊന്നും കാണാനുമായില്ല. മലയാളികളും ഇന്ത്യക്കാരുമടക്കം നൂറുകണക്കിന് ആളുകളാണ് ട്രാവല്‍സ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനുണ്ടായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രമുഖ ഹോട്ടലുകളിലാണ് ക്ലബ്ബ് അംഗങ്ങള്‍ക്ക് താമസ സൗകര്യം വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഹോട്ടലുകളുടെ പേരില്‍ വ്യാജ ബുക്കിംഗ് ഓര്‍ഡറുകളുണ്ടാക്കി ഉപഭോക്താക്കളെ സംഘം കബളിപ്പിക്കുകയായിരുന്നു.

പാക്കേജ് പ്രകാരം രണ്ട് ദിവസം കുടുംബമായി കഴിയാന്‍ ട്രാവല്‍സ് നല്‍കിയ ബുക്കിംഗ് ഓര്‍ഡര്‍ പ്രകാരമാണ് സത്താറും ഭാര്യയും മൂന്ന് മക്കളും റാസ് അല്‍ ഖൈമയിലെ റിസോര്‍ട്ടില്‍ എത്തുന്നത്. എന്നാല്‍ ഇവര്‍ അവകാശപ്പെട്ട തരത്തില്‍ ഒരു ബുക്കിംഗ് അവിടെ നടന്നിട്ടില്ല എന്നതാണ് റിസോര്‍ട്ട് പ്രതിനിധികളില്‍ നിന്ന് ലഭ്യമായ വിവരം. തുടര്‍ന്ന് സത്താര്‍ ട്രാവല്‍സ് മാനേജറെ ബന്ധപ്പെടുകയും അവര്‍ നിര്‍ദേശിച്ച പ്രകാരം സ്വന്തം കൈയ്യില്‍ നിന്നും പണം നല്‍കി മുറി ബുക്ക് ചെയ്യുകയും ചെയ്തു. സാങ്കേതിക തകരാര്‍ കൊണ്ടാണ് ബുക്കിംഗ് നടക്കാതിരുന്നതെന്നും രണ്ടാഴ്ച്ചക്കകം ട്രാവല്‍സ് ഈ തുക മടക്കിനല്‍കുമെന്ന ഉറപ്പ് പ്രകാരമായിരുന്നു അത്.
മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെയും ആ തുക ട്രാവല്‍സ് തിരിച്ച് നല്‍കിയിട്ടില്ല. 7, 500 ദിര്‍ഹമായിരുന്നു ഇതടക്കമുള്ള മൊത്തം ടൂറിന് ഹോട്ടല്‍ ബുക്കിംഗിന് മാത്രമായി സത്താറില്‍ നിന്നും ട്രാവല്‍സ് ഈടാക്കിയത്. പിന്നീടുള്ള യാത്ര സിങ്കപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലേക്കായിരുന്നു കുടുംബം ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ റാസ് അല്‍ ഖൈമയില്‍ നേരിട്ട ദുരനുഭവത്തിന്റെ പശ്ചാതലത്തില്‍ സത്താര്‍, സിംഗപ്പൂരും മലേഷ്യയിലുമുള്ള ഹോട്ടലുകളിലെ ബുക്കിംഗ് ഓര്‍ഡറുമായി സ്വന്തം നിലക്ക് ബന്ധപ്പട്ടു. ട്രാവല്‍സ് നല്‍കിയ ബുക്കിംഗ് ഓര്‍ഡറുകള്‍ വ്യാജമാണെന്നായിരുന്നു ലഭിച്ച വിവരം. റാസ് അല്‍ ഖൈമയില്‍ പോയി ബുക്കിംഗ് ലഭിക്കാതിരുന്ന പോലുള്ള അവസ്ഥ മറ്റൊരു രാജ്യത്തെത്തിയാണ് അഭിമുഖീകരിക്കേണ്ടി വന്നതെങ്കില്‍ എത്രമാത്രം ബുദ്ധിമിട്ടായേനെ എന്ന് സത്താര്‍ ചോദിക്കുന്നു. ഇത് ട്രാവല്‍സ് മാനേജമെന്റിന്റെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും പലതരത്തിലുള്ള വാദങ്ങളാണ് അവര്‍ നിരത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ ചതിയില്‍പ്പെട്ട മറ്റ് പലരേയും കണ്ടെത്താനായി.

ദുബൈ ഇക്കണോമിക് വകുപ്പില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട് അവരില്‍ ചിലര്‍. ഈ വിഷയം മാധ്യമങ്ങളുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് അറിയിച്ചപ്പോഴാണ് മലയാളിയടക്കമുള്ള ട്രാവല്‍സ് പ്രതിനിധികള്‍ മാന്യമായി സമീപിക്കാന്‍ ആരംഭിച്ചത്. ഇതിന് ചിലവായ പണം തിരിച്ച് വാങ്ങലല്ല, ഇത്തരം ചതികളില്‍ മറ്റാരും ഉള്‍പെടാതിരിക്കാനയി പോരാടാനാണ് തന്റെ തീരുമാനമെന്ന് ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളുമായി സത്താര്‍ പറയുന്നു.