Connect with us

Articles

അടിയന്തരാവസ്ഥ പാഠപുസ്തകമാകുമ്പോള്‍

Published

|

Last Updated

അടിയന്തരാവസ്ഥ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണല്ലോ കേന്ദ്ര സര്‍ക്കാര്‍. അടിയന്തരാവസ്ഥ സംബന്ധിച്ച് വിമര്‍ശനങ്ങള്‍ മാത്രമാണ് പ്രചാരം നേടിയത്. അതിന്റെ മറുവശം കൂടി അറിയേണ്ടതല്ലേ?
1966ല്‍ ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ മരണത്തോടെ പ്രധാനമന്ത്രിപദത്തിനായി കോണ്‍ഗ്രസില്‍ പലരും ശ്രമിച്ചു. മൊറാര്‍ജി ദേശായി, വൈ ബി ചവാന്‍, എസ് കെ പാട്ടീല്‍, സഞ്ജീവ റെഡ്ഡി, ഗുല്‍സരിലാല്‍ നന്ദ എന്നിവരായിരുന്നു പ്രമുഖര്‍. പക്ഷേ, കോണ്‍ഗ്രസ് പ്രസിഡന്റ് കാമരാജും ഭൂരിപക്ഷം കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ഇന്ദിരാ ഗാന്ധിയെ പിന്തുണച്ചു.

കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറെ തിരഞ്ഞെടുക്കാന്‍ വോട്ടിംഗ് നടത്തി. 169നെതിരെ 355 വോട്ടുകള്‍ക്ക് ഇന്ദിര മൊറാര്‍ജിയെ തോല്‍പ്പിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിലേയും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെയും ഒരു നിര്‍ണായക വഴിത്തിരിവായി ഈ തിരഞ്ഞെടുപ്പ് മാറി. 1966 ജനുവരി 24ന് ഇന്ദിരാ ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. നെഹ്‌റു പിന്തുടര്‍ന്ന സോഷ്യലിസവും മതേതരത്വവും മുറുകെപിടിച്ച് രാഷ്ട്രത്തെ നയിക്കുമെന്ന് അവര്‍ ജനങ്ങള്‍ക്ക് ഉറപ്പുകൊടുത്തു.
1967ലെ പൊതുതിരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ട് കോണ്‍ഗ്രസിനകത്തെ ഇന്ദിരാവിരുദ്ധപക്ഷക്കാര്‍ കരുനീക്കം ആരംഭിച്ചിരുന്നു. കോണ്‍ഗ്രസിലെ മുതലാളിത്തചേരി (സിന്‍ഡിക്കേറ്റ് ചേരി) ഇന്ദിരയെ താഴെയിറക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുപോയി. 1967ലെ തിരഞ്ഞെടുപ്പില്‍ 520ല്‍ 282 സീറ്റുകള്‍ നേടി തത്കാലം ഭരണം നില നിര്‍ത്താനേ കോണ്‍ഗ്രസിന് കഴിഞ്ഞുള്ളൂ. പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധി ദേശായിയെ ഡെപ്യൂട്ടി പ്രധാനമന്ത്രിയാക്കി. ഇന്ദിരാ ഗാന്ധി സോഷ്യലിസത്തോടുള്ള കൂറു വ്യക്തമാക്കിക്കൊണ്ട് ബേങ്ക്-ഇന്‍ഷ്വറന്‍സ് ദേശസാത്കരണവും മുന്‍ രാജാക്കന്മാരുടെ പ്രിവിപേഴ്‌സ് നിര്‍ത്തലാക്കല്‍ നടപടിയും പ്രഖ്യാപിച്ചു. കാര്‍ഷികമേഖലയുടെ വികസനത്തിനായി സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. കാര്‍ഷിക-ആദായനികുതിയും ഒഴിവാക്കിയതോടെ ഇന്ത്യന്‍ കാര്‍ഷിക മേഖല കുതിച്ചുയര്‍ന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായി ഇന്ത്യ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുകയായിരുന്നു. ലോകരാഷ്ട്രങ്ങളെ അത്ഭുതപ്പെടുത്തി ഇന്ത്യ ഭക്ഷ്യോത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു.
സ്വാതന്ത്ര്യസമയത്ത് ജനസംഖ്യ 35 കോടിയായിരുന്നത് 1967 ആയപ്പോഴേക്കും 50 കോടിയോടടുത്തിരുന്നു. കോണ്‍ഗ്രസിലെ സിന്‍ഡിക്കേറ്റ് വിഭാഗത്തെ അസ്വസ്ഥരാക്കുന്ന ഭരണനേട്ടങ്ങളുമായി ഇന്ദിരാ ഗാന്ധി കുതിക്കുകയായിരുന്നു. അവരുടെ മുതലാളിത്തത്തിനെതിരെയുള്ള പോരാട്ടവും സോഷ്യലിസത്തോടുള്ള കൂറും സിന്‍ഡിക്കേറ്റ് വിഭാഗത്തെ വിഷമിപ്പിച്ചു.
ബാംഗ്ലൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗം സിന്‍ഡിക്കേറ്റ് വിഭാഗത്തിലെ പ്രമുഖനായ എന്‍ സഞ്ജീവ റെഡ്ഡിയെ പ്രസിഡന്റാക്കാന്‍ നീക്കം നടത്തി. എന്നാല്‍ രാഷ്ട്രീയരംഗത്തും ഭരണരംഗത്തും ഇന്ദിരാ ഗാന്ധി സര്‍വശക്തമായി മാറിക്കഴിഞ്ഞിരുന്നു. ബേങ്ക് ദേശസാത്കരണത്തിന് അനുകൂലമല്ലാതിരുന്ന മൊറാര്‍ജി ദേശായിയെ ധനമന്ത്രിസ്ഥാനത്ത് നിന്നു മാറ്റിയതിനെതുടര്‍ന്ന് അദ്ദേഹം ഡെപ്യൂട്ടി പ്രധാനമന്ത്രിപദം ഉപേക്ഷിച്ചു.
1969 ജൂലൈയില്‍ ഒരു ഓര്‍ഡിനന്‍സിലൂടെയാണ് ഇന്ത്യയിലെ കുത്തക മുതലാളിമാരുടെ 14 വാണിജ്യ ബേങ്കുകള്‍ ദേശസാത്കരിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു വഴിത്തിരിവായിരുന്നു ഇത്. ഇന്ത്യയിലെ സമസ്തവിഭാഗം ജനങ്ങളും (മുതലാളിമാര്‍ ഒഴികെ) അത്യാഹ്ലാദത്തോടെയാണ് ദേശസാത്കരണത്തെ വരവേറ്റത്. കോണ്‍ഗ്രസിലെ സിന്‍ഡിക്കേറ്റ് വിഭാഗത്തിന് ഏറ്റ വലിയ പ്രഹരമായിരുന്നു ബേങ്ക് ദേശസാത്കരണം. പക്ഷേ വിഷയം കോണ്‍ഗ്രസിനെ ഒരു പിളര്‍പ്പിലേക്ക് നയിച്ചു. സോവിയറ്റ് യൂനിയനുമായുള്ള അടുപ്പവും ആ വിഭാഗത്തിന് ഇഷ്ടമായിരുന്നില്ല. 1969 നവംബറില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് നിജലിംഗപ്പ ഇന്ദിരയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. പാര്‍ലിമെന്റിന്റെ ഇരുസഭകളിലും ഇന്ദിരാപക്ഷത്തിന് ഭൂരിപക്ഷം നഷ്ടമായി. പക്ഷേ സി പി ഐയും പ്രാദേശിക പാര്‍ട്ടികളും സ്വതന്ത്രന്മാരും ഇന്ദിരയെ പിന്തുണച്ചതോടെ ഭരണം നിലനിര്‍ത്താന്‍ സാധിച്ചു. മുന്‍ നാട്ടുരാജാക്കന്മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിവന്നിരുന്ന പണമായിരുന്നു പ്രിവിപേഴ്‌സ്. ഏകദേശം 280ഓളം നാട്ടുരാജാക്കന്മാര്‍ക്ക് സര്‍ക്കാര്‍ ഇങ്ങനെ പണം നല്‍കിയിരുന്നു. ഭീമമായ സംഖ്യ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ഇതിനായി ചെലവായി. ഏറ്റവും വലിയ സംഖ്യ ലഭിച്ചിരുന്നത് മൈസൂര്‍ മഹാരാജാവിനായിരുന്നു (3 ലക്ഷം ഡോളര്‍). ഈ പണം നികുതി രഹിതവുമായിരുന്നു. പക്ഷേ ബേങ്ക് ദേശസാത്കരണവും പ്രിവിപേഴ്‌സ് നിര്‍ത്തലാക്കിയ ഉത്തരവും സുപ്രീംകോടതി തടഞ്ഞു. രണ്ടു സുപ്രധാന ഭരണനേട്ടങ്ങള്‍ കോടതി തടഞ്ഞെങ്കിലും ഇന്ദിര പതറിയില്ല. ഭൂരിപക്ഷമുള്ള ഒരു പാര്‍ലിമെന്റ് ലക്ഷ്യംവെച്ച് പൊതുതിരഞ്ഞെടുപ്പ് ഒരു വര്‍ഷം നേരത്തെ നടത്താന്‍ തീരുമാനിച്ചു.
അഞ്ചാമത്തെ പൊതുതെരഞ്ഞെടുപ്പ് 1971 മാര്‍ച്ചില്‍ നടന്നു. ഇന്ദിരാഗാന്ധിക്കും കോണ്‍ഗ്രസിനും എതിരെ വിശാലപ്രതിപക്ഷ സഖ്യം രൂപമെടുത്തു. ആദര്‍ശങ്ങളെല്ലാം കാറ്റില്‍പറത്തി സംഘടനാ കോണ്‍ഗ്രസും സോഷ്യലിസ്റ്റ് പാര്‍ട്ടികളും ജനസംഘവുമായി കൈകോര്‍ത്തു. “ഇന്ദിരാ ഹഠാവൊ” എന്നതായിരുന്നു അവരുടെ മുദ്രാവാക്യം.”ഗരീബി ഹഠാവൊ” എന്ന മുദ്രാവാക്യം ഉയര്‍ത്തി ഇന്ദിര തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങി. രാജ്യം മുഴുവന്‍ സഞ്ചരിച്ച് ഇന്ദിര ജനങ്ങളെ അഭിസംബോധന ചെയ്തു. പട്ടിണി തുടച്ചുനീക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും ജനങ്ങളുടെ വിധി അഭ്യര്‍ഥിച്ചു. അവര്‍ തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം സമ്മാനിച്ചു. 325 സീറ്റുകള്‍ നേടി ലോക്‌സഭയില്‍ മികച്ച ഭൂരിപക്ഷം നേടി. 1967-ല്‍ അവിഭക്ത കോണ്‍ഗ്രസിന് ലഭിച്ചതിനേക്കാള്‍ വമ്പിച്ച ഭൂരിപക്ഷം ഇന്ദിരാ ഗാന്ധിക്കും കോണ്‍ഗ്രസിനും കിട്ടി.
1971ലെ തിരഞ്ഞെടുപ്പില്‍ ഇന്ദിരാജിയോട് തോറ്റ രാജ്‌നാരായണന്‍ നല്‍കിയ തിരഞ്ഞെടുപ്പ് കേസിന്റെ വിധി വന്നത് 1975 ജൂണ്‍ 12നാണ്. തിരഞ്ഞെടുപ്പ് വിധി ഇന്ദിരക്ക് എതിരായിരുന്നു. ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും സ്ഥാനം വഹിക്കുകയോ അതിന് മത്സരിക്കുകയോ ചെയ്യരുതെന്നായിരുന്നു വിധി. പ്രചാരണസമയത്ത് സ്റ്റേജ് കെട്ടാനും മറ്റും ഉദ്യോഗസ്ഥര്‍ സഹായിച്ചുവെന്നതായിരുന്നു കോടതി കണ്ടെത്തിയ കാര്യം. ഇത് തിരഞ്ഞെടുപ്പിലെ അനൗചിത്യമായാണ് കോടതി നിരീക്ഷിച്ചത്. ഒരു തിരഞ്ഞെടുപ്പ് ഫലത്തെ സാരമായി ബാധിക്കുന്ന കള്ളവോട്ടോ, ബൂത്ത് കൈയേറ്റമോ, ഒന്നും സംഭവിച്ചിരുന്നില്ല. ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം ഇന്ദിരാജിക്കുണ്ടായിരുന്നു.
കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും നേതാക്കളും അധികാരത്തില്‍ തുടരാന്‍ ഇന്ദിരാ ഗാന്ധിയോട് ആവശ്യപ്പെട്ടു.

ഭരണഘടനാവിദഗ്ധരുടെ അഭിപ്രായം തേടിയശേഷം സുപ്രീംകോടതില്‍ അപ്പീല്‍ ഫയല്‍ചെയ്തു. വെക്കേഷന്‍ ജഡ്ജി ആയിരുന്ന വി ആര്‍ കൃഷ്ണയ്യര്‍ ഇന്ദിര കോടതിയുടെ അവധി കഴിയുന്നത് വരെ രാജിവെക്കേണ്ടതില്ലെന്നും പാര്‍ലിമെന്റില്‍ വോട്ട് ചെയ്യരുതെന്നും വിധിച്ചു. കോടതി വിധി പ്രതിപക്ഷത്തിന് ആവേശമായി. കോണ്‍ഗ്രസിലെ മുന്‍ സിന്‍ഡിക്കേറ്റ് വിഭാഗവും സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാരും അവസരം പ്രയോജനപ്പെടുത്തി. ജയപ്രകാശ് നാരായണന്റെയും മൊറാര്‍ജി ദേശായിയുടെയും നേതൃത്വത്തില്‍ രാജ്യത്താകമാനം പ്രതിഷേധ റാലികള്‍ അരങ്ങേറി.
1975 ജൂണ്‍ 25ന് ജയപ്രകാശ് നാരായണനും മൊറാര്‍ജി ദേശായിയും ഡല്‍ഹിയില്‍ ഒരു പൊതുയോഗത്തില്‍ പോലീസിനോടും, പട്ടാളത്തോടും സര്‍ക്കാര്‍ ഉത്തരവുകള്‍ അനുസരിക്കരുതെന്ന് ആഹ്വാനം ചെയ്തു. ഇതിനെ കോണ്‍ഗ്രസും സര്‍ക്കാറും ഇന്ദിരാഗാന്ധിയും വളരെ ഗൗരവത്തോടെയാണ് കണ്ടത്. അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധാര്‍ഥ ശങ്കര്‍ റേ ഇന്ദിരാ ഗാന്ധിയെ സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തി. ഭരണഘടനാ വിദഗ്ധനായിരുന്നു സിദ്ധാര്‍ഥ ശങ്കര്‍ റേ. ഭരണഘടനയുടെ 352-ാം വകുപ്പ് പ്രകാരം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാവുന്നതാണ്.

ഇന്ത്യയുടെ സുരക്ഷിതത്വത്തെ അടിസ്ഥാനമാക്കി ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്ത് യുദ്ധമോ പുറത്ത് നിന്നുള്ള ആക്രമണമോ ആഭ്യന്തര കലാപമോ ഉണ്ടെന്ന് ബോധ്യമായാല്‍ രാഷ്ട്രപതിക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം. യുദ്ധമോ ബാഹ്യാക്രമണങ്ങളോ ആഭ്യന്തരകലാപമോ ഉണ്ടാകുന്നതിന് മുമ്പും ആപത്ശങ്ക രാഷ്ട്രപതിക്ക് ബോധ്യമായാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം.
പ്രക്ഷോഭങ്ങള്‍ പല സംസ്ഥാനങ്ങളിലും രൂക്ഷമായിരുന്നു. പ്രത്യേകിച്ച് ബിഹാര്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍. വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിനിറങ്ങിയതോടെ അസ്വസ്ഥതകള്‍ വ്യാപകമായി. ഈയൊരു സാഹചര്യത്തിലാണ് പോലീസിനോടും പട്ടാളത്തോടും സര്‍ക്കാറിനെ അനുസരിക്കരുതെന്ന് പ്രതിപക്ഷനേതാക്കള്‍ ആഹ്വാനം ചെയ്യുന്നത്. ഇവരോട് സര്‍ക്കാറിനെ അനുസരിക്കരുതെന്ന് ആഹ്വാനം ചെയ്താല്‍ അത് രാജ്യത്ത് ഭരണസ്തംഭനവും അരാജകത്വവും സൃഷ്ടിക്കാനുള്ള ആഹ്വാനമായേ കാണാന്‍ സാധിക്കൂ. അത് രാജ്യത്തിനെതിരെയുള്ള യുദ്ധമായും വ്യാഖ്യാനിക്കപ്പെടാം. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതിയോട് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടതും 1975 ജൂണ്‍ 26ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും.

സ്വാതന്ത്രലബ്ധിക്കു ശേഷം ചരിത്രത്തിലാധ്യമായി രൂപയുടെ മൂല്യമുയര്‍ന്നത് അടിയന്തരാവസ്ഥക്കാലത്താണ്. ത്പാദനം വര്‍ധിക്കുകയും കയറ്റുമതി വര്‍ധിക്കുകയും ഇറക്കുമതി കുറയുകയും ചെയ്ത അവസ്ഥ രാജ്യത്ത് ഉണ്ടായി. രാജ്യം മെച്ചപ്പെട്ട സാമ്പത്തികനിലയിലെത്തി. കള്ളക്കടത്ത്, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, മായംചേര്‍ക്കല്‍ തുടങ്ങിയവയെല്ലാം അപ്രത്യക്ഷമായി. വിദ്യാലയങ്ങളിലും തൊഴില്‍ശാലകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഒരു പ്രവൃത്തി ദിവസം പോലും നഷ്ടപ്പെട്ടില്ല. വിലക്കയറ്റം പാടേ ഇല്ലാതായി. നിത്യോപയോഗസാധനങ്ങള്‍ സാധാരണക്കാരന് മിതമായ നിരക്കില്‍ ലഭ്യമായി.
1975 ജൂണ്‍ 25 മുതല്‍ 1977 മാര്‍ച്ച് 21 വരെ നിലനിന്ന 21 മാസത്തെ അടിയന്തരാവസ്ഥയുടെ മറവില്‍ പോലീസ് അതിക്രമങ്ങളും അധികാരദുര്‍വിനിയോഗവും ധാരാളമായുണ്ടായി. പോലീസ്, സിവില്‍ ഉദ്യോഗസ്ഥരുടെ അധികാരദുര്‍വിനിയോഗം ജനങ്ങള്‍ക്ക് ദുരിതങ്ങള്‍ സമ്മാനിച്ചു. ഇത് ഇന്ദിരാഗാന്ധി അറിഞ്ഞിരുന്നത് അടിയന്തരാവസ്ഥ പിന്‍വലിച്ചതിനുശേഷമായിരുന്നു. ഈ ദുരിതങ്ങളില്‍ ഇന്ദിരാ ഗാന്ധി തന്നെ ഖേദപ്രകടനം നടത്തിയിരുന്നു. തടവിലാക്കപ്പെട്ടിരുന്ന രാഷ്ട്രീയ നേതാക്കളെ വിട്ടയച്ചതും അടിയന്തരാവസ്ഥ പിന്‍വലിച്ചതും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും ഇന്ദിരാഗാന്ധി തന്നെയായിരുന്നു. രാജ്യം കൈവരിച്ച സാമ്പത്തിക നേട്ടങ്ങളും മറ്റും അടിയന്തരാവസ്ഥയില്‍ അരങ്ങേറിയ ക്രൂരതകള്‍ക്ക് മുന്നില്‍ നിഷ്പ്രഭമായിപ്പോവുകയാണുണ്ടായത്.
ഇന്ത്യന്‍ ഭരണഘടന നിലവില്‍വന്ന് 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മതേതരത്വം, സോഷ്യലിസം, അഖണ്ഡത എന്നീ വാക്കുകള്‍ ഭരണഘടനയില്‍ വരുന്നത്. അതും അടിയന്തരാവസ്ഥാ കാലത്ത്. മതേതരത്വം നിലനിര്‍ത്താന്‍ വേണ്ടിയുള്ള മുറവിളിയാണ് ഇന്നീ രാജ്യത്ത് ഏറ്റവുമധികം ഉയരുന്നതും. രാജ്യത്തിന്റെ നിലനില്‍പ്പിനെ ശക്തിപ്പെടുത്തിയ ഭരണഘടനാ ഭേദഗതികളാണ് 1976ലെ 42-ാം ഭരണഘടനാഭേദഗതി. മതനിരപേക്ഷ കക്ഷികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പിടിവള്ളിയാണ് ഈ ഭേദഗതി. അതേ സമയം ഫാസിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ തലവേദനയും. ഇന്ത്യ ഒരു മതാധിഷ്ഠിത രാഷ്ട്രമാകാതിരിക്കാനും മുതലാളിത്ത രാഷ്ട്രമാകാതിരിക്കാനും കാരണം 1976ലെ ഭരണഘടനാഭേദഗതിയാണ്. പ്രധാനമന്ത്രിയെന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും ഇന്ദിരാഗാന്ധി ഈ രാജ്യത്തിന് നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനയാണത്.

സമാനതകളില്ലാത്ത ക്രൂരതകള്‍ക്കും പീഡനങ്ങള്‍ക്കും സ്വതന്ത്ര ഭാരതം സാക്ഷ്യം വഹിച്ചത് 2002ലെ ഗുജറാത്ത് വംശഹത്യയിലാണ്. നരേന്ദ്രമോദിയും അമിത് ഷായും ഗുജറാത്തിലും എ ബി വാജ്‌പേയി കേന്ദ്രത്തിലും അധികാരത്തില്‍ ഉള്ളപ്പോഴാണ് ഗുജറാത്ത് വംശഹത്യ. ഗോധ്ര കൂട്ടക്കൊല, ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊല, ബെസ്റ്റ് ബേക്കറി കൂട്ടക്കൊല, നരോദപാട്യ കൂട്ടക്കൊല, സര്‍ദാര്‍പൂര്‍ കൂട്ടക്കൊല, എന്നിവയില്‍ ജനങ്ങളെ ജീവനോടെ ചുട്ടെരിക്കുകയായിരുന്നു. പെണ്‍കുട്ടികളേയും സ്ത്രീകളേയും കൂട്ട മാനഭംഗത്തിനിരയാക്കി പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. 2002ല്‍ ഗുജറാത്തില്‍ കൗസര്‍ബാനുവും 2018ല്‍ കശ്മീരിലെ കഠുവ ബാലികയും കൊടുംക്രൂരതയക്ക് ഇരയായി. ജനതാ ഭരണകാലത്തെ ഏറ്റവും ക്രൂരമായ സംഭവമായിരുന്നു ബിഹാറിലെ ബല്‍ചിയിലെ ഹരിജനങ്ങളുടെ കൂട്ടക്കൊല. അതുപോലെ ജനതാഭരണത്തില്‍ ഉത്തര്‍പ്രദേശിലെ പാന്ത് നഗറിലെ വെടിവെപ്പില്‍ 80ലധികം തൊഴിലാളികള്‍ മരണപ്പെട്ടു. കൂലിചോദിച്ചതിനാലായിരുന്നു വെടിവെപ്പ്. ഇത്തരത്തിലുള്ള ക്രൂരതകളൊന്നും തന്നെ അടിയന്തരാവസ്ഥയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Latest