Connect with us

Gulf

അറ്റ്ലസ് രാമചന്ദ്രന്‍ തേടുന്ന വഴി

Published

|

Last Updated

അറ്റ്ലസ് രാമചന്ദ്രന്‍ പൂര്‍വാധികം ശക്തിയോടെ, സൗകുമാര്യത്തോടെ, ഊര്‍ജത്തോടെ ദുബൈയില്‍ സ്വര്‍ണവ്യാപാര രംഗത്തേക്ക് തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്ത്യക്കാരെല്ലാം. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന സന്ദേശം അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ വീണ്ടും അലയടിക്കണമെന്നു ഏവരും ആഗ്രഹിക്കുന്നു. അതിനുള്ള വഴി തെളിഞ്ഞു വരികയാണ്. തിരിച്ചടികളെ അവഗണിച്ച് പുതിയ ചുവടുവെപ്പ് നടത്തുകയാണ്. ഗള്‍ഫില്‍ വാണിജ്യ മേഖലയില്‍ കാലിടറിപ്പോയവര്‍ക്കു പ്രചോദനവും പ്രതീക്ഷയുമാകാന്‍ അദ്ദേഹത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ് പാഠമാകും. ഇരുട്ട് നിറഞ്ഞ ഗുഹയിലൂടെ പോകുമ്പോള്‍ എവിടെയോ പ്രകാശധാര ഉണ്ടെന്നു ഊട്ടിയുറപ്പിക്കും. പലരും തളരാതെ മുന്നോട്ടു പോകും.

അറ്റ്‌ലസ് രാമചന്ദ്രന്‍ എണ്‍പതുകളുടെ തുടക്കത്തില്‍ കുവൈത്തില്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. അവിടെ അദ്ദേഹം ഒരു ജ്വല്ലറി തുടങ്ങി. വ്യാപാരം പച്ചപിടിച്ചു വരുമ്പോഴാണ് യുദ്ധം. എല്ലാം ഇട്ടെറിഞ്ഞു ദുബൈയില്‍ എത്തി. 1988 മാര്‍ച്ച് 30ന് ദേര ഗോള്‍ഡ് സൂഖില്‍ ജ്വല്ലറി ആരംഭിച്ചു. കേവലം എട്ടു കിലോ സ്വര്‍ണമാണ് മൂലധനമായി ഉണ്ടായിരുന്നത്. ശുദ്ധ സ്വര്‍ണത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ ദുബൈയില്‍ എത്താന്‍ തുടങ്ങിയ കാലമായിരുന്നു. ദുബൈയുടെ കുതിപ്പ് ഒരിക്കലും അവസാനിക്കില്ലെന്നു അദ്ദേഹം തിരിച്ചറിഞ്ഞു. നൂതനമായ മാര്‍ക്കറ്റിങ് തന്ത്രങ്ങളിലൂടെ അറ്റ്‌ലസിലേക്കു ആളുകളെ ആകര്‍ഷിച്ചു. ദുബൈയുടെ വിവിധ ഭാഗങ്ങളിലേക്ക് ജ്വല്ലറി ശൃംഖല പടര്‍ത്താന്‍ അധികം വര്‍ഷം വേണ്ടി വന്നില്ല. കല, സാഹിത്യ രംഗങ്ങളിലുളള താല്പര്യം വേറെ. ബിസിനസ് വര്‍ധിപ്പിക്കാന്‍ വേണ്ടിയുള്ള ഉപാധിയായല്ല അത്തരം മേഖലകളില്‍ വ്യാപരിച്ചത്. അക്ഷരശ്ലോക മത്സരങ്ങളുടെ ആവേശം എന്നും അദ്ദേഹത്തിന്റെ ഹൃദയത്തിലുണ്ടായിരുന്നു. കുടുംബത്തില്‍ നിന്ന് കിട്ടിയതാണത്. അതിന്റെ തുടര്‍ച്ചയായി ഗള്‍ഫ് മലയാളികള്‍ക്ക് വേണ്ടി സാഹിത്യ മത്സരം സംഘടിപ്പിച്ചു. ഇടയ്ക്ക് സിനിമ നിര്‍മാണത്തിലേക്കു തിരിഞ്ഞു. അഭിനയത്തിലും ഒരു കൈനോക്കി. ഇതിനിടയില്‍ കാലിനടിയിലെ മണ്ണ് ചോര്‍ന്നു പോകുന്നത് അദ്ദേഹം അറിഞ്ഞില്ല. ബേങ്ക് ഇടപാടുകളില്‍ കൃത്യത പാലിക്കാന്‍ കഴിഞ്ഞില്ല. 3. 4 കോടി ദിര്‍ഹമിന്റെ ചെക്ക് മടങ്ങി. പതനം തുടങ്ങുന്നതിന് മുമ്പ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 48 ജ്വല്ലറികള്‍ ഉണ്ടായിരുന്നു. ആശുപത്രികളും സ്റ്റുഡിയോയും മറ്റും സ്ഥാപിച്ചിരുന്നു. ഉപ ഭോക്താക്കള്‍ക്കു നറുക്കെടുപ്പിലൂടെ കൈനിറയെ സമ്മാനങ്ങള്‍ നല്‍കിയിരുന്നു. ദുബൈ വ്യാപാരോത്സവത്തിന്റെ ഭാഗമായുള്ള സ്വര്‍ണ പ്രമോഷന്‍ പരിപാടികളില്‍ സജീവമായിരുന്നു. നാട്ടില്‍ ഭൂമി ഇടപാടുകളും.

സാമ്പത്തിക ബാധ്യത അദ്ദേഹത്തെ തടവറയില്‍ എത്തിച്ചു. മൂന്നു വര്‍ഷത്തിലധികം അഴിയാക്കുരുക്കില്‍. വേണ്ടപ്പെട്ടവര്‍ പലരും കൈയൊഴിഞ്ഞു. എങ്കിലും മനഃസ്ഥൈര്യം കൊണ്ട് പിടിച്ചു നിന്നു. ഭാര്യ ഇന്ദിര വലിയ കരുത്താണ് നല്‍കിയതെന്ന് അദ്ദേഹം പറയുന്നു. മൂന്നു വര്‍ഷത്തെ ജീവിതാനുഭവം അദ്ദേഹത്തെ കൂടുതല്‍ ഊര്‍ജസ്വലനാക്കിയിട്ടുണ്ട്. മാത്രമല്ല, ബാധ്യത തീര്‍ക്കാന്‍ ബേങ്കുകള്‍ മതിയായ സമയം അനുവദിച്ചതില്‍ ആശ്വാസമുണ്ട്. അറ്റ്ലസ് ജ്വല്ലറിയുടെ ബ്രാന്‍ഡ് മൂല്യം ഏവര്‍ക്കും അറിയാം. ഇന്ന് ദുബൈയില്‍ ഒരു ആഭരണക്കട തുറന്നാല്‍ വലിയ വിജയമാകും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഈ വര്‍ഷം തന്നെ ജ്വല്ലറി തുടങ്ങുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു. എല്ലാം നല്ല നിലയില്‍ പോകുകയാണെങ്കില്‍ രണ്ടു വര്‍ഷത്തിനകം യു എ ഇ യില്‍ മാത്രം പത്തു ശാഖകള്‍ തുറക്കാന്‍ ആകും. ചുരുങ്ങിയത് 200 കിലോ സ്വര്‍ണമാണ് ദുബൈയില്‍ ഒരു കട തുടങ്ങാന്‍ വേണ്ടത്. അഥവാ മൂന്നു കോടി ദിര്‍ഹം. അതിനു വേണ്ടിയുള്ള ധന സമാഹരണം വെല്ലുവിളിയല്ല. മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ അറ്റ്‌ലസ് ഇന്ത്യ ലിമിറ്റഡ് എന്ന പേരില്‍ വലിയ ആസ്തിയുണ്ട്. ബംഗളൂരു, താനെ എന്നിവടങ്ങളില്‍ ജ്വല്ലറികളുണ്ട്. അറ്റ്ലസ് ഫ്രാഞ്ചൈസിക്കു വേണ്ടി അദ്ദേഹത്തെ പലരും സമീപിക്കുന്നു. ദുബൈയിലെ ബാധ്യത തീര്‍ക്കാന്‍ ആറു മാസം ലഭിക്കും. “എല്ലാ ബാധ്യതകളും തീര്‍ത്തിട്ടേ ഞാന്‍ വിരമിക്കുകയുള്ളൂ “രാമചന്ദ്രന്റെ വാക്കുകള്‍ക്ക് പഴയതിനേക്കാള്‍ ദൃഢത.

ഗള്‍ഫില്‍, ജീവിതോപാധി തേടിയെത്തി, പലതും വെട്ടിപ്പിടിച്ച ശേഷം ഒരു ദിവസം കൊണ്ട് നഷ്ടപ്പെടലിലേക്കു കൂപ്പു കുത്തിയവര്‍ ധാരാളം. വിശ്വാസ് ജ്വല്ലറി, ഗോള്‍ഡന്‍ ഫോര്‍ക്ക് റെസ്റ്റോറന്റ് ശൃംഖലകള്‍ അടക്കം ധാരാളം ഉദാഹരണങ്ങള്‍. അവര്‍ക്ക് ഉയര്‍ത്തെണീക്കാന്‍ ആയില്ല.
അറ്റ്ലസ് രാമചന്ദ്രന്‍ പക്ഷേ പുതിയൊരു ചരിത്രം രചിക്കാന്‍ ഒരുങ്ങുകയാണ്. തിരിച്ചു വരാനുള്ള ശ്രമത്തില്‍ ഇന്ത്യന്‍ സമൂഹമാകെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നു.
ഗള്‍ഫില്‍ വാണിജ്യത്തില്‍ വിജയം വരിക്കുന്നത് കഠിനാദ്ധ്വാനത്തിലൂടെ. പെട്ടെന്ന് തന്നെ വ്യാപാരം അഭിവൃദ്ധിപ്പെടും. വൈവിധ്യവത്കരണത്തിനും അനേകം സാധ്യതകളുണ്ട്. രാമചന്ദ്രന്‍ ചാരത്തില്‍ നിന്ന് വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്