Connect with us

Editorial

യു എസ് ഉപരോധത്തിന് ഇന്ത്യന്‍ തിരുത്ത്

Published

|

Last Updated

അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി റഷ്യയുമായുള്ള കരാര്‍ റദ്ദാക്കുന്ന പ്രശ്‌നമില്ലെന്ന് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കിയിരിക്കുന്നു. രാജ്യത്തിന്റെ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്ന വിദേശനയം എന്ത് വിലകൊടുത്തും പിന്തുടരണമെന്ന് ആഗ്രഹിക്കുന്ന ഏവരെയും ആവേശഭരിതരാക്കുന്ന തീരുമാനമാണിത്. അമേരിക്കക്ക് നിരവധി താത്പര്യങ്ങളുണ്ടാകാം. ശത്രുതകളുണ്ടാകാം. ബാന്ധവങ്ങളുണ്ടാകാം. അവരുമായി ഇന്ത്യക്ക് ഊഷ്മളമായ ബന്ധമുണ്ടെന്നതും വസ്തുതയാണ്. അത് തുടരേണ്ടതുമാണ്. എന്നാല്‍, തങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് മാത്രം മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം രൂപപ്പെടുത്തണമെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ തീട്ടൂരം അടിച്ചേല്‍പ്പിക്കാന്‍ അമേരിക്കക്ക് അവകാശമില്ല. ഇറാനില്‍ നിന്ന് എണ്ണ ഇറക്കരുതെന്ന യു എസ് ഉത്തരവ് പഞ്ചപുച്ഛമടക്കി പാലിക്കാനിറങ്ങിയ കേന്ദ്ര സര്‍ക്കാര്‍ വലിയ നിരാശയാണ് സമ്മാനിച്ചിരുന്നത്. റഷ്യയുടെ കാര്യത്തില്‍ അത് ആവര്‍ത്തിക്കില്ലെന്ന് മന്ത്രി പറയുമ്പോള്‍ വലിയ ആശ്വാസം തോന്നുന്നു.

റഷ്യക്കെതിരെ അമേരിക്ക ചുമത്തിയ പ്രതിരോധ ഉപരോധം ഇന്ത്യ പാലിക്കില്ലെന്നാണ് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കിയിരിക്കുന്നത്. റഷ്യയില്‍ നിന്ന് എസ് -400 ട്രയംഫ് വ്യോമ പ്രതിരോധ മിസൈല്‍ വാങ്ങാനുള്ള കരാറില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് അവര്‍ വ്യക്തമാക്കി. കൗണ്ടറിംഗ് അമേരിക്കാസ് അഡ്വേസറീസ് ത്രൂ സാംങ്ക്ഷന്‍ ആക്ട് (സി എ എ ടി എസ് എ- കാറ്റ്‌സാ) അനുസരിച്ചാണ് റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതു പ്രകാരം റഷ്യയുമായി പ്രതിരോധ കരാറില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങള്‍ക്കെതിരെ യു എസ് ഉപരോധം വരും. എന്നാല്‍ കാറ്റ്‌സാ യു എസ് കോണ്‍ഗ്രസ് പാസ്സാക്കിയ നിയമമാണെന്നും യു എന്‍ നിയമമല്ലെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ അത്തരമൊരു നിയമം ഇന്ത്യ അനുസരിക്കേണ്ടതില്ല. ഈ നിലപാട് യു എസിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിരോധ രംഗത്ത് റഷ്യയുമായി ഇന്ത്യക്കുള്ള ബന്ധം ദശകങ്ങളുടെ പഴക്കമുള്ള ഒന്നാണ്. അത് ഒറ്റയടിക്ക് മാറ്റുക സാധ്യമല്ല. ഇന്ത്യ സന്ദര്‍ശിച്ച യു എസ് കോണ്‍ഗ്രസ് സംഘത്തെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. എസ് 400 മിസൈല്‍ വാങ്ങാനുള്ള കരാര്‍ അന്തിമ ഘട്ടത്തിലാണ്. കരാര്‍ ഒപ്പുവെച്ച് രണ്ടര മുതല്‍ നാല് വര്‍ഷത്തിനകം നടപ്പാക്കാനാകുമെന്നും അവര്‍ തുറന്നടിച്ചു. 4000 കിലോമീറ്റര്‍ വരുന്ന ഇന്ത്യ- ചൈനാ അതിര്‍ത്തിയില്‍ വിന്യസിക്കാനാണ് ലോംഗ് റേഞ്ച് മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങുന്നത്. 2016ലാണ് ഇന്ത്യയും റഷ്യയും ട്രയംഫ് മിസൈല്‍ പ്രതിരോധ കരാറില്‍ ഒപ്പുവെക്കുന്നത്. ഇതിനു മുമ്പ് 2014ല്‍ തന്നെ ചൈന ഇത്തരമൊരു കരാറിലൂടെ ഈ സംവിധാനം റഷ്യയില്‍ നിന്ന് കരസ്ഥമാക്കിയിരുന്നുവെന്നതാണ് കൗതുകകരമായ കാര്യം.
റഷ്യന്‍ പ്രതിരോധ കമ്പനിയായ റോസോബോറാനെക്‌സ്‌പോര്‍ട്ടിനെതിരെ യു എസ് ഉപരോധമേര്‍പ്പെടുത്തിയതോടെ ശതകോടി ഡോളറുകളുടെ പദ്ധതികള്‍ അനിശ്ചിതാവസ്ഥയിലായിരുന്നു. ഇത് ഏറ്റവും ഏറെ ബാധിക്കുക ഇന്ത്യ- റഷ്യ ബന്ധത്തെയായിരുന്നു. 2016ലെ യു എസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഉപരോധം.

റഷ്യന്‍ കമ്പനികളുമായി കരാറിലെത്തുന്ന രാജ്യങ്ങള്‍ക്കെതിരെ നീങ്ങാന്‍ “കാറ്റ്‌സാ” ട്രംപ് ഭരണകൂടത്തിന് അനുമതി നല്‍കുന്നു.
റഷ്യന്‍ കരാറില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിക്കുക വഴി പരമ്പരാഗതമായി ഇന്ത്യ പിന്തുടരുന്ന ചേരിചേരാ നയം സംരക്ഷിക്കാനുള്ള പരിമിതമായ ചുവടാണ് വെച്ചിരിക്കുന്നത്. രണ്ട് യു പി എ സര്‍ക്കാറുകളുടെ കാലത്തും മോദി സര്‍ക്കാറിന്റെ കഴിഞ്ഞ നാല് വര്‍ഷക്കാലത്തും ഇന്ത്യന്‍ വിദേശനയം തികച്ചും അമേരിക്കന്‍ അനുകൂലമായിരുന്നു. 123 ആണവ കരാര്‍ ഈ പക്ഷപാതിത്വം കൃത്യമായി അടയാളപ്പെടുത്തുന്നതായിരുന്നു. മോദി വന്ന ശേഷം അമേരിക്കയുമായുള്ള ബന്ധം അങ്ങേയറ്റം ഊഷ്മളമായി. മേഖലയിലെ അമേരിക്കന്‍ താത്പര്യങ്ങളുടെ സംരക്ഷകരായാണ് ഇന്ത്യയെ അവര്‍ കണ്ടത്. ഇസ്‌റാഈലിനോടുള്ള സമീപനത്തില്‍ ഇത് ഏറെ വ്യക്തമായിരുന്നു. എന്നാല്‍ ചൈനയുമായി അമേരിക്ക തുടങ്ങിയ വ്യാപാര യുദ്ധത്തിലും കാലാവസ്ഥാ ഉടമ്പടിയിലും ഇന്ത്യ വ്യക്തിത്വം കാത്തു സൂക്ഷിക്കാന്‍ ശ്രമിച്ചു. ഇറാനുമായുള്ള എണ്ണ വ്യാപാരത്തിന്റെ കാര്യത്തില്‍ കൂടി ശക്തമായ നിലപാടെടുക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ നിര്‍ണായക ഘട്ടത്തില്‍ സ്വതന്ത്രമായ നിലപാടെടുക്കാന്‍ സ്‌പേസുള്ള ബന്ധം അമേരിക്കയുമായി രൂപപ്പെടുമായിരുന്നു. ആരുടേയും സാമന്ത രാഷ്ട്രമാകേണ്ട ഗതികേട് ഇന്ത്യക്കില്ല. ആരുമായുള്ള സൗഹൃദവും ബാധ്യതയാകാന്‍ അനുവദിക്കരുത്. അങ്ങനെ വന്നാല്‍ എടുത്തടിച്ച് ഉപരോധം പ്രഖ്യാപിക്കുമ്പോള്‍ അമേരിക്ക രണ്ട് വട്ടം ഇരുന്നാലോചിക്കും.