പാഠപുസ്തക അച്ചടി മോശമാകണമെന്നത് ആരുടെ ശാഠ്യം?

പൊതു വിദ്യാലയങ്ങള്‍ക്കായി എസ് എസ് എ അച്ചടിച്ചു നല്‍കുന്ന പാഠപുസ്തകങ്ങള്‍ക്ക് പ്രിന്റിംഗില്‍ 'നിലവാരമില്ലായ്മ' സംഭവിക്കുന്നതെന്തുകൊണ്ട്? പ്രധാനമായും കെ ബി പി എസ് ആണ് സര്‍ക്കാറിന് വേണ്ടി പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നത്. സര്‍ക്കാര്‍ പ്രസ്സിലും കുറെ അച്ചടി നടക്കുന്നു. പക്ഷേ, കടലാസിന്റെ ടെന്‍ഡര്‍ നിശ്ചയിക്കുന്നതും ലേഔട്ട് തീരുമാനിക്കുന്നതും വിദ്യാഭ്യാസ വകുപ്പിലെ അച്ചടി വിദഗ്ധര്‍ തന്നെ. ക്വാളിറ്റിയില്‍ അവര്‍ ഒത്തുകളിക്കുന്നുണ്ടോ?
Posted on: July 10, 2018 9:53 am | Last updated: July 10, 2018 at 9:53 am

ഗുണമേന്മാ വിദ്യാഭ്യാസത്തെക്കുറിച്ച് ഏറെ വാചാലമായി മുന്നേറുന്ന ഒരു സര്‍ക്കാറാണ് സംസ്ഥാനത്തുള്ളത്. വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും പൊടിപാറുന്നു. ബഹുജന പങ്കാളിത്തത്തോടെ നടക്കുന്ന സ്‌കൂള്‍ നവീകരണ ശ്രമങ്ങളും മോശമല്ല. ഫണ്ട് പല വഴികളില്‍ ഒഴുകുന്നുമുണ്ട്. എന്നിട്ടും, പൊതു വിദ്യാലയങ്ങള്‍ക്കായി എസ് എസ് എ അച്ചടിച്ചു നല്‍കുന്ന പാഠപുസ്തകങ്ങള്‍ക്ക് ‘നിലവാരമില്ലായ്മ’ സംഭവിക്കുന്നതെന്തുകൊണ്ട്?

അക്കാദമിക ഉള്ളടക്കത്തെ സംബന്ധിച്ചല്ല ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നത്. അതിന്റെ നിലവാരം പലകുറി ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. പ്രിന്റിംഗിലെ ഗുണനിലവാരമില്ലായ്മയെക്കുറിച്ചാണ് ശ്രദ്ധയില്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നത്. കോടികള്‍ നീക്കിെവച്ചിട്ടാണല്ലോ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. പാഠപുസ്തക അച്ചടിക്കു വേണ്ടി എസ് എസ് എ ഫണ്ട്, സര്‍ക്കാര്‍ വക പൊതുവിദ്യാഭ്യാസ ഫണ്ട് എന്നിവയുണ്ട്. പക്ഷേ, അത് പൂര്‍ണമായി ചെലവഴിക്കുന്നുണ്ടോ എന്ന സംശയം ബലപ്പെടുന്നു.
സൗജന്യമായി പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നുവെന്ന് അധികാരികള്‍ കൊട്ടിഘോഷിക്കാറുണ്ട്. ആ സൗജന്യം ഒരു ഔദാര്യമായി കാണുന്നതുകൊണ്ടോ; അങ്ങനെയായതിനാല്‍ വില കുറഞ്ഞ പേപ്പറില്‍ പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നതു ചോദിക്കാന്‍ ആരും തയ്യാറാകില്ലെന്ന് വിചാരിച്ചിട്ടോ ആകാം ഇങ്ങനെ സംഭവിക്കുന്നത്.

ഗുണനിലവാരമുള്ള കടലാസാണ് മുമ്പൊക്കെ ഉപയോഗിച്ചിരിക്കുന്നത്. 90 ജിഎസ് എം പേപ്പര്‍ പാഠപുസ്തകങ്ങള്‍ അച്ചടിക്കാന്‍ ഉപയോഗിക്കുന്നതായിരുന്നു പതിവ്. എന്നാല്‍, ഇപ്പോള്‍ 40-ല്‍ താഴെ നിലവാരത്തിലുള്ള കടലാസുകള്‍ ഉപയോഗിക്കുന്നതിനാല്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളുടെ അച്ചടി വളരെ ശുഷ്‌ക്കമായ രീതിയിലാണ്. രണ്ടാം തരം പാഠപുസ്തകങ്ങള്‍പോലെ ചിലതെങ്കിലും അനുഭവപ്പെടുന്നത് അതുകൊണ്ടാണ്. പല പാഠങ്ങളിലെയും ചിത്രങ്ങള്‍ അവ്യക്തം. ചില പേജുകളിലെ എഴുത്തുകള്‍ വായിക്കാന്‍ കിട്ടുന്നില്ല. ഒരു പുറത്തെ നിറം മറ്റേ പുറത്തേക്ക് പടര്‍ന്നുപിടിച്ചിട്ടുമുണ്ട്.
കെട്ടും മട്ടും ആകര്‍ഷകമാകണമെങ്കിലും കടലാസിന്റെ ‘ക്വാളിറ്റി’ പ്രധാനമാണ്. ന്യൂസ്പ്രിന്റ് ഉപയോഗിക്കുമ്പോള്‍ പ്രത്യേകിച്ചും ഏറ്റവും മികച്ച ഗുണനിലവാരമുള്ള കടലാസ് വാങ്ങി പാഠപുസ്തകങ്ങള്‍ അച്ചടിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എച്ച് ആന്റ് സി പബ്ലിഷിംഗ് ഹൗസുകള്‍പോലെയുള്ള സ്വകാര്യ പ്രസിദ്ധീകരണ വിഭാഗങ്ങള്‍ എന്തായാലും മികച്ച ഗുണനിലവാരത്തോടെയാണ് മാതൃഭാഷാ പാഠാവലിയും മറ്റുമൊക്കെ അച്ചടിക്കുന്നത്.

സ്വകാര്യ പാഠപുസ്തകങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണോ സര്‍ക്കാര്‍ പാഠപുസ്തകങ്ങളുടെ കടലാസുകള്‍ വിലകുറഞ്ഞതാക്കി മാറ്റുന്നത്? പ്രധാനമായും കെ ബി പി എസ് ആണ് സര്‍ക്കാറിന് വേണ്ടി പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നത്. സര്‍ക്കാര്‍ പ്രസ്സിലും കുറെ അച്ചടി നടക്കുന്നു. പക്ഷേ, കടലാസിന്റെ ടെന്‍ഡര്‍ നിശ്ചയിക്കുന്നതും ലേഔട്ട് തീരുമാനിക്കുന്നതും വിദ്യാഭ്യാസ വകുപ്പിലെ അച്ചടി വിദഗ്ധര്‍ തന്നെ. ക്വാളിറ്റിയില്‍ അവര്‍ ഒത്തുകളിക്കുന്നുണ്ടോ? വിലകുറഞ്ഞ പേപ്പറില്‍ പാഠപുസ്തകങ്ങള്‍ അച്ചടിക്കുമ്പോള്‍ കോടികളുടെ തിരിമറി നടക്കും. കമ്മീഷന്‍ ഇനത്തില്‍ വന്‍തുക ഇടനിലക്കാര്‍ക്ക് ലഭിക്കുകയും ചെയ്യും. അപ്പോള്‍, അച്ചടിയുടെ മറവില്‍ അങ്ങനെയൊരു കച്ചവടം നടക്കുന്നുണ്ടോ?
പാഠപുസ്തകങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ പ്രത്യേകം സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ചുമതലപ്പെട്ടവര്‍ ഗുണനിലവാരത്തില്‍ നിഷ്‌കര്‍ഷ പാലിക്കുന്നില്ലായെന്നതാണ് വസ്തുത. മാത്രവുമല്ല, എസ് എസ് എ പോലെയുള്ള ലോകബേങ്ക് പദ്ധതികളുടെ ചുമതല വഹിക്കുന്നവരാണ് പാഠപുസ്തകം അച്ചടിക്കാന്‍ മേല്‍നോട്ടം വഹിക്കുന്നതെങ്കില്‍ അഴിമതി സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. എസ് എസ് എയെക്കുറിച്ച് അഴിമതിയുടെ കേന്ദ്രം എന്ന പരാതി നേരത്തേ മുതല്‍ ഉയര്‍ന്നുവന്നിട്ടുള്ളതുമാണ്.

ഈ അധ്യയന വര്‍ഷത്തെ പാഠപുസ്തക നിര്‍മാണക്കാര്യത്തില്‍ സംഭവിച്ച പിഴവുകളെക്കുറിച്ച് സമഗ്രമായ ഒരന്വേഷണം ആവശ്യമായിരിക്കുന്നു. കേരളത്തിലെ പൊതുവിദ്യാഭ്യാസം അന്തര്‍ദേശീയ നിലവാരത്തിലേക്കുയരുന്നുവെന്ന് മേനിനടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ ശ്രദ്ധയില്‍ ഇക്കാര്യങ്ങള്‍ പെട്ടിട്ടുണ്ടോ?
പാഠപുസ്തകങ്ങള്‍ക്കായി നീക്കിവെക്കുന്ന തുക പൂര്‍ണമായി, ഏറ്റവും ഫലപ്രദമായി, വിനിയോഗിക്കാന്‍ കഴിയണം. അക്കാര്യങ്ങളില്‍ മോണിറ്ററിംഗ് ആവശ്യമാണ്. സ്വകാര്യ പുസ്തക പ്രസാധകരെ പാഠപുസ്തകങ്ങളുടെ അച്ചടി ഏല്‍പ്പിക്കാന്‍ പാടില്ലെന്ന് കഴിഞ്ഞ തവണ വിവാദമുണ്ടായ സമയത്ത് തീരുമാനിച്ചതാണ്. പക്ഷേ, ഇപ്പോള്‍ സര്‍ക്കാര്‍ പ്രസ്സില്‍ തന്നെ വിലകുറഞ്ഞ കടലാസ് ഉപയോഗിച്ച് അച്ചടി നടത്തി ഗുണമേന്മയെ പരാജയപ്പെടുത്താന്‍ ഏതോ ലോബി നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് രംഗത്തുവന്നേ മതിയാകൂ.