Connect with us

Sports

ടിറ്റെ റൊട്ടേഷന്‍ തുടരുന്നു; ഇന്ന് ക്യാപ്റ്റന്‍ മിറാന്‍ഡ

Published

|

Last Updated

കസാന്‍: ബെല്‍ജിയത്തെ നേരിടാനുള്ള ബ്രസീല്‍ ടീമിന്റെ ക്യാപ്റ്റനായി കോച്ച് ടിറ്റെ തിരഞ്ഞെടുത്തത് ഡിഫന്‍ഡറായ മിറാന്‍ഡയെ. പരിശീലക സ്ഥാനം ഏറ്റെടുത്തത് മുതല്‍ ടിറ്റെ സ്ഥിരം ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല. ഓരോ മത്സരത്തിലും മാറിക്കൊണ്ടിരിക്കും.
ബ്രസീലിനൊപ്പം ടിറ്റെ 25 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ പതിനാറ് ക്യാപ്റ്റന്‍മാരെ അദ്ദേഹം ടീമിനുണ്ടാക്കി.
സ്ഥിരം നായകന്‍ എന്ന പദവിയില്‍ നിന്ന് സൂപ്പര്‍ താരം നെയ്മറിനെ മാറ്റിയിട്ടാണ് ടിറ്റെ റൊട്ടേഷന്‍ കൊണ്ടു വന്നത്. ഇത് ഒരു പ്രത്യേക കളിക്കാരനില്‍ ക്യാപ്റ്റന്റെ സമ്മര്‍ദം അടിഞ്ഞ് കൂടുന്നത് തടയും.

മെക്‌സിക്കോക്കെതിരെ തിയഗോ സില്‍വ ആയിരുന്നു ക്യാപ്റ്റന്‍. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ മാര്‍സലോ നയിച്ചു. ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ടിറ്റെയുടെ മഞ്ഞപ്പടയെ നയിച്ചത് മിറാന്‍ഡയാണ്. ഇന്നത്തെ മത്സരം ഉള്‍പ്പടെ അഞ്ചാം അവസരം. ലോകകപ്പ് സ്‌ക്വാഡില്‍ ഇല്ലാത്ത ഡാനി ആല്‍വസ് നാല്തവണ. തിയഗോ സില്‍വ മൂന്ന് തവണയും മാര്‍സലോ രണ്ട് തവണയും ക്യാപ്റ്റനായി.

നെയ്മര്‍ ഒരു തവണയാണ് നായകനായത്. ബ്രസീലിന്റെ ആദ്യ ഇലവനിലെ ഫാഗ്നര്‍ മാത്രമാണ് ക്യാപ്റ്റന്റെ ആംബാന്‍ഡ് ധരിക്കാത്തത്.
റെനാറ്റോ അഗസ്‌റ്റോ, ഫിലിപ് ലൂയിസ്, ഫെര്‍നാന്‍ഡീഞ്ഞോ, ഫിലിപ് കുടീഞ്ഞോ, പൗളീഞ്ഞോ, കാസിമെറോ, മാര്‍ക്വുഞ്ഞോസ്, വില്യന്‍, അലിസന്‍, ഗബ്രിയേല്‍ ജീസസ് എന്നിവരെല്ലാം ഓരോ തവണ വീതം ക്യാപ്റ്റനായി.