തിരൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് തീയിട്ടു; പതിനാറുകാരിക്ക് പൊള്ളലേറ്റു

Posted on: July 14, 2018 10:13 am | Last updated: July 14, 2018 at 1:36 pm

മലപ്പുറം: തിരൂര്‍ കൂട്ടായിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് അജ്ഞാതര്‍ തീയിട്ടു. കുറിയന്റെ പുരയ്ക്കല്‍ സൈനുദ്ദീന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന,
സൈനുദ്ദീന്റെ മകളും പ്ലസ്ടു വിദ്യാര്‍ഥിയുമായ നിഷല്‍ജക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീടിന്റെ ജനല്‍വാതിലിന് തൊട്ടടുത്ത് മണ്ണെണ്ണയൊഴിച്ച് തീ കത്തിക്കുകയായിരുന്നു. മണ്ണെണ്ണ മുറിയിലേക്ക് ഒഴുകിയതിനെ തുടര്‍ന്ന് വീട്ടിനുള്ളിലേക്ക് പടര്‍ന്നു കയറുകയായിരുന്നു. മേഖലയില്‍ സിപിഎം- ലീഗ് സംഘര്‍ഷങ്ങളെ തുടര്‍ന്ന് പ്രദേശത്ത് സമാധാന യോഗം വിളിച്ച് ചേര്‍ത്ത് പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകുകയായിരുന്നു. എന്നാല്‍, സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമാണോയെന്ന് വ്യക്തമല്ല.