മദര്‍ തെരേസയുടെ സ്ഥാപനത്തില്‍ നിന്ന് ശിശുക്കളെ വിറ്റു; രണ്ട് പേര്‍ അറസ്റ്റില്‍

Posted on: July 6, 2018 9:58 am | Last updated: July 6, 2018 at 9:58 am
SHARE

റാഞ്ചി: നവജാത ശിശുക്കളെ വിറ്റുവെന്ന കേസില്‍ ഝാര്‍ഖണ്ഡില്‍ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയിലെ രണ്ട് കന്യാസ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡിലും ഉത്തര്‍ പ്രദേശിലുമായി ഇവര്‍ നാല് ശിശുക്കളെ വില്‍പ്പന നടത്തി എന്നാണ് പോലീസ് പറയുന്നത്. രണ്ട് കന്യാസ്ത്രീകളും അന്തര്‍സംസ്ഥാന ശിശുക്കടത്ത് സംഘത്തിലെ കണ്ണികളാണെന്നും പോലീസ് സംശയിക്കുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരാളും അറസ്റ്റിലായതായി സൂചനയുണ്ട്. രണ്ട് ജീവനക്കാരികളെ ചോദ്യം ചെയ്ത് വരികയാണ്.

ഐ പി സി 370ാം വകുപ്പ് അനുസരിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് റാഞ്ചി ഡെപ്യൂട്ടി സുപ്രണ്ട് ഓഫ് പോലീസ് ശ്യാമാനന്ദ് മണ്ടല്‍ പറഞ്ഞു. സ്ഥാപനത്തില്‍ നിന്ന് 1,40,000 രൂപ പോലീസ് പിടിച്ചെടുത്തു. റാഞ്ചി ശിശുക്ഷേമ സമിതി രജിസ്റ്റര്‍ ചെയ്ത കേസിനെ തുടര്‍ന്നാണ് പോലീസ് നടപടി. മിഷണറീസ് ഓഫ് ചാരിറ്റിയുടെ റാഞ്ചി കേന്ദ്രത്തില്‍ നിന്ന് ഇതിന് മുമ്പും കുട്ടികളെ വിറ്റതായി ആരോപണമുണ്ടായിരുന്നു. കുട്ടികളെ വില്‍ക്കാന്‍ തയ്യാറായ രക്ഷിതാക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

നാല്‍പ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ വാങ്ങിയാണ് ഇവിടെ നിന്ന് കുട്ടികളെ വില്‍ക്കുന്നതെന്ന് സംസ്ഥാന ശിശു സംരക്ഷണ സമിതി മേധാവി ആര്‍ത്തി കുജൂര്‍ പറഞ്ഞു. സ്ഥാപനത്തെ കുറിച്ച് മുമ്പും പരാതി ലഭിച്ചിട്ടുണ്ട്. ആറ് മാസമായി നിരീക്ഷിച്ചുവരികയായിരുന്നെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ മുന്ന് വര്‍ഷമായി മിഷണറീസ് ഓഫ് ചാരിറ്റിയില്‍ നിന്ന് കുട്ടികളെ ദത്ത് നല്‍കാറില്ല. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ദത്ത് നല്‍കല്‍ നിയമം അംഗീകരിക്കാന്‍ തയ്യാറാകാത്തതിനാലാണിത്. അതേസമയം, വാര്‍ത്ത ഞെട്ടലോടെയാണ് കേള്‍ക്കുന്നതെന്ന് മദര്‍ തെരേസയുടെ മൂന്നാം പിന്മുറക്കാരി സിസ്റ്റര്‍ പ്രേമ പ്രതികരിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.