അവധിക്കാലം ആഘോഷിക്കാന്‍ വീട്പൂട്ടി രാജ്യം വിടുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്

Posted on: July 11, 2018 4:11 pm | Last updated: July 11, 2018 at 4:11 pm

അബുദാബി : അവധിക്കാലം ആഘോഷിക്കാന്‍ വീട് അടച്ചു പൂട്ടി രാജ്യം വിട്ട് പോകുന്നവര്‍ മുന്‍കരുതലുകള്‍
സീകരിക്കണമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി. സാമൂഹിക സുരക്ഷയുടെ ഭാഗമായി അബുദാബി പോലീസ് നവമാധ്യമങ്ങളിലൂടെ നടത്തുന്ന ബോധവത്കരണ ക്യാമ്പയിനിലാണ് മോഷ്ടാക്കളില്‍ നിന്നും തീപിടിത്തത്തില്‍ നിന്നും അവരുടെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ നടപടി സീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. സുരക്ഷിത യാത്രക്കായി വീട് അടച്ചുപൂട്ടി പുറത്ത് പോകുന്നവര്‍ വിവരം അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണം.

സ്വത്തുക്കള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് വിദേശ കാര്യ വകുപ്പുമായി ചേര്‍ന്ന് നിരവധി സുരക്ഷ പദ്ധതികള്‍ ആസൂത്രണം ചെയ്തതായി അബുദാബി പോലീസ് അറിയിച്ചു. മോഷ്ടാക്കള്‍ രക്ഷപ്പെടാതിരിക്കാന്‍ ആവശ്യമായ പ്രതിരോധ നടപടികള്‍ കൈക്കൊള്ളുന്നതിന്റെ പ്രാധാന്യം കമ്മ്യൂണിറ്റി പോലീസ് ഡയറക്ടര്‍ കേണല്‍ ഹമൂദ് സഈദ് അല്‍ അഫരി ഊന്നിപ്പറഞ്ഞു. അടച്ചു പൂട്ടിയ വീടിന്റെ സുരക്ഷ ശക്തമാക്കുന്നതിന് അബുദാബി പോലീസുമായി സഹകരിക്കണമെന്ന് അല്‍ അഫരി ആവശ്യപ്പെട്ടിരുന്നു.

വാഹനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് അലാറം സ്ഥാപിക്കുക, സ്വര്‍ണം, പണം എന്നിവ വീടുകളില്‍ സൂക്ഷിക്കാതിരിക്കുക, വീടുകളിലെ ഗ്യാസ് സിലിണ്ടറുകള്‍ സുരക്ഷിതമായ സ്ഥാനത്ത് വെക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യം വിട്ട് പോകുന്നവര്‍ അടിയന്തര സാഹചര്യങ്ങളില്‍ വിദേശകാര്യ മന്ത്രാലയവുമായും അല്ലെങ്കില്‍ യാത്രചെയ്യുന്ന രാജ്യത്തെ സ്ഥാനപതി കാര്യാലയവുമായി ബന്ധപ്പെടണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.