Connect with us

National

വിദേശയാത്ര: മോദിയുടെ പേര് ഗിന്നസ് ബുക്കില്‍ ചേര്‍ക്കണമെന്ന് കോണ്‍ഗ്രസ്

Published

|

Last Updated

പനാജി: വിദേശ സഞ്ചാരം നടത്തി റെക്കോര്‍ഡിട്ടതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഗിന്നസ് വേള്‍ഡ്് റെക്കോര്‍ഡ്‌സില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗോവയിലെ കോണ്‍ഗ്രസ് നേതൃത്വം. ഈ ആവശ്യമുന്നയിച്ച് ഗോവ പ്രദേശ് കോണ്‍ഗ്രസ് വക്താവ് സങ്കല്‍പ്പ് അമോല്‍കര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന് രജിസ്റ്റര്‍ കത്തയച്ചു. കത്ത് ഗോവാ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നാല് വര്‍ഷം കൊണ്ട് 52 രാജ്യങ്ങളില്‍ മോദി സന്ദര്‍ശനം നടത്തിയെന്നും ഇതിനായി 355 കോടി രൂപ ചെലവഴിച്ചെന്നും കത്തില്‍ പറയുന്നു.

ലോക റെക്കോര്‍ഡ് സ്ഥാപിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നിര്‍ദേശിക്കുന്നതില്‍ ഞങ്ങള്‍ക്ക് അത്യധികം സന്തോഷമുണ്ട്. അദ്ദേഹം ഇന്ത്യയുടെ സമ്പത്ത് ശരിയായി വിനിയോഗിച്ചുകൊണ്ട് നാല് വര്‍ഷത്തിനുള്ളില്‍ 41 യാത്രകള്‍ 52 രാജ്യങ്ങളിലേക്ക് നടത്തി. അദ്ദേഹം ഇതുവരേക്കും 355,30,38,465 രൂപ ചെലവഴിച്ചു. ഇന്ത്യയുടെ ഭാവിതലമുറക്ക് അദ്ദേഹം ഒരു മാതൃകയാണ്. കാരണം ലോകത്തെ മറ്റൊരു പ്രധാനമന്ത്രിയും അവരുടെ കാലാവധിക്കുള്ളില്‍ ഇത്രയധികം വിദേശസഞ്ചാരം നടത്തിയിട്ടുണ്ടാകില്ല- കത്തില്‍ പറയുന്നു. രൂപയുടെ മൂല്യം ഒരു ഡോളറിന് 69.03 ആയതിനെ കുറിച്ചും കത്തില്‍ പരാമര്‍ശമുണ്ട്.