സാമൂഹിക വികസന മന്ത്രാലയം റമസാന്‍ പദ്ധതികളില്‍ പങ്കാളികളായത് 30,000ത്തോളം സന്നദ്ധ സേവകര്‍

Posted on: July 4, 2018 5:15 pm | Last updated: July 4, 2018 at 5:15 pm
SHARE
സാമൂഹിക വികസന മന്ത്രാലയത്തിന്റെ റമസാന്‍ പദ്ധതികളില്‍ പങ്കാളികളായ സന്നദ്ധ സേവകര്‍

ദുബൈ: വിശുദ്ധ റമസാനില്‍ യു എ ഇ സാമൂഹിക വികസന മന്ത്രാലയം രാജ്യത്തുടനീളം നടപ്പാക്കിയ 52 പദ്ധതികളില്‍ പങ്കാളികളായത് 30,000ത്തോളം സന്നദ്ധ സേവകര്‍. ദേശീയ അജണ്ടയായ യു എ ഇ വിഷന്‍ 2021ന്റെ ലക്ഷ്യമായ, നിരാശ്രയരായ സമൂഹത്തിലെ ജനവിഭാഗത്തെ സഹായിക്കാനുള്ള പദ്ധതികളായ ഖൈറാനലഹ്‌ലിന, മസായ് അല്‍ ഖൈര്‍ തുടങ്ങിയവയാണ് റമസാനില്‍ നടപ്പാക്കിയത്.
തുടര്‍ന്നുകൊണ്ടിരിക്കുന്ന മന്ത്രാലയത്തിന്റെ വിവിധ സഹായ പദ്ധതികളുടെ രാജ്യത്തെ ഗുണഭോക്താക്കള്‍ 8,500 ആണ്. പുറമെ 500 കുടുംബങ്ങള്‍ക്ക് മിര്‍ റമസാന്‍ (റമസാന്‍ ദാനം), അനാഥര്‍ക്കും കുടുംബങ്ങള്‍ക്കുമായി 1,200 ഈദ് മീല്‍സ്, 27 കുടുംബങ്ങള്‍ക്ക് വൈദ്യുതോപകരണങ്ങളുടെ വിതരണം കൂടാതെ ജല-വൈദ്യുത ബില്‍ സൗജന്യമായി അടക്കല്‍ എന്നീ സഹായങ്ങളും നല്‍കി. താഴേക്കിടയിലുള്ള കുടുംബങ്ങള്‍ക്കും വിധവകള്‍ക്കും അര്‍ബുദ രോഗികള്‍ക്കും സകാത്ത് വിതരണവും നടത്തി.

കുടുംബങ്ങളുടെ സുസ്ഥിരത വര്‍ധിപ്പിക്കാനും സമൂഹത്തെ ശാക്തീകരിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് സാമൂഹിക വികസന മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി നാജി അല്‍ഹായ് പറഞ്ഞു. റമസാന്‍ പദ്ധതികളുടെ ഗുണം രാജ്യത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുമുള്ള 8,500 പേര്‍ക്കാണ് ലഭിച്ചത്. സാമൂഹിക ഉത്തരവാദിത്വം നിറവേറ്റാന്‍ മന്ത്രാലയവുമായി ചേര്‍ന്ന് സഹായ സഹകരണങ്ങള്‍ നല്‍കിയ എല്ലാ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും അതിയായ നന്ദി രേഖപ്പെടുത്തുന്നതായും നാജി അല്‍ഹായ് പറഞ്ഞു.
സാമൂഹിക ഐക്യവും രാജ്യത്ത് സന്തോഷവും മികച്ച ജീവിതനിലവാരവും ഉറപ്പാക്കാന്‍ യു എ ഇയുടെ പാരമ്പര്യമായ സന്നദ്ധ സേവന സംസ്‌കാരം വര്‍ധിപ്പിക്കാന്‍ ഉറച്ച തീരുമാനവുമായാണ് മന്ത്രാലയം മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
കേള്‍വി തകരാറുള്ള രാജ്യത്തെ 133 വീടുകളിലെ ആളുകള്‍ക്ക് സ്മാര്‍ട് ഉപകരണവും മന്ത്രാലയം റമസാനില്‍ നല്‍കി. പ്രായാധിക്യം ചെന്നവരെ ശുശ്രൂഷിക്കാന്‍ അജ്മാനില്‍ മൊബൈല്‍ ഹോം കെയര്‍ യൂണിറ്റും നടപ്പാക്കി. സാമൂഹിക വികസന മന്ത്രി ഹിസ്സ ബിന്‍ത് ഇസ്സ ബു ഹുമൈദിന്റെ സാന്നിധ്യത്തില്‍ അജ്മാന്‍ നഗരസഭാ ചെയര്‍മാന്‍ ശൈഖ് റാശിദ് ബിന്‍ ഹുമൈദ് അല്‍ നുഐമിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

അല്‍ ഇഹ്‌സാന്‍ ചാരിറ്റി അസോസിയേഷന്റെ റമസാന്‍ അമന്‍, കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റിയുടെയും ഡു നടപ്പാക്കിയ മവാഇദ് അല്‍ റഹ്മാന്‍ എന്നീ സന്നദ്ധ സേവന പരിപാടികളിലും മന്ത്രാലയം പങ്കാളികളായി.
താഴ്ന്ന വരുമാനക്കാര്‍ക്ക് മസായ് അല്‍ ഖൈര്‍ ഭവന അറ്റകുറ്റപ്പണി സഹായ പദ്ധതിയും റമസാനില്‍ ആരംഭിച്ചിരുന്നു. ദുബൈ നഗരസഭ, ദുബൈ ഹോള്‍ഡിംഗ് എന്നിവയുമായി ചേര്‍ന്ന് ഒരു കോടി ദിര്‍ഹമിന്റെ പദ്ധതിയാണ് നടപ്പാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here