പഞ്ചാബ് സിംഹത്തെ കൂട്ടിലടക്കുമ്പോള്‍

നവാസും മറിയമും ജയിലിലായ സ്ഥിതിക്ക് ഇമ്രാന് സാധ്യതയേറിയിട്ടുണ്ട്. പിഴവില്ലാത്ത കരുനീക്കം നടത്തിയെന്നാണ് തഹ്‌രീകെ ഇന്‍സാഫിന്റെ ആത്മവിശ്വാസം. പി എം എല്‍ (എന്‍) പഞ്ചാബില്‍ മാത്രമായി ഒതുങ്ങിയേക്കും. തിരഞ്ഞെടുപ്പ് രംഗം കൂടുതല്‍ അക്രമാസക്തമാകാനിടയുണ്ട്. കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനങ്ങള്‍ ഇതാണ് കാണിക്കുന്നത്. പോളിംഗ് നന്നായി കുറയും. പക്ഷേ, നവാസും മകളും ജയിലില്‍ കഴിയേണ്ടവരല്ലെന്ന് ജനമങ്ങ് തീരുമാനിച്ചാല്‍ ചിത്രം മാറും. ജയിലില്‍ നിന്നുള്ള സന്ദേശങ്ങള്‍ക്ക് പുറത്ത് റാലിയില്‍ നല്‍കുന്നതിനേക്കാള്‍ മുഴക്കമുണ്ടാകാറുണ്ട്.
ലോകവിശേഷം
Posted on: July 15, 2018 10:11 am | Last updated: July 15, 2018 at 10:11 am

പാക് വിപ്ലവ കവി ഹബീബ് ജാലിബ് ഒരിക്കല്‍ എഴുതി: ഡര്‍തേ ഹെ ബന്തുഖൂന്‍ വാലേ, ഏക് നേഹാതി ലഡ്കി സേ (സര്‍വായുധ വിഭൂഷിതരായ പട്ടാളക്കാര്‍ പേടിച്ചരണ്ടിരിക്കുന്നു/ നിരായുധയായ ഒരു പെണ്‍കുട്ടിക്ക് മുമ്പില്‍). ബേനസീര്‍ ഭൂട്ടോയെക്കുറിച്ചായിരുന്നു ഈ കവിതാ ശകലം. പാക്കിസ്ഥാന്റെ രാഷ്ട്രീയ ക്രമത്തെ കുറിച്ചുള്ള താക്കോല്‍ വാക്യമായി ഈ വരികളെ കാണാവുന്നതാണ്. പാക് ജനാധിപത്യം എന്തുകൊണ്ട് മുടന്തുന്നുവെന്നും അനിശ്ചിതത്വത്തിലേക്ക് ഭരണക്രമം വലിച്ചെറിയപ്പെടുന്നത് എങ്ങനെയെന്നും ഈ വരികള്‍ വിളിച്ചുപറയുന്നു. സിവിലിയന്‍ നേതാക്കള്‍ എപ്പോഴൊക്കെ നിര്‍ണായക ശക്തിയായി ഉയര്‍ന്നുവന്നോ അപ്പോഴൊക്കെ സൈന്യവും ചാര സംഘടനയും അവരെ പിടിച്ചു പിന്നോട്ട് വലിച്ചിട്ടുണ്ട്. നിരായുധരായ മനുഷ്യരെ സൈന്യം അക്ഷരാര്‍ഥത്തില്‍ ഭയക്കുന്നു. ബേനസീറിനെ കൊന്നു തള്ളി. ഇന്നിതാ സിവിലിയന്‍ ഉണര്‍വിനായി ജനങ്ങളെ അണിനിരത്താന്‍ കെല്‍പ്പുള്ള മറിയം ശരീഫിനെ ജയിലിലടച്ചിരിക്കുന്നു. ഹബീബ് ജാലിബിന്റെ കവിത തന്നെക്കുറിച്ചു കൂടിയുള്ളതാണെന്ന് നവാസ് ശരീഫിന്റെ മകള്‍ മറിയമും നിരന്തരം ആവര്‍ത്തിച്ചിരുന്നു.

2013 ജൂലൈ
ബാലറ്റ് പെട്ടിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ പാക് ചരിത്രത്തിലാദ്യമായി നിശ്ചിത കാലാവധിയായ അഞ്ച് വര്‍ഷം തികച്ചത് 2013ല്‍ മാത്രമാണെന്നോര്‍ക്കണം. അതിന് മുമ്പെല്ലാം തുടര്‍ച്ചകള്‍ നഷ്ടപ്പെടുകയായിരുന്നു. പലപ്പോഴും രാഷ്ട്ര നേതാക്കള്‍ കൊല്ലപ്പെട്ടു. ചിലപ്പോള്‍ തടവിലാക്കപ്പെട്ടു. സൈനിക അട്ടിമറികള്‍ നടന്നു. അട്ടിമറിച്ച സൈനിക ജനറല്‍മാര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പടച്ചുണ്ടാക്കി വ്യാജ ജനാധിപത്യ കുപ്പായമണിഞ്ഞു. എല്ലാ കുത്തിത്തിരിപ്പുകളിലും അമേരിക്കയടക്കമുള്ള വന്‍ ശക്തികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. മുഹമ്മദാലി ജിന്നയുടെ സ്വപ്‌ന ഭൂമിക്ക് അങ്ങനെ പരാജിത രാഷ്ട്രമെന്ന പേര് ചാര്‍ത്തിക്കിട്ടി. 2013ലെ തിരഞ്ഞെടുപ്പ് ഉയര്‍ത്തിയ പ്രതീക്ഷ വളരെ വലുതായിരുന്നു. ഗീലാനിയുടെ തേതൃത്വത്തിലുള്ള പി പി പി സര്‍ക്കാര്‍ കടുത്ത പ്രതിസന്ധികള്‍ക്കും നേതൃമാറ്റമടക്കമുള്ള പൊട്ടിത്തെറികള്‍ക്കുമിടയില്‍ നിലംപൊത്താതെ നിന്നു. ആരെയും അറിയിക്കാതെ രായ്ക്കുരാമാനം കടന്നുകയറി ഉസാമ ബിന്‍ ലാദനെ കൊന്ന് കടലില്‍ തള്ളിയത് ഈ കാലയളവിലായിരുന്നു. എല്ലാം സൈന്യമറിഞ്ഞുവെന്ന് സിവിലിയന്‍ നേതൃത്വവും തിരിച്ച് സൈന്യവും ആരോപണ പ്രത്യാരോപണങ്ങള്‍ അഴിച്ചുവിട്ടു. അട്ടിമറി നടക്കാന്‍ ഇത്രയൊക്കെ മതിയായിരുന്നു. എന്നാല്‍ ആസിഫലി സര്‍ദാരിയും കൂട്ടരും വീഴാതെ പിടിച്ചു നിന്നു.
ഒടുവില്‍ തിരഞ്ഞെടുപ്പ് നടന്നു. പാക്കിസ്ഥാന്റെ ചരിത്രം വെച്ച് നോക്കുമ്പോള്‍ സമാധാനപരമെന്ന് വിശേഷിപ്പിക്കാവുന്ന തിരഞ്ഞെടുപ്പ്. തരംഗങ്ങളൊന്നുമുണ്ടായില്ല. പി പി പിയെ ജനം പാഠം പഠിപ്പിച്ചു. ജനറല്‍ പര്‍വേസ് മുശര്‍റഫിന്റെ മുഷ്‌കിന് മുന്നില്‍ അധികാരം വിട്ടൊഴിഞ്ഞ് നാടുവിട്ട നവാസ് ശരീഫിനെ തിരിച്ചു വിളിച്ചു. കൂറ്റന്‍ റാലി നടത്തി കൊടുങ്കാറ്റ് വിതച്ച മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാനെ പോളിംഗ് ബൂത്തിലെ സ്വകാര്യതയില്‍ ജനം കൈയൊഴിഞ്ഞു. ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള എല്ലാ മതാധിഷ്ഠിത തീവ്രവാദ ഗ്രൂപ്പുകളും നിലംപരിശായി. ജനം വിജയിച്ച തിരഞ്ഞെടുപ്പെന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. സി ഐ എ മെനയുന്ന കുതന്ത്രങ്ങള്‍ പരീക്ഷിക്കാനുള്ള ഗിനിപ്പന്നി രാഷ്ട്രത്തില്‍ നിന്ന് യഥാര്‍ഥ പരമാധികാരത്തിലേക്ക് പാക്കിസ്ഥാന്‍ മെല്ലെ നടക്കുകയാണെന്ന പ്രതീക്ഷ സൃഷ്ടിക്കാന്‍ നവാസ് ശരീഫ് സര്‍ക്കാറിന് തുടക്കത്തില്‍ സാധിച്ചു. തോറ്റവര്‍ കലാപവുമായി ഇറങ്ങുകയെന്ന പതിവ് പരിപാടി അവസാനിച്ചുവെന്നും പാക്കിസ്ഥാനെ കുറിച്ച് ഉത്കണ്ഠപ്പെടുന്നവര്‍ സമാധാനിച്ചു. എന്നാല്‍ ഇമ്രാന്‍ ഖാന്റെയും ആത്മീയ നേതാവ് ത്വാഹിറുല്‍ ഖാദിരിയുടെയും നേതൃത്വത്തില്‍ നടന്ന അക്രമാസക്ത പ്രക്ഷോഭ പരമ്പര വലിയ പ്രതിസന്ധി സൃഷ്ടിച്ചു. കാറ്റ് മാറി വീശുന്നതിന്റെ തുടക്കമായിരുന്നു അത്. ആ പ്രക്ഷോഭത്തിന്റെ ഉപോത്പന്നമാണ് പാനമ ഗേറ്റ് എന്ന് വിശേഷിപ്പിക്കപ്പെട്ട അനധികൃത സ്വത്ത് സമ്പാദന കേസും നവാസ് ശരീഫിന്റെ അയോഗ്യതയും സ്ഥാനത്യാഗവും.

2017 ജൂലൈ
ഒടിവിലിപ്പോള്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്. നവാസ് ശരീഫും മകള്‍ മറിയമും അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ലണ്ടനില്‍ നിന്ന് തിരിച്ച് ലാഹോറില്‍ വന്നിറങ്ങിയ അവരെ കൈയോടെ പിടികൂടി ജയിലിലടച്ചു. അപ്പീല്‍ പോകാനുള്ള അവസരം പോലും ഇല്ലാതാക്കുന്ന തരത്തിലാണ് അറസ്റ്റ്. ഈ മാസം 25ന് തിരഞ്ഞെടുപ്പ് നടക്കുകയാണ്. പാര്‍ലിമെന്റിലേക്കും, പ്രവിശ്യാ ഭരണകൂടങ്ങളിലേക്കും. നവാസ് ശരീഫിന്റെ നൂന്‍ പാര്‍ട്ടി- പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് (പി എം എല്‍ -എന്‍) അധികാരത്തില്‍ തിരിച്ചുവരുമെന്ന് ചില സര്‍വേകള്‍ പ്രവചിച്ചിരുന്നതാണ്. എന്നാല്‍ സൈന്യം അത് ആഗ്രഹിക്കുന്നില്ല. ഇമ്രാന്‍ ഖാന്‍ വരട്ടെയെന്നാണ് സൈനിക നേതൃത്വത്തിന്റെ താത്പര്യം. അതിനായി നടന്ന കരുനീക്കങ്ങളാണ് നവാസിനെയും മകളെയും ആദിയാല ജയിലിലെത്തിച്ചിരിക്കുന്നത്. അതിനര്‍ഥം പഞ്ചാബ് സിംഹം എന്ന് വിളിക്കപ്പെടുന്ന നവാസ് ശരീഫ് ഒരു അഴിമതിയും നടത്താത്ത വിശുദ്ധനാണെന്നോ പവര്‍ ഗെയിമില്‍ പങ്കെടുക്കാത്ത ശുദ്ധ ജനാധിപത്യ വാദിയാണെന്നോ അല്ല. ജനങ്ങള്‍ തിരഞ്ഞെടുക്കാത്ത അധികാര കേന്ദ്രങ്ങളായ സൈന്യത്തെയും ജുഡീഷ്യറിയെയും രഹസ്യാന്വേഷണ ഏജന്‍സികളെയും വെല്ലുവിളിക്കുന്നുവെന്നത് മാത്രമാണ് നവാസിനും മകള്‍ക്കുമായി വാദിക്കാന്‍ പ്രേരിപ്പിക്കുന്നത്. സമ്പൂര്‍ണ ജനായത്തത്തിലേക്കും സൗഹൃദപരമായ ചര്‍ച്ചകളിലേക്കും പാക്കിസ്ഥാന്‍ ഉണരേണ്ടത് ഇന്ത്യയുടെ കൂടി ആവശ്യമാണ്. അതിന് ഇന്നത്തെ നിലയില്‍ ആശ്രയിക്കാവുന്ന നേതാവ് നവാസ് തന്നെയാണ്.

തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കെ മൊസാക് ഫൊന്‍സേക എന്ന നിയമസഹായ സ്ഥാപനം വഴി ലണ്ടനില്‍ നവാസ് ശരീഫീന്റെ കുടുംബം സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്ന പാനമ രേഖകളാണ് കേസിനാധാരം. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് രേഖകള്‍ പുറത്തുവിട്ടത്. പാനമ രേഖകളുടെ അടിസ്ഥാനത്തില്‍ നവാസ് ശരീഫിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ അന്വേഷണം നടത്തണമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് സംയുക്ത അന്വേഷണ സംഘം (ജെ ഐ ടി) സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് ആറംഗ അന്വേഷണ സംഘത്തെ നിയമിച്ചത്. നവാസ് ശരീഫിന് പുറമെ അദ്ദേഹത്തിന്റെ മക്കളായ ഹസന്‍ നവാസ്, ഹുസൈന്‍ നവാസ്, മറിയം നവാസ് എന്നിവര്‍ക്കെതിരെ തുടരന്വേഷണം നടത്താന്‍ പത്ത് വാള്യങ്ങളായുള്ള റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു. ഇതോടെ നവാസ് ശരീഫിന് എം പിയായിരിക്കാന്‍ യോഗ്യതയില്ലെന്ന് അഞ്ചംഗ സുപ്രീം കോടതി ബഞ്ച് വിധിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍, കാലം തികക്കാതെ നവാസ് ശരീഫ് പ്രധാനമന്ത്രി പദം ഒഴിഞ്ഞു. അയോഗ്യനാക്കപ്പെടുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് നവാസ്. നേരത്തെ പി പി പിയുടെ യൂസുഫ് റാസാ ഗീലാനി കോടതിയലക്ഷ്യ കേസില്‍ അയോഗ്യനാക്കപ്പെട്ടിരുന്നു.

നവാസ് ശരീഫിന്റെ പാര്‍ലിമെന്റ് അംഗത്വം റദ്ദാക്കി വിജ്ഞാപനം പുറപ്പെടുവിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിര്‍ദേശിക്കുകയായിരുന്നു. ശരീഫിന്റെ വിശ്വസ്തനും ധനമന്ത്രിയുമായ ഇസ്ഹാഖ് ധര്‍, മരുമകനും നാഷണല്‍ അസംബ്ലി അംഗവുമായ സഫ്ദര്‍ എന്നിവരെയും അയോഗ്യരാക്കി. ശരീഫിന് പുറമെ മക്കളായ ഹുസൈന്‍, ഹസന്‍, മറിയം, ഭര്‍ത്താവ് സഫ്ദര്‍, ധനമന്ത്രി ഇസ്ഹാഖ് ധര്‍ എന്നിവര്‍ക്കെതിരെ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോവിനോട് നിര്‍ദേശിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനാണ് കോടതി ഉത്തരവിട്ടത്. പ്രതിപക്ഷ നേതാവും തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍ നല്‍കിയ ഹരജിയിലായിരുന്നു ഈ ഉത്തരവെന്നോര്‍ക്കണം. കൃത്യം ഒരു വര്‍ഷം പിന്നിടും മുമ്പേ വിധി വന്നു. നവാസ് ശരീഫിന് പത്ത് വര്‍ഷം തടവ്. ശരീഫിന്റെ രാഷ്ട്രീയ പിന്‍ഗാമിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന മകള്‍ മറിയത്തിന് ഏഴ് വര്‍ഷം. സഫ്ദറിന് ഒരു വര്‍ഷം.

അസാധാരണമായ വേഗം ഈ നടപടിക്രമങ്ങളിലെല്ലാം കാണാവുന്നതാണ്. പൊതു തിരഞ്ഞെടുപ്പിന് മുമ്പ് എല്ലാം തീരണം. പി എം എല്‍ എന്‍ നാഥനില്ലാതെ അലയണം. ഈ പഴുതില്‍ ഇമ്രാന്‍ ഖാന്‍ വരണം. ഇതാണ് തിരക്കഥ. ഇതില്‍ ഏതൊക്കെ കക്ഷികള്‍ അഭിനയിച്ചുവെന്നേ നോക്കാനുള്ളൂ. കേസന്വേഷിച്ച എന്‍ എ ബി ഇന്ത്യയിലെ സി ബി ഐക്ക് സമാനമാണ്. കൂട്ടിലടച്ച തത്ത. നവാസിനെതിരായ അന്വേഷണ സംഘത്തില്‍ ഐ എസ് ഐയുടെയും മിലിട്ടറി ഇന്റലിജന്‍സിന്റെയും ഉദ്യോഗസ്ഥര്‍ അംഗങ്ങളായിരുന്നുവെന്ന് കൂടി മനസ്സിലാക്കണം. ജുഡീഷ്യറി ഇത്തരം കളികളില്‍ പങ്കെടുത്തതിന്റെ ചരിത്രം പാക്കിസ്ഥാനില്‍ എമ്പാടുമുണ്ട്. സമ്മര്‍ദങ്ങള്‍ക്ക് മുമ്പില്‍ നിസ്സഹായരാകാറുമുണ്ട്.

കുപ്രസിദ്ധമായ ആദിയാല ജയിലിലിരുന്ന് നവാസ് ശരീഫ് പഴയ കാര്യങ്ങള്‍ കുറ്റബോധത്തോടെ ആലോചിക്കുന്നുണ്ടാകും. 1980കളില്‍ ജനറല്‍ മുഹമ്മദ് സിയാഉല്‍ ഹഖിന്റെ വിശ്വസ്തനായി നിന്ന് നടത്തിയ കരുനീക്കങ്ങള്‍. എണ്‍പതുകളിലും തൊണ്ണൂറുകളിലും ബേനസീര്‍ ഭൂട്ടോയെ ഒതുക്കാനായി പുകച്ചുകളഞ്ഞ ബുദ്ധി. അന്നത്തെ അവിശുദ്ധ ബന്ധങ്ങള്‍. അതിസമ്പന്നന്റെ മകനും സ്വയമൊരു ബിസിനസ്സുകാരനുമായ താന്‍ രാഷ്ട്രീയത്തിലിറങ്ങിയപ്പോള്‍ ബിസിനസ്സും കൂടെ വന്നോ എന്നും അദ്ദേഹം സ്വയം വിമര്‍ശനപരമായി ചോദിച്ചേക്കും.

2018 ജൂലൈ
സൈന്യത്തിന്റെ കൈകള്‍ ഇന്ന് ഒട്ടും അദൃശ്യമല്ല. പി എം എല്‍ എന്നില്‍ നിന്ന് പുറത്തുവരാന്‍ തയ്യാറാകുന്ന നേതാക്കളെയെല്ലാം മത്സരിപ്പിക്കുന്നത് സൈനിക നേതൃത്വമാണ്. ജീപ്പാണ് ഇത്തരം ‘സ്വന്തം സ്വതന്ത്രരുടെ’ ചിഹ്നം. കടുവയെ (പി എം എല്‍ എന്നിന്റെ ചിഹ്നം) ജീപ്പിടിച്ച് കൊല്ലാനാണ് പരിപാടി. 342 അംഗ പാര്‍ലിമെന്റിലെ 272 സീറ്റിലേക്കാണ് 25ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. 70 സീറ്റുകള്‍ വനിതകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇവയിലേക്ക് നാമനിര്‍ദേശമാണ്. പാര്‍ട്ടികളുടെ അംഗബലമനുസരിച്ചാകും നാമനിര്‍ദേശം. മൂന്ന് പാര്‍ട്ടികള്‍ തമ്മിലാണ് പ്രധാന മത്സരം. നവാസ് ശരീഫിന്റെ പി എം എല്‍ എന്നിനെ ഇപ്പോള്‍ നയിക്കുന്നത് അദ്ദേഹത്തിന്റെ സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ശഹബാസ് ശരീഫ് ആണ്. നല്ല ഭരണ തന്ത്രജ്ഞന്‍. എന്തിനേയും സമചിത്തതയോടെ മാത്രം നേരിടുന്നയാള്‍. സൈന്യത്തോടും ജുഡീഷ്യറിയോടും ഏറ്റുമുട്ടുന്നത് ബുദ്ധിയല്ലെന്ന് വിശ്വസിക്കുന്നയാള്‍. എന്നാല്‍ നവാസിന്റെയോ മറിയമിന്റെയോ കരിഷ്മ ഇല്ല. ദേശീയ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് കസേരയിട്ടു കൊടുക്കാന്‍ ജനത്തിന് എന്തോ വൈമുഖ്യമുള്ളത് പോലെയാണ് കാര്യങ്ങള്‍.
ക്രിക്കറ്റും രാഷ്ട്രീയവും ഇടകലര്‍ന്ന ജനപ്രിയ ഫോര്‍മുലയുമായി വന്ന നവ രാഷ്ട്രീയ പരീക്ഷണമാണ് ഇമ്രാന്‍ ഖാന്റെ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കറുത്ത കുതിരയാകുമെന്ന് പ്രവചിക്കപ്പെട്ട പാര്‍ട്ടി. പക്ഷേ, വലിയ ചലനമുണ്ടാക്കാനായില്ല. ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യയില്‍ മാത്രമാണ് ഇമ്രാന് സാന്നിധ്യമറിയിക്കാനായത്. അദ്ദേഹത്തിന്റെ പി ടി ഐ പലയിടങ്ങളിലും പി പി പി വോട്ടുകളാണ് പിടിച്ചത്. അതുവഴി പി എം എല്‍ എന്നിന്റെ വിജയത്തിന് പരോക്ഷ സഹായമായി മാറുകയായിരുന്നു ഇന്‍സാഫ്. അതിന്റെ ഇച്ഛാഭംഗം ഇമ്രാന്‍ ഖാനില്‍ ശക്തമാണ്. തന്റെ ജനസമ്മതി ശരിയായി ഉപയോഗിക്കാന്‍ സാധിച്ചില്ലെന്ന നഷ്ടബോധം അദ്ദേഹത്തിനുണ്ട്. ഇപ്പോള്‍ ഭരണവിരുദ്ധ വികാരം നട്ടുച്ച പരുവത്തില്‍ കത്തിനില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി ക്കുപ്പായം പൊടിതട്ടിയെടുക്കുകയാണ്. ഇത്തവണ എല്ലാ രാഷ്ട്രീയേതര ശക്തികളുടെയും പിന്തുണ ഇമ്രാന് ഉണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് നിന്ന് നാണം കെട്ട ജമാഅത്തുകളും മറ്റ് മതാധിഷ്ഠിത അതി വൈകാരിക ഗ്രൂപ്പുകളും ഇമ്രാന്റെ കൂടെയാണ്. ശരീഫിന്റെ ഭാര്യ കടുത്ത ക്യാന്‍സര്‍ രോഗിയാണെന്ന വസ്തുത പോലും രാഷ്ട്രീയവത്കരിച്ചയാളാണ് ഇമ്രാന്‍. ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്നുവെന്ന് പറയുന്ന അവര്‍ക്ക് വലിയ അസുഖമൊന്നുമില്ലെന്നും സഹതാപ തരംഗമുണ്ടാക്കാനുള്ള പൊളിറ്റിക്കല്‍ ക്യാന്‍സര്‍ മാത്രമാണെന്നും മുന്‍ ക്യാപ്റ്റന്‍ ഗൂഗ്ലിയിറക്കുന്നു.
ഇനിയുള്ളത് ബിലാല്‍ ഭൂട്ടോ നയിക്കുന്ന പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയാണ്. രക്തസാക്ഷിയായ ഉമ്മയുടെ (ബേനസീറിന്റെ) മകനാണ്. ആ പരമ്പര്യം മാത്രം മതി ബിലാലിന് ജയിച്ചുവരാന്‍. പക്ഷേ, പിതാവിന്റെ (സര്‍ദാരി ഭൂട്ടോ) പേരുദോഷത്തിന്റെ നിഴലിലാണ് ബിലാല്‍. സ്ഥിരതയുള്ള നേതാവായി ഈ യുവാവ് ഇനിയും സ്വയം അവതരിച്ചിട്ടില്ല. നമ്മുടെ രാഹുലിന്റെ മട്ട് തന്നെ.
നവാസും മറിയമും ജയിലിലായ സ്ഥിതിക്ക് ഇമ്രാന് തന്നെയാണ് സാധ്യത. പി എം എല്‍ (എന്‍) പഞ്ചാബില്‍ മാത്രമായി ഒതുങ്ങിയേക്കും. തിരഞ്ഞെടുപ്പ് രംഗം കൂടുതല്‍ അക്രമാസക്തമാകാനിടയുണ്ട്. കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനങ്ങള്‍ ഇതാണ് കാണിക്കുന്നത്. പോളിംഗ് നന്നായി കുറയും. പക്ഷേ, നവാസും മകളും ജയിലില്‍ കഴിയേണ്ടവരല്ലെന്ന് ജനമങ്ങ് തീരുമാനിച്ചാല്‍ ചിത്രം മാറും. ജയിലില്‍ നിന്നുള്ള സന്ദേശങ്ങള്‍ക്ക് പുറത്ത് റാലിയില്‍ നല്‍കുന്നതിനേക്കാള്‍ മുഴക്കമുണ്ടാകാറുണ്ട്.