ഉമര്‍ സുല്ലമിയേയും ജമാലുദ്ദീന്‍ ഫാറൂഖിയേയും പുറത്താക്കി; മുജാഹിദില്‍ പിളര്‍പ്പ് സമ്പൂര്‍ണം

Posted on: July 2, 2018 8:05 pm | Last updated: July 2, 2018 at 8:05 pm
സി പി ഉമര്‍ സുല്ലമി

തിരൂരങ്ങാടി: മടവൂര്‍ വിഭാഗത്തിന്റെ തലമുതിര്‍ന്ന നേതാക്കളായ സി പി ഉമര്‍ സുല്ലമിയേയും ജമാലുദ്ദീന്‍ ഫാറൂഖിയേയും മുജാഹിദ് പണ്ഡിതസഭ പുറത്താക്കി. കേരള ജംഇയ്യത്തുല്‍ ഉലമാ വര്‍ക്കിംഗ് പ്രസിഡന്റായ ഉമര്‍ സുല്ലമി, സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി എന്നിവരേയാണ് കഴിഞ്ഞ ദിവസം പുറത്താക്കിയത്.

മടവൂര്‍ വിഭാഗം സംഘടനയുണ്ടായിരുന്ന സമയത്ത് അവരുടെ കെ എന്‍ എമ്മിന്റെ പ്രസിഡന്റായിരുന്നു ഉമര്‍ സുല്ലമി. ഇരുവര്‍ക്കുമെതിരെ ശക്തമായ കരുനീക്കങ്ങള്‍ നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം നടന്ന കെ ജെ യു യോഗത്തിന് ഇവരെ വിളിച്ചിരുന്നില്ല. സുല്ലമിയെ മാറ്റിയ സ്ഥാനത്തേക്ക് മൗലവി വിഭാഗക്കാരനായ മുഹ്‌യുദ്ദീന്‍ മദീനിയെയാണ് എടുത്തിട്ടുള്ളത്. കെ എന്‍ എം ഏതാനും ദിവസം മുമ്പ് ഇറക്കിയ സര്‍ക്കുലറിന് വിരുദ്ധമായിട്ടാണത്രെ മദീനിയെ എടുത്തിട്ടുള്ളത്.

ഏതെങ്കിലും ആളുകളെ മാറ്റിനിര്‍ത്തുകയാണെങ്കില്‍ പകരം എടുക്കേണ്ടത് അദ്ദേഹത്തിന്റെ വിഭാഗത്തില്‍ പെട്ടയാളാകണമെന്നായിരുന്നു കെ എന്‍ എം സര്‍ക്കുലര്‍.
മുജാഹിദിലെ മൗലവി, മടവൂര്‍ ഗ്രൂപ്പുകള്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐക്യപ്പെട്ടിരുന്നെങ്കിലും മടവൂര്‍ വിഭാഗത്തിനെതിരെ ശക്തമായ നീക്കങ്ങളാണ് സംഘടനയില്‍ നടന്നിരുന്നത്. ഐക്യ നിബന്ധനയില്‍ പറഞ്ഞ കാര്യങ്ങളൊന്നും പാലിക്കാന്‍ മൗലവി പക്ഷം തയ്യാറായിരുന്നില്ലത്രെ. കഴിഞ്ഞ വര്‍ഷം മലപ്പുറം കൂരിയാട് നടന്ന സംസ്ഥാന സമ്മേളനത്തില്‍ മടവൂര്‍ വിഭാഗത്തെ അടുപ്പിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് മടവൂര്‍ വിഭാഗം അവരുടെ മര്‍കസുദ്ദഅ്‌വ കേന്ദ്രീകരിച്ച് എല്ലാ കീഴ്ഘടകങ്ങളും പുനഃസംഘടിപ്പിച്ചിരുന്നു. സുല്ലമിയേയും ഫാറൂഖിയേയും പുറത്താക്കിയതോടെ മടവൂര്‍ വിഭാഗക്കാരായ എല്ലാവരും ഇനി പുറത്ത് വരുമെന്നുറപ്പാണ്.