ഉപയോഗിക്കുന്നത് ഏഴ് എമിറേറ്റിലെ ഏഴ് നിറത്തിലുള്ള മണല്‍; ഏഴ് നിറങ്ങളില്‍ ചിത്രം വരച്ച് മനോജ്

Posted on: July 1, 2018 1:54 pm | Last updated: July 1, 2018 at 1:54 pm
SHARE

അബുദാബി: ഏഴ് എമിറേറ്റുകളിലെ ഏഴ് നിറമുള്ള മണലുകൊണ്ട് ചിത്രം വരച്ച് ചിത്രകലയില്‍ പുത്തന്‍ സങ്കേതമൊരുക്കുകയാണ് തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയായ മനോജ്. പെന്‍സില്‍ ഡ്രോയിങ്, ജലഛായം, എണ്ണഛായം എന്നീ മാധ്യമങ്ങളില്‍ ചിത്രം വരച്ച് കലാജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് യു.എ.ഇയിലേക്ക് ഒരു കൊല്ലം മുന്‍പ് മനോജ് വരുന്നത്. സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തുന്ന സ്ഥാപനത്തില്‍ ജോലിക്കായെത്തിയ ശേഷമാണ് ചിത്രകലയിലെ മണലെന്ന സങ്കേതത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കുന്നത്.

യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലെയും മണലിന് ഏഴ് നിറങ്ങളാണ് എന്നതായിരുന്നു അതിലേറ്റവും പ്രധാനപ്പെട്ടത്. അതിന്റെ സാധ്യതകള്‍ ആരാഞ്ഞ് എല്ലാ എമിറേറ്റുകളിലും യാത്ര തിരിച്ചു. അബുദാബിയിലെ മണ്ണിന് വെള്ള നിറമാണെന്നും ദുബൈയിലേതിന് ഇളം ചുവപ്പും ഷാര്‍ജയിലേതിന് കടും ചുവപ്പും ഫുജൈറയില്‍ കടും കറുപ്പുംഅല്‍ ഖുവൈനില്‍ ഇളം നീലയും റാസ് അല്‍ ഖൈമയില്‍ ചുവപ്പും അജ്മാനില്‍ ചാരനിറവുമാണ് മണ്ണിനെന്ന് കണ്ടെത്തി. സ്വന്തം നാടിനും സംസ്‌കൃതിക്കും അതിലെ മണ്ണിനും ഏറെ പ്രാധാന്യം നല്‍കുന്നവരുള്ള യു.എ.ഇയില്‍ മണ്ണുകൊണ്ടുള്ള ചിത്രം നിര്‍മിച്ച് വരയുടെ സാധ്യതകള്‍ ആരായുകയാണ് ഈ ചെറുപ്പക്കാരന്‍. ഏഴെമിറേറ്റുകളിലെയും മണല്‍ ശേഖരിച്ച് ഉണക്കി അരിച്ച് പശയും ചേര്‍ത്താണ് വര. യു.എ.ഇഭരണാധികാരികളുടെയും ശൈഖുമാരുടെയും പ്രധാന കെട്ടിട സമുച്ചയങ്ങളുടെയുമെല്ലാം മണല്‍ ചിത്രങ്ങള്‍ മനോജ് വരച്ചട്ടുണ്ട്. മണലുകൊണ്ടുള്ള വരയില്‍ ത്രിമാന ചിത്രങ്ങളും എളുപ്പം ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത. പ്ലൈവുഡ് ക്യാന്‍വാസാക്കിയാണ് വര. രണ്ടടി മുതല്‍ ഇരുപതടി വരെയുള്ള ക്യാന്‍വാസില്‍ മണല്‍ ചിത്രങ്ങള്‍ വരക്കാം. യു.എ.ഇയിലെ പലനിറത്തിലുള്ള മണലുകള്‍ ക്യാന്‍വാസില്‍ ചിത്രങ്ങളായി വരുന്നത് ഏറെ കൗതുകത്തോടെയാണ് പലരും നോക്കിക്കാണുന്നത്.

അബുദാബി പോലീസ്, പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ട്, ഹയര്‍ കോളേജ് ഓഫ് ടെക്നോളജി എന്നിവക്ക് വേണ്ടിയെല്ലാം പൂഴി മണലില്‍ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്്. സ്വന്തം ചിത്രം സ്വന്തം മണ്ണില്‍ വരച്ച് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് നിരവധി സ്വദേശികളാണ് മനോജിനെ തേടിയെത്തുന്നത്. ചില ചിത്രങ്ങള്‍ക്ക് പൂര്‍ണ്ണത കിട്ടാന്‍ അബുദാബിയിലെ വെള്ള മണലില്‍ നിറങ്ങള്‍ ചേര്‍ത്തും വരക്കാറുണ്ട്. മണല്‍ കൊണ്ടുള്ള ചിത്രങ്ങള്‍ക്ക് മറ്റ് മാധ്യമങ്ങളിലുള്ള ചിത്രങ്ങളേക്കാള്‍ ഈട് ലഭിക്കുമെന്ന പ്രത്യേകത കൂടിയുണ്ട്. തന്റെ പൂഴി മണല്‍ ചിത്രങ്ങളെല്ലാം ചേര്‍ത്ത് അബുദാബിയിലും ദുബൈയിലും ഒരു പ്രദര്‍ശനം നടത്തണമെന്ന സ്വപ്നവും മനോജിനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here