ഭൂകമ്പ മുന്നറിയിപ്പുകള്‍ക്കായി ദുബൈ നഗരസഭയുടെ ആപ്

Posted on: July 7, 2018 7:14 pm | Last updated: July 7, 2018 at 7:14 pm
SHARE

ദുബൈ: ചെറു ഭൂകമ്പം, മറ്റ് അത്യാഹിതങ്ങള്‍ എന്നിവയുണ്ടാകുമ്പോള്‍ നേരിടുന്നതിനും ജനങ്ങളെ ഒഴിപ്പിക്കുന്ന പ്രവര്‍ത്തികള്‍ക്ക് വേഗത കൈവരിക്കുന്നതിന് വിവരങ്ങള്‍ കൈമാറുന്നതിനുമായി ദുബൈ നഗരസഭ സ്മാര്‍ട് ആപ് പുറത്തിറക്കി. ഡി ബി സേഫ്-ഒയാസിസ് പ്ലസ് എന്ന് നാമകരണം ചെയ്തിരിക്കുന്ന ആപ് ദുബൈ നഗരസഭയുടെ സര്‍വേ ഡിപാര്‍ട്‌മെന്റാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഐ ഒ എസ്, ആന്‍ഡ്രോയിഡ് സംവിധാനങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ആപ് നിലവില്‍ ഗൂഗിള്‍ പ്ലേ, ആപ്പിള്‍ സ്റ്റോര്‍ എന്നിവയില്‍ ലഭ്യമാണ്.
ഗള്‍ഫ് മേഖലയില്‍ ആദ്യത്തേതായ ആപ് അത്യാഹിതങ്ങള്‍ നേരിടുന്നതിനും ദുബൈയിലെ അംബര ചുംബികളില്‍ ഭൂകമ്പ പ്രത്യാഘാതങ്ങളെ നേരിടുന്നതിനുള്ള നടപടികള്‍ക്കും സഹായിക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. ദുബൈ സെയ്‌സ്മിക് നെറ്റ്‌വര്‍ക്കിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആപ് ജി സി സി രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഭൂകമ്പ മുന്നറിയിപ്പും സുരക്ഷാ നിര്‍ദേശങ്ങളും ഒരുക്കും.

കഴിഞ്ഞ ദിവസം മേഖലയില്‍ ചിലയിടങ്ങളിലുണ്ടായ ചെറു ഭൂകമ്പങ്ങളെ ആപ്പിലെ സര്‍വര്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ലെബനന്‍, സിറിയ, ജോര്‍ദ്ദാന്‍, ഫലസ്തീന്‍ എന്നിവിടങ്ങളിലുണ്ടായ ഭൂകമ്പങ്ങള്‍ യു എ ഇയെ ബാധിച്ചിരുന്നില്ല. തെക്കന്‍ ഇറാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളിലുണ്ടാകുന്ന ശക്തമായ ഭൂകമ്പങ്ങളും യു എ ഇയെയും ബാധിക്കുകയില്ലെങ്കിലും താമസക്കാരില്‍ ആശങ്ക ഉടലെടുക്കാറുണ്ട്. ആപിന്റെ പ്രവര്‍ത്തനത്തിലൂടെ മേഖലയിലെ ചെറു ഭൂകമ്പങ്ങളെ പോലും താമസക്കാര്‍ക്ക് പ്രത്യേക മുന്നറിയിപ്പുകളായി അറിയിക്കുന്നതിനാല്‍ ഉണ്ടാകാനിടയുള്ള അത്യാഹിതങ്ങളുടെ വ്യാപ്തിയെ കുറിച്ചും മുന്‍കൂട്ടി തയ്യാറെടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും ആപ്പ് പ്രത്യേക നിര്‍ദേശങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നു. ഇതനുസരിച്ചു താമസക്കാര്‍ക്ക് മുന്‍കൂട്ടി കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തുന്നതിന് വഴിയൊരുങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു.

ഭൂകമ്പങ്ങള്‍ക്ക് മുന്‍പും ശേഷവും കൈക്കൊള്ളേണ്ട സുരക്ഷാ മുന്‍കരുതലുകള്‍, ചലനങ്ങള്‍ ബാധിക്കുന്ന ഇടങ്ങള്‍ തുടങ്ങിയവയെ കുറിച്ച് ആപ് മുന്നറിയിപ്പ് നല്‍കുമെന്നും ദുബൈ നഗരസഭാ ജിയോടെക്റ്റിക് ആന്‍ഡ് മറൈന്‍ സര്‍വേ മേധാവി ഈമാന്‍ അല്‍ ഫലാസി പറഞ്ഞു.