Connect with us

Kerala

പാലിലെ മായം: കുറ്റക്കാരെ 'പിടിച്ചുകെട്ടാന്‍'ക്ഷീര വകുപ്പ്‌

Published

|

Last Updated

കൊച്ചി: വിവിധ ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ത്തത് വ്യാപകമായി കണ്ടെത്തുകയും നടപടി ശക്തമാക്കുകയും ചെയ്തതിനു പിന്നാലെ പാലിലെ മായം കണ്ടെത്തുന്നതിനുള്ള കര്‍ശന നടപടികള്‍ക്ക് ക്ഷീര വകുപ്പും തയ്യാറെടുക്കുന്നു. പാലില്‍ മായം കലര്‍ത്തിയിട്ടുണ്ടോയെന്നും സൂക്ഷിപ്പ് കാലാവധി വര്‍ധിപ്പിക്കുന്നതിനായി മറ്റെന്തെങ്കിലും ഘടകങ്ങള്‍ ചേര്‍ത്തിട്ടുണ്ടോയെന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ കര്‍ശനമായി പരിശോധിക്കാനാണ് ക്ഷീര വകുപ്പിന്റെ നിര്‍ദേശം. അതിര്‍ത്തി പ്രദേശങ്ങളില്‍ കൂടുതല്‍ പാല്‍ പരിശോധനാ ലാബുകള്‍ സ്ഥാപിക്കുന്നതിനൊപ്പം മൊബൈല്‍ ലബോറട്ടറി വ്യാപകമാക്കുന്നതടക്കമുള്ള നടപടികളാണ് ക്ഷീര വകുപ്പ് നടപ്പാക്കുന്നത്.

പാല്‍ പാക്കറ്റില്‍ പറഞ്ഞിട്ടുള്ള കൊഴുപ്പിന്റെയും കൊഴുപ്പിതര ഖരപദാര്‍ഥങ്ങളുടെയും അളവ് കൃത്യമാണോ എന്ന പരിശോധനയാണ് ഇപ്പോള്‍ കാര്യമായി നടക്കുന്നത്. 3.5 ശതമാനം കൊഴുപ്പും 8.4 ശതമാനം കൊഴുപ്പിതര ഖരപദാര്‍ഥങ്ങളും ഇതിലുണ്ടാകണമെന്നാണ് കണക്ക്. കേരളത്തില്‍ കര്‍ഷകര്‍ മില്‍മക്ക് സൊസൈറ്റികളിലൂടെ സംഭരിച്ച് നല്‍കുന്ന പാലില്‍ ശരാശരി 4.3 ശതമാനം കൊഴുപ്പും 8.4 ശതമാനം കൊഴുപ്പിതര ഘടകങ്ങളുമാണുണ്ടാകുക. ഇതിനെല്ലാമപ്പുറമുള്ള വിശദ പരിശോധനക്കാണ് ക്ഷീര വകുപ്പ് സജ്ജമാകുന്നത്.
സംസ്ഥാന അതിര്‍ത്തികളില്‍ പാലക്കാട് മീനാക്ഷിപുരം, കൊല്ലത്തെ ആര്യങ്കാവ് എന്നിവിടങ്ങളിലാണ് ക്ഷീര വകുപ്പിന്റെ പരിശോധനാ ലാബുകളുള്ളത്. തിരുവനന്തപുരത്തെ പാറശ്ശാലയിലും ലാബിന്റെ പ്രവര്‍ത്തനം അടുത്ത ദിവസം തന്നെ പൂര്‍ണസജ്ജമാക്കാനും ഒരുങ്ങുകയാണ്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിദിനം 4.7 ലക്ഷം ലിറ്റര്‍ പാല്‍ ഇറക്കുമതി ചെയ്തിരുന്നുവെങ്കില്‍ 2018ല്‍ ഇതുവരെ ഇത് രണ്ട് ലക്ഷം ലിറ്ററില്‍ താഴെ മാത്രമായി ചുരുങ്ങിയെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നതെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പാലിനെത്തന്നെയാണ് ഇപ്പോഴും പല മേഖലകളും ആശ്രയിക്കുന്നത്.

മായം കലര്‍ത്തിയ പാലുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച രണ്ട് ടാങ്കറുകള്‍ കഴിഞ്ഞ മാസം കൊല്ലം തെന്മലയില്‍ പിടികൂടിയിരുന്നു. മാള്‍ട്ടോഡെക്‌സ്ട്രിന്‍ എന്ന നിരോധിത വസ്തുവാണ് പാലില്‍ ഉപയോഗിച്ചിരുന്നതെന്നാണ് അന്ന് പരിശോധനയില്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത വാഹനത്തില്‍ 8,000 ലിറ്റര്‍ പാലാണ് ഉണ്ടായിരുന്നത്. ഇത്തരത്തില്‍ ഇപ്പോഴും അധികൃതരുടെ കണ്ണുവെട്ടിച്ച് പാല്‍ എത്തുന്നുണ്ടെന്ന് തന്നെയാണ് നിഗമനം. മണിക്കൂറുകള്‍ മാത്രമേ പാല്‍ കേടുകൂടാതിരിക്കൂ. എന്നാല്‍, കിലോമീറ്ററുകള്‍ താണ്ടി എത്തുന്ന പാല്‍ ആഴ്ചകളോളം കേടുകൂടാതെയിരിക്കും. മാരകമായ രാസവസ്തുക്കളാണ് ഇതിനുപയോഗിക്കുന്നത്. ചിലതരം ഡിറ്റര്‍ജന്റുകളുടെ സാന്നിധ്യവും ഇത് കൂടാതെ വൈറ്റ് പെയിന്റ് ഉള്‍പ്പെടെയുള്ള മാരക വിഷാംശങ്ങളടങ്ങിയ വസ്തുക്കളും പാലില്‍ ചേര്‍ക്കുന്നതായി നേരത്തെ നടത്തിയ പല പരിശോധനകൡലും കണ്ടെത്തിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

പ്രാദേശികതലത്തില്‍
പരിശോധനക്ക് പരിശീലനം
പ്രാദേശികതലത്തില്‍ നിന്ന് ലഭിക്കുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനും നടപടി ഇനി മുതല്‍ കര്‍ശനമാക്കുകയാണ്. ക്ഷീരസംഘങ്ങള്‍ മുഖേനയാണ് പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നത്. ക്ഷീരസംഘങ്ങളിലെ മുഴുവന്‍ ഭരണസമിതി അംഗങ്ങള്‍ക്കും ഇക്കാര്യത്തില്‍ പരിശീലനം നല്‍കാന്‍ ക്ഷീര വികസന വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. രുന്ന ആഗസ്റ്റ് വരെയുള്ള കാലയളവില്‍ ഇത്തരത്തിലുള്ള എല്ലാ സംഘങ്ങളിലുമുള്ള ഭരണ സമിതി അംഗങ്ങള്‍ക്ക് പാല്‍ ഗുണനിലവാര പരിശീലനം നല്‍കും. ചില ജില്ലകൡ ഇതിനകം പരിശീലന പരിപാടികള്‍ തുടങ്ങിയിട്ടുണ്ട്. പാലിലെ വെള്ളത്തിന്റെ അളവ് പരിശോധിക്കുക എന്നതിനൊപ്പം അസിഡിറ്റി, കൊഴുപ്പ്, അണുനിലവാരം എന്നീ ഘടകങ്ങളെല്ലാം പരിശോധിക്കാനുള്ള ശാസ്ത്രീയ പരിശീലനമാണ് ഇവര്‍ക്ക് നല്‍കുക.
എട്ട് ലക്ഷത്തോളം കുടുംബങ്ങളാണ് ക്ഷീരമേഖലയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 3.5 ലക്ഷത്തോളം കര്‍ഷകരാണ് പ്രതിദിനം ക്ഷീര സഹകരണ സംഘങ്ങളില്‍ പാലെത്തിക്കുന്നത്. 18.19 ലക്ഷം ലിറ്റര്‍ പാലാണ് ക്ഷീരസംഘങ്ങള്‍ മുഖേന നിത്യേനയെത്തുന്നത്. ക്ഷീര സംഘങ്ങളില്‍ നിന്ന് ഏറ്റവും ശുദ്ധമായ പാല്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വിധത്തിലാണ് നടപടികള്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ക്ഷീര വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.