Connect with us

Gulf

പ്രവാസി ചിട്ടി: നോര്‍ക്ക റൂട്ട്‌സ് അംഗത്വം വേണമെന്ന നിബന്ധന പ്രയോജനം ചെയ്യില്ലെന്ന്

Published

|

Last Updated

അജ്മാന്‍: പ്രവാസി ചിട്ടിയില്‍ ചേരാന്‍ നോര്‍ക്ക അംഗത്വം വേണമെന്ന നിബന്ധന പദ്ധതിക്ക് പ്രയോജനം ചെയ്യില്ലെന്ന്് മുന്‍ നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ ഇസ്മായില്‍ റാവുത്തര്‍. ചിട്ടി അത്യാവശ്യ ഘട്ടത്തില്‍ പ്രവാസികള്‍ക്ക് എങ്ങനെ ഉപകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. പുതിയ ചിട്ടി ലാഭകരമാണോ എന്ന് സര്‍ക്കാര്‍ പൊതുജനങ്ങളോട് തുറന്ന് പറയണം. സര്‍ക്കാരിന്റെ പിന്തുണയുള്ള ചിട്ടിയില്‍ ചേരാന്‍ പ്രവാസികള്‍ക്ക് അവസരം ലഭിച്ചതിലൂടെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്ലതാണ്, പക്ഷേ, ആനുകൂല്യം ലഭിക്കുന്നതിനു തടസ്സമാകുന്ന നിബന്ധനകള്‍ അതിനകത്തുണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചു. പ്രവാസികളുടെ ആനുകൂല്യത്തിന് സര്‍ക്കാര്‍ ഉറപ്പ് നല്‍കണം. പുതിയ ചിട്ടിയില്‍ പ്രവാസികളെ പോലെ കേരളത്തിലുള്ളവര്‍ക്കും നടപ്പിലാക്കണം. പ്രവാസികളുടെ സമ്പാദ്യശീലം വളര്‍ത്താന്‍ പറ്റിയ പദ്ധതിയാണ് ചിട്ടി. ഒപ്പം നാടിന്റെ വികസനം തന്റെ കൂടി ഉത്തരവാദിത്തമാണെന്ന ബോധവും വളരും. ഗള്‍ഫ് രാജ്യങ്ങളില്‍ വ്യക്തികള്‍ നടത്തുന്ന ചിട്ടിയെ പലരും ആശ്രയിക്കാറുണ്ട്.

സമ്പാദ്യശീലത്തിനപ്പുറം പരസ്പര സഹായമായാണ് പലരും അതിനെ കാണുന്നത്. അടിയന്തര ഘട്ടങ്ങളില്‍ ഒരാള്‍ക്കു പണം ആവശ്യം വന്നാല്‍ മാനുഷിക പരിഗണനയില്‍ ലേലം വിളിയില്‍നിന്നു മറ്റു അംഗങ്ങളെല്ലാം മാറിനിന്ന് അയാള്‍ക്കു ചിട്ടിത്തുക കൊടുക്കും. അതുപോലെ അടിയന്തര ഘട്ടങ്ങളില്‍ സഹായം ലഭ്യമാക്കുന്നതിനുള്ള സംവിധാനംകൂടി ഉണ്ടായാല്‍ നല്ലതെന്നും ഇസ്മായില്‍ റാവുത്തര്‍ പറഞ്ഞു.