ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍ പിടിച്ചു നില്‍ക്കുന്നത് സന്യാസിയായിരുന്ന കോച്ചിന്റെ പിന്തുണയില്‍

Posted on: July 8, 2018 5:19 pm | Last updated: July 8, 2018 at 7:17 pm
SHARE

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയിരിക്കുന്നവരെ പുറത്ത് എത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരവെ
ചെളിയും വെള്ളവും നിറഞ്ഞ് ഇരുളടഞ്ഞ ഗുഹയില്‍ 12 കുട്ടിഫുട്‌ബോള്‍ താരങ്ങള്‍ക്ക് ഇത്രയും ദിവസം പിടിച്ച് നില്‍ക്കാന്‍ സഹായകരമായത് കൂടെയുളള പരിശീലകന്റെ സാന്നിധ്യം . സന്ന്യാസ ജീവിതം നയിച്ചിരുന്ന 25 വയസുകാരനായ ഏകാപോള്‍ ചാന്ദാവോങ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മുഴുവന്‍ സമയ സന്ന്യാസജീവിതം ഉപേക്ഷിച്ച് ഫുട്‌ബോള്‍ പരിശീലകനായത്. ജൂണ്‍ 23 ന് കുട്ടികളെ ഡോയ് നാംഗ്‌നോണ്‍ പര്‍വതത്തിലുള്ള പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനുള്ള ചുമതല വൈല്‍ഡ് ബോര്‍ഷ എന്ന ഫുട്‌ബോള്‍ ടീമിന്റെ പ്രധാന പരിശീലകനായ നോപ്പാരത്ത് കാന്‍ തവ്വോങിനായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ പ്രധാന പരിശീലകന് പോകാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്നാണ് ടീമിന്റെ സഹപരിശീലകനായ ഏകാപോള്‍ കുട്ടികളെയും കൊണ്ട് പോയത്.

 

പത്തുവയസില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ഏകാപോള്‍ ഒരു ആശ്രമത്തിലാണ് വളര്‍ന്നത്. സന്ന്യാസ ജീവിതം നയിച്ചിരുന്ന ഏകാപോള്‍ പ്രായമായ മുത്തശ്ശിയെ സഹായിക്കാനാണ് മുഴുവന്‍ സമയ സന്ന്യാസ ജീവിതം ഉപേക്ഷിച്ചത്. ഒരു ആശ്രമത്തിലെ സഹായിയായും പുതിയതായി രൂപം കൊണ്ട വൈല്‍ഡ് ബോര്‍ഷ ടീമിന്റെ പരിശീലകനായും നിത്യജീവിതം കഴിച്ച ആളായിരുന്നു ഏകാപോള്‍.
മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്ന ശീലം ഏകാപോളിന് ഇല്ലായിരുന്നു. പരിശീലനത്തില്‍ കാര്‍ക്കശ്യക്കാരനായിരുന്ന ഏകാപോള്‍ ഗുഹയില്‍ കുടുങ്ങിയപ്പോള്‍ സ്വീകരിച്ച രീതികളാണ് കുട്ടികളെ പതിനാറാം ദിവസവും പിടിച്ച് നിര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ട് .വളരെ കുറഞ്ഞ രീതിയല്‍ ഊര്‍ജം ചിലവിട്ട് കഴിയാനും ഉള്ള ഭക്ഷണവും ജലവും ടീമിലെ എല്ലാര്‍ക്കും പങ്കിട്ട് കഴിക്കാനും ആശങ്കപ്പെടാതിരിക്കാനും കുട്ടികളെ സഹായിച്ചത് ഏകാപോളിന്റെ സാന്നിധ്യമാണെന്നറിയുന്നു.
ഗുഹയ്ക്കുള്ളില്‍് കുടുങ്ങിപ്പോയ കുട്ടിതള്‍ ഭയപ്പെടാതിരിക്കാനും ആത്മ സംയമനം പുലര്‍ത്താനും സന്ന്യാസി കൂടിയായ ഏകാപോളിന്റെ സാന്നിധ്യം സഹായിക്കുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തകരും വിശദമാക്കുന്നു. ഗുഹയ്ക്കുള്ളിലെ ഓക്‌സിജന്‍ കുറച്ച് ഉപയോഗിച്ച് ജീവന്‍ നിലനിര്‍ത്താന്‍ ഏകാപോളിന്റെ ധ്യാന രീതികള്‍ ഉതകുന്നുണ്ട്. എന്നാല്‍ പതിനാറ് ദിവസം നീണ്ട ഗുഹാ ജീവിതം ഏകാപോളിനെ വല്ലാതെ തളര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്

LEAVE A REPLY

Please enter your comment!
Please enter your name here