അബുദാബി സര്‍വകലാശാല 30 കോടി ദിര്‍ഹമില്‍ അല്‍ ഐനില്‍ ക്യാമ്പസ് സ്ഥാപിക്കും

Posted on: July 4, 2018 6:45 pm | Last updated: July 4, 2018 at 6:45 pm
SHARE
അബുദാബി സര്‍വകലാശാല അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍

അബുദാബി: അബുദാബി സര്‍വകലാശാല 30 കോടി ദിര്‍ഹം ചിലവില്‍ ഉന്നതവിദ്യാഭ്യാസ ദേശീയ തന്ത്രം 2030 ഭാഗമായി (നാഷണല്‍ സ്ട്രാറ്റജി ഫോര്‍ ഹയര്‍ എഡ്യൂക്കേഷന്‍ 2030) അല്‍ ഐനില്‍ ക്യാമ്പസ് സ്ഥാപിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
28,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് സ്ഥാപിക്കുന്ന ക്യാമ്പസ് 2019 സപ്തംബര്‍ ഒന്നിന് പൂര്‍ത്തിയാകും. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അല്‍ ഐനില്‍ പ്രവര്‍ത്തിക്കുന്ന അബുദാബി സര്‍വ്വകലാശാല പൂര്‍ണമായും പുതിയ ക്യാമ്പസിലേക്ക് മാറ്റിസ്ഥാപിക്കും. ആദ്യ ഘട്ടത്തില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ 70 ക്ലാസ്‌റൂമുകളും, ലബോറട്ടറികളും 137 ഫാക്കല്‍ട്ടിയും അഡ്മിനിസ്‌ട്രേഷന്‍ ഓഫീസുകളും ഉള്‍പ്പെടും. ജിം, ക്ലിനിക്, ഫുഡ് കോര്‍ട്ട്, ലൈബ്രറി, എല്ലാ നിലയിലും പ്രാര്‍ഥനാ മുറി എന്നിവയും കെട്ടിടത്തിലുണ്ടാകും.

ഇന്നത്തെ നാഴികക്കല്ലായ പ്രഖ്യാപനം ലോകോത്തര ദേശീയ അക്കാദമിക് സ്ഥാപനമായി അബുദാബി സര്‍വകലാശാല പദവി ഉയര്‍ത്തി, അബുദാബി സര്‍വകലാശാല ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ അലി സഈദ് ബിന്‍ ഹര്‍മ്മല്‍ അല്‍ ളാഹിരി പറഞ്ഞു.നിരവധി അന്തര്‍ദേശീയ പ്രഭാഷണങ്ങള്‍ക്ക് വേദിയാവുകയാണ് സര്‍വകലാശാല. ആധുനിക സമഗ്ര വിദ്യാഭ്യാസം സംബന്ധിച്ച് വര്‍ധിച്ചുവരുന്ന വിദ്യാര്‍ഥി ആവശ്യം നിറവേറ്റാന്‍ ലക്ഷ്യമിട്ടാണ് പുതിയ ക്യാമ്പസ് തുറക്കുന്നതെന്നും പ്രത്യേകിച്ച് ക്വച്ച് കെയര്‍ സൈറ്റിലെ ക്വസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ 2019 ഇന്റര്‍നാഷണല്‍ ഫാക്കല്‍റ്റി ഫലത്തില്‍ മൂന്നാം സ്ഥാനവും ക്യു എസ് ടോപ്പ് 50 വയസ്സിന് താഴെയുള്ള ലോകത്തിലെ മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ 150 ല്‍ 50 സ്ഥാനവും അബുദാബി സര്‍വ്വകലാശാല നേടുകയുണ്ടായി, അദ്ദേഹം വ്യക്തമാക്കി.

യു എ ഇയിലെ തൊഴില്‍ കമ്പോളത്തിന് ഒരു പ്രധാന സംഭാവനയായിട്ടാണ് സര്‍വകലാശാല പുതിയ തലമുറയെ പ്രാപ്തമാക്കുന്നത്. എമിറേറ്റ്‌സ് മാര്‍സ് മിഷന്‍, യു എ ഇ സ്ട്രാറ്റജി ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബയോടെക്‌നോളജി, ലൈഫ് സയന്‍സസ് എന്നിവയില്‍ അവരുടെ കഴിവ് തെളിയിക്കുന്നതിന് പുതിയ തലമുറയെ പ്രാപ്തരാക്കുന്നു സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
പുതിയ ക്യാമ്പസില്‍ ആദ്യഘട്ടത്തില്‍ 2500 കുട്ടികളേയും, രണ്ടാം ഘട്ടത്തില്‍ 5,000 കുട്ടികളേയും ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് അല്‍ ളാഹിരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here