Connect with us

Articles

തീവ്രവാദ സംഘടനകളും രൂപപരിണാമങ്ങളും

Published

|

Last Updated

രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയിലെ അരക്ഷിതാവസ്ഥയും അസംതൃപ്തിയും ആസൂത്രിതമായി ചൂഷണം ചെയ്ത് സമൂഹത്തില്‍ കാലുഷ്യത്തിന്റെ വിത്ത് പാകാനുള്ള ശ്രമങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പുറത്ത് മനുഷ്യാവകാശവും പരിസ്ഥിതിവാദവും ന്യൂനപക്ഷ അവകാശങ്ങളും ദളിത് പിന്നാക്ക ഐക്യവും ഫാസിസ്റ്റ്‌വിരുദ്ധതയും പ്രസംഗിക്കുമ്പോള്‍ തന്നെ അകത്ത് തീവ്രവാദവും അക്രമവും ഒരുമിച്ചുകൊണ്ടുപോകുന്ന ഇവര്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നുഴഞ്ഞു കയറാനുള്ള ശ്രമവും ആ ഘട്ടത്തില്‍ തന്നെ തുടങ്ങിയിരുന്നു.
തങ്ങളുടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പവിത്രമായ ഇസ്‌ലാം മതത്തെയും മുസ്‌ലിംകളെയും കവചമാക്കുകയായിരുന്നു ഈ കൂട്ടര്‍ ചെയ്തത്. ലോക തലത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്‌ലാമിന്റെ മുഖം കൂടുതല്‍ വികൃതമാക്കാന്‍ മാത്രമാണ് ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ നിമിത്തമായത്. ബഹുസ്വര സമൂഹത്തില്‍ മതവൈരവും ഛിദ്രതയും സൃഷിടിക്കുന്നതിന് ആസൂത്രിതമായി നീക്കം നടത്തുന്ന ഈ സംഘം കേസുകളില്‍ ഇടപെട്ടും ചെറിയ പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കിയും മതത്തിനും ഒപ്പം സമൂഹത്തിനും തീരാ തലവേദനയാകുകയാണ്.

എന്‍ ഡി എഫ് എന്ന പേരില്‍ കേരളത്തില്‍ ഉടലെടുത്ത് 25 വര്‍ഷത്തിനിടയില്‍ പല വട്ടം രൂപപരിണാമം സംഭവിച്ച് ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടി വരെയായി നിലനില്‍ക്കുന്ന കൂട്ടായ്മ ഇക്കാലയളവില്‍ സമൂഹത്തില്‍ വരുത്തിവെച്ച അസ്വാരസ്യങ്ങള്‍ ചില്ലറയല്ല. ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി സംഘടനയായിരുന്നല്ലോ നിരോധിക്കപ്പെട്ട സിമി. ആ സിമിയില്‍ നിന്ന് ബീജാവാപം ചെയ്യപ്പെട്ട ഈ സംഘടന അഭ്യസ്തവിദ്യരായ മുസ്‌ലിം യുവജനങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ദുരൂഹമായ ബഹുമുഖ അജന്‍ഡകളോടെ പ്രവര്‍ത്തിച്ചുവരുന്ന സംഘടനയുടെ നേതൃത്വം കൈയാളുന്നത് മുസ്‌ലിംകളിലെ വരേണ്യ വിഭാഗമാണ്. സംഘടനയും രൂപ പരിണാമവും പ്രവര്‍ത്തന മേഖലയുമെല്ലാം നിശ്ചയിക്കുന്നത് ഈ ഹിഡന്‍ അജന്‍കളുടെ ഭാഗമായി തന്നെയാണ്. സിമിയുടെ ഉപോത്പന്നമായി രൂപമെടുത്ത ഈ സംഘം സിമിയുടെ നിരോധത്തിന് ശേഷം പുതിയ വേഷവും ഭാവവും സ്വീകരിച്ച് 1990 കളിലാണ് കേരളത്തില്‍ വിത്തിറക്കിയത്. ആ ഘട്ടത്തില്‍ രാജ്യത്ത് മുസ്‌ലിംകള്‍ക്കിടയില്‍ നിലനിന്നിരുന്ന അസംതൃപ്തി മുതലെടുത്ത് നിലയുറപ്പിക്കുകയും ബാബരി ദുരന്തം കൃത്യമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. 1993 നവംബറില്‍ കോഴിക്കോട്ട് വെച്ച് നാഷനല്‍ ഡിഫന്‍സ് ഫോഴ്‌സ് എന്ന പേരില്‍ പ്രചാരണം തുടങ്ങിയ സംഘടന ആ കാലഘട്ടത്തില്‍ ഇടപെട്ട കേസുകളെല്ലാം വര്‍ഗീയ അസ്വാരസ്യങ്ങളിലേക്ക് നയിച്ചവയായിരുന്നു. പിന്നീട് രാജ്യം ഭീകരമായി നേരിടുന്ന ഹിന്ദുത്വ തീവ്രവാദത്തെ ചൂണ്ടിക്കാട്ടി മുസ്‌ലിം യുവാക്കളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും മുസ്‌ലിംകള്‍ക്കിടയിലെ ഭിന്നതകള്‍ അവഗണിച്ച് തങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ആഹ്വാനം ചെയ്തു. എന്നാല്‍ തുടര്‍ന്നുള്ള ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിം സമുദായത്തോട് ഇതര സമുദായങ്ങള്‍ക്കിടയില്‍ ഭീതി ജനിപ്പിക്കുന്ന തരത്തിലായിരുന്നു.

എന്താണ് ഇവരുടെ പ്രത്യയശാസ്ത്ര പരിസരം എന്ന ആലോചനകള്‍ ഇതിനിടയില്‍ ഉയര്‍ന്നുവന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ മൗദൂദിയന്‍ ആശയഗതികളും സലഫിസത്തിന്റെ ആക്രമണ സ്വഭാവവും ചേര്‍ന്ന സംയുക്തമാണ് എന്‍ ഡി എഫിന്റെ ആശയലോകമെന്ന് കേരളത്തിലെ മുസ്‌ലിം പണ്ഡിതര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കി. ഏറെ കഴിയും മുമ്പ് “പ്രതിരോധക്കാര്‍” സംഘടനയുടെ പേര് നാഷനല്‍ ഡിഫന്‍സ് ഫോഴ്‌സില്‍ നിന്ന് നാഷനല്‍ ഡവലപ്പ്‌മെന്റ് ഫ്രണ്ട് എന്ന് മാറ്റി. ആ ഘട്ടം മുതല്‍ തന്നെ കേരളത്തിലെ സുന്നി സംഘടനകള്‍ ശക്തമായി എതിര്‍ത്തുപോന്നു. ഒരു ഉപചാരമെന്ന നിലയില്‍ ചില ഘട്ടങ്ങളില്‍ എതിര്‍ത്തു എന്നു വരുത്തിയെന്നല്ലാതെ ആശയപരമായി അവരെ എതിര്‍ക്കാന്‍ സലഫി സംഘടനകള്‍ക്ക് പരിമിതികളുണ്ടായിരുന്നു. കാരണം, ആശയപരിസരം രണ്ടും ഒന്നുതന്നെയായിരുന്നു.

പേര് മാറ്റിയെങ്കിലും പ്രവര്‍ത്തന ശൈലി പഴയ പോലെ തുടര്‍ന്നു. പ്രവര്‍ത്തകരും നേതക്കളും മുപ്പതോളം കൊലപാതക കേസുകളിലും അതിലേറെ അക്രമ പ്രവര്‍ത്തനങ്ങളിലും കുറ്റാരോപിതരായി. 1995 ഡിസംബര്‍ 29ന് വാടാനപ്പള്ളിയില്‍ രാജീവനെ കൊലപ്പെടുത്തിയ സംഭവം തുടങ്ങി ഇപ്പോള്‍ മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ ക്രൂരമായ കൊലപാതകത്തിലെത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍. ഇവയിലധികവും പറയത്തക്ക കാരണങ്ങളോ സംഘര്‍ഷങ്ങളോ ഇല്ലാതെയാണെന്നത് ശ്രദ്ധേയമാണ്. മുസ്‌ലിംകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും കാവലാളാകാന്‍ എന്ന പേരില്‍ രൂപവത്കരിച്ചു എന്നു പറയുമ്പോഴും ഇവര്‍ക്കെതിരെ ഉയര്‍ന്നുവന്ന കൊലപാതക ആരോപണങ്ങളിലെ ഇരകള്‍ പകുതിയിലേറെയും ന്യൂനപക്ഷ വിഭാഗത്തില്‍/ മുസ്‌ലിംകളില്‍ പെട്ടവരായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

മുസ്‌ലിം സംഘടനകള്‍ക്കിടയിലെ ചെറിയ ഭിന്നതകള്‍ പെരുപ്പിച്ച് കാട്ടി ഇതിനെതിരെ യുവാക്കളെ സംഘടിപ്പിച്ച ഇവര്‍ പിന്നീട് ഒരു പുതിയ ഭിന്നതക്ക് കൂടിയാണ് സമുദായത്തില്‍ വഴിയൊരുക്കിയത്. ഇസ്‌ലാമിലെ ആശയ വ്യതിയാനം പ്രശ്‌നമല്ലെന്ന് പുറമെ പറഞ്ഞവര്‍ ഏറ്റവും അപകടകരവും ഭീകരവുമായ സലഫിസവും മൗദൂദിയന്‍ രാഷ്ട്ര വാദങ്ങളുമാണ് അണികളെ രഹസ്യമായി പഠിപ്പിച്ചത്. നവോത്ഥാന പ്രസ്ഥാനമെന്ന പേരില്‍ അറിയപ്പെടുകയും തീവ്രവാദ പ്രവണതകളിലേക്ക് അണികളെ നയിക്കുകയും ചെയ്ത സലഫികളാണ് വിശാല അര്‍ഥത്തില്‍ ഈ തീവ്ര സംരംഭത്തിന് കേരളത്തില്‍ വളക്കൂറുള്ള മണ്ണൊരുക്കിക്കൊടുത്തത്. ശരാശരി ഒരു മലയാളിക്ക് വിശ്വസിക്കാന്‍ പോലുമാകാത്ത വിധം ചെറുപ്പക്കാരെ വിദേശ രാജ്യങ്ങളിലേക്ക് ആടുമേക്കാനയക്കുന്ന തരത്തില്‍ ഉരുവംകൊണ്ട സലഫിസത്തിന്റെ വിചാര ധാരയില്‍ നിന്ന് തന്നെയാണ് ഇവരും ഊര്‍ജം ഉള്‍ക്കൊണ്ടത്. പാരമ്പര്യ മുസ്‌ലിംകളെയും ആശയങ്ങളെയും എന്നും ശത്രുതയോടെ കാണുകയും അവരോട് അകന്ന് നില്‍ക്കുകയും ചെയ്ത സലഫി അനുഭാവം പുലര്‍ത്തുന്നവരാണ് സംഘടനയുടെ നേതാക്കളെന്ന യാഥാര്‍ഥ്യം അണികളില്‍ ഭൂരിഭാഗം അവഗണിക്കുകയോ അവരില്‍ നിന്ന് മറച്ചുവെക്കപ്പെടുകയോ ചെയ്യുന്നു.
സിമി പലതവണ നിരോധനം നേരിടേണ്ടി വന്നപ്പോള്‍ ഇതിനെ മറികടക്കാന്‍ ഓരോ സംസ്ഥാനങ്ങളില്‍ പ്രത്യേക സംഘടനകളായി അത് പ്രച്ഛന്നവേഷമെടുത്തിരുന്നു. കേരളത്തില്‍ നാഷനല്‍ ഡിഫന്‍സ് ഫോഴ്‌സ്, കര്‍ണാടകയില്‍ ഫോറം ഫോര്‍ ഡിഗ്‌നിറ്റി, തമിഴ്‌നാട്ടില്‍ മനിതനീതി പാസറൈ, ഗോവയില്‍ സിറ്റിസണ്‍സ് ഫോറം തുടങ്ങി വിവിധ പേരുകളിലാണ് ഇവര്‍ പ്രവര്‍ത്തിച്ചത്. പിന്നീട് 2006ല്‍ സിമിയുടെ പൂര്‍ണ നിരോധനം വന്നു. ഈ ഘട്ടത്തിലാണ് ഈ സംഘടനകളെയും സമാന ചിന്താഗതിക്കാരെയും ചേര്‍ത്ത് പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനക്ക് രൂപം നല്‍കിയത്.
തുടക്കത്തില്‍ ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം ഉണ്ടായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ഇപ്പോള്‍ ഉത്തരേന്ത്യയിലടക്കം പല സംസ്ഥാനങ്ങളിലും സാന്നിധ്യമറിയിക്കാന്‍ ശ്രമിക്കുകയാണ്. ആന്ധ്രാ പ്രദേശിലെ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്, ഗോവയിലെ സിറ്റിസണ്‍സ് ഫോറം, രാജസ്ഥാനിലെ കമ്മ്യൂണിറ്റി സോഷ്യല്‍ ആന്‍ഡ് എജ്യൂക്കേഷണല്‍ സൊസൈറ്റി, പശ്ചിമ ബംഗാളിലെ നാഗരിക് അധികാര്‍ സുരക്ഷാസമിതി, മണിപ്പൂരിലെ ലൈലോങ് സോഷ്യല്‍ ഫോറം എന്നിവയും സംഘടനയോടൊപ്പം പ്രവര്‍ത്തിക്കുന്നു. ഈ സംഘടനകളുടെയും കേരളത്തിലുള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ടിന്റെയും പ്രമുഖരായ നേതാക്കളില്‍ പലരും നിരോധിക്കപ്പെട്ട സിമിയുടെ മുന്‍കാല പ്രവര്‍ത്തകരാണ്. കേരളത്തില്‍ എന്‍ ഡി എഫിന്റെ തീവ്ര സ്വഭാവം വെളിച്ചത്തുവരികയും അതേ തുടര്‍ന്ന് പ്രതിരോധത്തിലാവുകയും ചെയ്ത സമയത്താണ് സംഘടന അതിന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും വിഭജിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ പേരുമാറ്റത്തിലൂടെ നീക്കം നടത്തിയത്. തങ്ങളുടെ ഒളിയജന്‍ഡകള്‍ നടപ്പാക്കാന്‍ പോപ്പുലര്‍ ഫ്രണ്ടും ഇത്തരം നീക്കങ്ങള്‍ക്ക് രാഷ്ട്രീയ പിന്തുണയോടെ മാന്യമായ പരിവേഷം നല്‍കാന്‍ എസ് ഡി പി ഐയും രൂപവത്കരിച്ചായിരുന്നു ഈ രൂപമാറ്റം. 2009ലാണ് എസ് ഡി പി ഐ എന്ന പേരില്‍ രാഷ്ട്രീയ സംഘടന രൂപവത്കരിച്ചത്. ഇതിന് പിന്നാലെ വിമണ്‍സ് ഫ്രണ്ട് എന്ന പേരില്‍ വനിതാ സംഘടനയും ക്യാംപസ് ഫ്രണ്ട് എന്ന വിദ്യാര്‍ഥി സംഘടനയും രൂപവത്കരിച്ചു.

വര്‍ഗീയതയുടെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന തീവ്രആശയഗതിയുള്ള ചെറുപ്പക്കാരെ ഒരുമിപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് ചുരുങ്ങിയ കാലയളവില്‍ സാധിച്ചുവെന്നത് ശ്രദ്ധേയമാണ്. ഇതിനിടെ കേരളത്തില്‍ ഗള്‍ഫ് സലഫിസത്തിന്റെ സ്വാധീനം പ്രകടമായ 90കളില്‍ ഇതുവഴിയുള്ള സാമ്പത്തി സ്രേതസ്സുകള്‍ ഉപയോഗപ്പെടുത്തിക ചില സ്ഥാപനങ്ങളും പോപ്പുലര്‍ ഫ്രണ്ട് കെട്ടിപ്പൊക്കിയിരുന്നു. ഒരു വേള ചില സംഘടനകൡ നുഴഞ്ഞുകയറി ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ വരെ നടന്നെങ്കിലും ഇത് വിജയിച്ചിരുന്നില്ല.
പിന്നീട് ചില പരിസ്ഥിതി പ്രശ്‌നങ്ങളിലും ദളിത് വിഷയങ്ങളിലും സാന്നിധ്യമറിയിച്ച് പൊതുസമൂഹത്തിന്റെ മുഖ്യധാരയില്‍ ഇടം പിടിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ രാഷ്ട്രിയ പാര്‍ട്ടികളും മറ്റും അകറ്റി നിര്‍ത്തിയപ്പോള്‍ ആദിവാസി ദളിത് സംഘടനകള്‍ക്കൊപ്പം സജീവമാകാനുള്ള നീക്കങ്ങള്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായി ഇത്തരം ആക്ടിവിസ്റ്റുകളെ സംഘടനക്ക് കീഴിലുള്ള പോഷക സംഘടനകളിലും മാധ്യമ സ്ഥാപനങ്ങളിലും തിരുകിക്കയറ്റി. ഇതോടൊപ്പം കേരളത്തിലെ തീവ്ര ഇടതു സംഘടനകളുമായി ഇവര്‍ സഹകരണത്തോടെ പ്രവര്‍ത്തിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹികാംഗീകാരം നേടിക്കൊടുക്കാന്‍ ഈ രാഷ്ട്രീയചാവേര്‍ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ ചെയ്യുന്നത്. വികസനങ്ങളുടെ പേരില്‍ നടക്കുന്ന സ്ഥലമെടുപ്പ്, വന്‍കിട പദ്ധതികളുടെ പ്രവര്‍ത്തനം തുടങ്ങിയ സര്‍ക്കാര്‍ നീക്കങ്ങളെ ജനവിരുദ്ധ നീക്കങ്ങളായി അവതരിപ്പിച്ച് ജനശ്രദ്ധ നേടാനുള്ള ഇവരുടെ ശ്രമങ്ങള്‍ വേങ്ങരയിലെ ഗെയ്ല്‍ വിരുദ്ധ സമരം, പുതുവൈപ്പിന്‍ സമരം തുടങ്ങിയവയിലൂടെ കേരളം കണ്ടതാണ്. ഇതിനായി ഇത്തരം ദളിത് തീവ്രഇടത് സംഘടനകളെയാണ് പോപ്പുലര്‍ ഫ്രണ്ട് ഉപയോഗിച്ചത്.
ഇതിനിടെ കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ ക്യാമ്പുകള്‍ വഴി ഇസിലിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ടെന്നും പാനായിക്കുളം, വാഗമണ്‍ സിമി ക്യാമ്പുകള്‍, നാറാത്ത് കേസ് തുടങ്ങിയവയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സാന്നിധ്യമുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. യാഥാര്‍ഥ്യം എന്താണെങ്കിലും ഇത്തരം കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ട് സ്ഥിരമായി പ്രതിസ്ഥാനത്തു വരുന്നത് ദുരൂഹതയുണര്‍ത്തുന്നതാണ്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം