ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ സിബിഐ വേണ്ടെന്ന് ഹൈക്കോടതി

Posted on: July 9, 2018 3:27 pm | Last updated: July 9, 2018 at 7:57 pm

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. കേസില്‍ അന്വേഷണ ഏജന്‍സിയെ മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ ഹരജി കോടതി തള്ളിയത്. പോലീസുകാര്‍ തന്നെ പ്രതിയായ കേസില്‍ പൊലീസിന്റെ അന്വേഷണം ഫലപ്രദമാകില്ലെന്നും സിബിഐ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട ഹരജിയാണ് തള്ളിയത്.

നിലവിലെ പ്രത്യേക അന്വേഷണ സംഘം കേസ് നല്ലരീതിയില്‍ അന്വേഷിക്കുകയാണെന്നും സിബിഐ അന്വേഷണം വേണ്ടെതില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിെഎ കോടതിയെ അറിയിച്ചത്. കഴിഞ്ഞ ഏപ്രില്‍ ഒമ്പതിനാണ് വരാപ്പുഴ ദേവസ്വംപാടം ഷേണായ് പറമ്പില്‍ വീട്ടില്‍ ശ്രീജിത്ത് പൊലീസിന്റെ കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ചത്.വിധിക്കെതിരെ അപ്പീല്‍ കൊടുക്കുമെന്ന് ശ്രീജിത്തിന്റെ കുടുംബം അറിയിച്ചു